കൊച്ചി
നൈജീരിയയിൽ തടവിലാക്കിയ കപ്പലിലെ നാവികർ 10 മാസത്തെ ആശങ്കയും അനിശ്ചിതത്വവും അവസാനിപ്പിച്ച് ജന്മനാട്ടിൽ തിരിച്ചെത്തി. നൈജീരിയൻ നാവികസേന പിടികൂടിയ ‘എംടി ഹീറോയിക് ഐഡുൻ’ ക്രൂഡ് ഓയിൽ ടാങ്കറിലെ മൂന്നു മലയാളികളാണ് ശനി ഉച്ചയോടെ കേരളത്തിലെത്തിയത്. കപ്പലിലെ വാട്ടർമാൻ എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, ചീഫ് ഓഫീസർ കടവന്ത്രയിൽ താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വി വിജിത് എന്നിവർ ശനി പകൽ 1.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽനിന്ന് ഇന്ത്യൻ സമയം വെള്ളി വൈകിട്ട് 4.30ന് എമിറേറ്റ്സ് വിമാനത്തിലാണ് ഇവർ പുറപ്പെട്ടത്. ശനി പുലർച്ചെ ദുബായിലും അവിടെനിന്ന് ബംഗളൂരു വഴി കൊച്ചിയിലുമെത്തി. മൂവരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വിമാനത്താവളത്തിൽ സ്നേഹോഷ്മളസ്വീകരണം ഒരുക്കി. ഹൈബി ഈഡൻ എംപി, അൻവർ സാദത്ത് എംഎൽഎ എന്നിവരും നാവികരെ സ്വീകരിക്കാനെത്തി. തങ്ങളുടെ മോചനത്തിനായി പരിശ്രമിച്ചവരോട് നന്ദിയും കടപ്പാടുമുണ്ടെന്ന് മൂവരും മാധ്യമങ്ങളോട് പറഞ്ഞു.
ജീവനക്കാരെ മോചിപ്പിക്കാനുള്ള പിഴത്തുക കപ്പൽ കമ്പനി നൈജീരിയൻ കോടതിയിൽ അടച്ചതോടെയാണ് നടപടി വേഗത്തിലായത്. തുടർന്ന് നൈജീരിയൻ സർക്കാരിന്റെ അനുമതി ലഭിച്ചതോടെ മോചനം സാധ്യമായി. സംസ്ഥാന സർക്കാരിന്റെയും നോർക്ക റൂട്ട്സിന്റെയും ഇടപെടലുകൾ നടപടികൾക്ക് വേഗംകൂട്ടി.
‘എംടി ഹീറോയിക് ഐഡുൻ’ എന്ന നെതർലൻഡ്സ് കപ്പൽ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞവർഷം ആഗസ്ത് ഒമ്പതിനാണ് ഇക്വിറ്റോറിയൽ ഗിനി സേന തടഞ്ഞത്. ഗിനി സർക്കാരിന് മോചനദ്രവ്യമായി വൻതുക നൽകിയെങ്കിലും കപ്പൽ വിട്ടുകൊടുത്തില്ല. ഈ സമയത്ത് കപ്പൽ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് കപ്പലിലെ നാവികരെ നൈജീരിയ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.