ഓവൽ
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ചെറുത്തുനിൽപ്പ് 296 റണ്ണിൽ അവസാനിച്ചു. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ മൂന്നാംദിനം ഓസീസ് വീണ്ടും റണ്ണുയർത്തുകയാണ്. രണ്ടാംഇന്നിങ്സിൽ 44 ഓവർ നേരിട്ട അവർ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റണ്ണാണ് നേടിയത്. 296 റൺ ലീഡായി. ഒന്നാംഇന്നിങ്സിൽ 173 റൺ ലീഡുണ്ടായിരുന്നു. അജിൻക്യ രഹാനെയുടെയും (89) ശാർദുൽ ഠാക്കൂറിന്റെയും (51) പോരാട്ടമാണ് ഫോളോ ഓൺ വഴങ്ങുന്നതിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത്.
സ്കോർ: ഓസ്ട്രേലിയ 469, 4–123; ഇന്ത്യ 296
മൂന്നാംദിനം 5–-151 റണ്ണെന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. രണ്ടാംപന്തിൽതന്നെ ആദ്യ പ്രഹരംകിട്ടി. അഞ്ച് റണ്ണെടുത്ത വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് സ്കോട് ബോളണ്ടിന്റെ പന്തിൽ കുറ്റിതെറിച്ച് പുറത്ത്. സ്കോർ 6–-152. ഫോളോ ഓൺ ഭീഷണി മുന്നിൽ. അവിടെ രഹാനെയും ശാർദുലും ഒത്തുചേർന്നു. ബൗൺസറുകളുമായാണ് ഓസീസ് പേസർമാർ ശാർദുലിനെ വരവേറ്റത്. പക്ഷേ, ഓൾ റൗണ്ടർ തളർന്നില്ല. രഹാനെയും ഭയന്നുനിന്നില്ല, ആക്രമിച്ചുകളിച്ചു. രണ്ടുവർഷംമുമ്പ് ടീമിൽനിന്ന് പുറത്തായ മുംബൈക്കാരൻ പോരാട്ടവീര്യം അവസാനിച്ചില്ലെന്ന് തെളിയിക്കുകയായിരുന്നു. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റണ്ണും തികച്ചു.
ഓസീസ് ഫീൽഡർമാർ കളത്തിൽ അലസത കാട്ടിയതിന്റെ ഗുണവും രഹാനെ–-ശാർദുൽ സഖ്യത്തിന് കിട്ടി. മൂന്ന് ക്യാച്ചുകളാണ് ഫീൽഡർമാർ പാഴാക്കിയത്. ശാർദുലിനെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വിക്കറ്റിനുമുന്നിൽ കുരുക്കിയെങ്കിലും നോബോളായി. ആദ്യദിനം രഹാനെയെ പുറത്താക്കിയപ്പോഴും കമ്മിൻസിനെ നോബോൾ തടയുകയായിരുന്നു.
ഈ സഖ്യം 145 പന്തിൽ 109 റണ്ണാണ് കൂട്ടിച്ചേർത്തത്. ഫോളോ ഓൺ ഭീഷണി ഒഴിവാക്കുകയും ചെയ്തു. കമ്മിൻസിന്റെ പന്തിൽ കാമറൂൺ ഗ്രീൻ തകർപ്പൻ ക്യാച്ചെടുത്താണ് രഹാനെയെ മടക്കിയത്. ഒരു സിക്സറും 11 ഫോറുമായിരുന്നു ഈ വലംകൈയൻ ബാറ്ററുടെ ഇന്നിങ്സിൽ. സെഞ്ചുറിക്ക് 11 റണ്ണകലെവച്ചായിരുന്നു മടക്കം.
image credit icc twitter
ഓവലിൽ തുടർച്ചയായി മൂന്നാംഅരസെഞ്ചുറി കുറിച്ച ശാർദുൽ ഗ്രീനിനുമുന്നിൽ വീണു. ആറ് ഫോറുകൾ ഈ ഓൾ റൗണ്ടറുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. വാലറ്റത്തെ വേഗം തീർത്ത് ഓസീസ് രണ്ടാംഇന്നിങ്സ് തുടങ്ങി. രണ്ട് ഫോറുകൾ പായിച്ച് മുഹമ്മദ് ഷമി (13) ലീഡ് കുറയ്ക്കാൻ ശ്രമിച്ചെങ്കിലും മിച്ചെൽ സ്റ്റാർക്കിന്റെ പന്തിൽ അവസാനിക്കുകയായിരുന്നു. കമ്മിൻസ് മൂന്ന് വിക്കറ്റെടുത്തു. സ്റ്റാർക്, ബോളണ്ട്, ഗ്രീൻ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി.
ഓപ്പണർമാരായ ഡേവിഡ് വാർണറെയും (1) ഉസ്മാൻ ഖവാജയെയും (13) വേഗത്തിൽ നഷ്ടമായെങ്കിലും ഓസീസിന് തിരിച്ചടിയായില്ല. ഒന്നാം ഇന്നിങ്സിലെ സെഞ്ചുറിക്കാരായ സ്റ്റീവ് സ്മിത്തിനെയും (34) ട്രവിസ് ഹെഡിനെയും (18) രവീന്ദ്ര ജഡേജ പുറത്താക്കി. മുഹമ്മദ് സിറാജിനും ഉമേഷ് യാദവിനുമാണ് മറ്റ് വിക്കറ്റുകൾ.മാർണസ് ലബുഷെയ്ൻ 41 റണ്ണുമായി ക്രീസിലുണ്ട്. ഏഴ് റണ്ണുമായി ഗ്രീനാണ് കൂട്ട്.