ഇസ്താംബുൾ> ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം. ഇന്റർ മിലാനെ ഒരു ഗോളിന് തോൽപ്പിച്ചാണ് സിറ്റി ആദ്യമായി ചാമ്പ്യൻസ് ലീഗിൽ ജേതാക്കളായത്. രണ്ടാംപകുതിയിൽ റോഡ്രി സിറ്റിയുടെ വിജയഗോൾ നേടി. ഇതോടെ ഈ സീസണിൽ പെപ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും മൂന്ന് കിരീടമായി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ സിറ്റി, എഫ് എ കപ്പിലും ജേതാക്കളായി.
സിറ്റിക്ക് കടുത്ത പരീക്ഷണമാണ് ഇന്റർ നൽകിയത്. ഇതിനിടെ മധ്യനിരതാരം കെവിൻ ഡി ബ്രയ്ൻ പരിക്കേറ്റ് മടങ്ങിയതും ഇംഗ്ലീഷ് ക്ലബ്ബിന് തിരിച്ചടിയായി. 68–-ാം മിനിറ്റിൽ മാനുവൽ അക്കാഞ്ഞിയും ബെർണാഡോ സിൽവയും നടത്തിയ നീക്കത്തിനൊടുവിലാണ് റോഡ്രി ലക്ഷ്യം കണ്ടത്. പിന്നാലെ ഇന്ററിന് മികച്ച അവസരം കിട്ടി. ഡിമാർക്കോയുടെ ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. തൊട്ടടുത്ത നിമിഷം ഡിമാർകോയുടെ അടി സഹതാരം റൊമേലു ലുക്കാക്കുവിന്റെ കാലിൽതട്ടി മടങ്ങി. കളിയുടെ അവസാന നിമിഷം ലുക്കാക്കുവിന്റെ ഹെഡർ സിറ്റി ഗോൾ കീപ്പർ എഡേഴ്സന്റെ കാലിൽത്തട്ടിത്തെറിച്ചു.