ചോറ്റാനിക്കര > കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ ചോറ്റാനിക്കര കുരീക്കാട് ‘രശ്മി’യിൽ ജോസഫ് തോമസ് (75) അന്തരിച്ചു. സ്വതന്ത്ര വിജ്ഞാന സഖ്യത്തിന്റെ സ്ഥാപകനേതാവും ഫ്രീ സോഫ്റ്റ്വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ (എഫ്എസ്എംഐ) സ്ഥാപക പ്രസിഡന്റുമാണ്. ഇതിന്റെ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
സിപിഐ എം ചോറ്റാനിക്കര മുൻ ലോക്കൽ കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ടെലിഗ്രാഫ് ട്രാഫിക് എംപ്ലോയീസ് യൂണിയൻ ക്ലാസ്–-3 മുൻ കേരള സർക്കിൾ സംസ്ഥാന സെക്രട്ടറി, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കീ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയർ – സ്വതന്ത്ര വിജ്ഞാന രംഗത്ത് കേരളത്തിലെ ആദ്യ പേരുകളിലൊന്നാണ് ജോസഫ് തോമസ്.
സ്വതന്ത്ര വിജ്ഞാനത്തിന്റെ രാഷ്ട്രീയം ഏറ്റവും കൃത്യമായി അവതരിപ്പിക്കുകയും കാലത്തിനൊത്ത് പരിഷ്കരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്വതന്ത്ര സോഫ്റ്റ്വെയർ തത്വശാസ്ത്രം കേരളത്തിന് പകർന്നുനൽകാനും ഏറെ പ്രയത്നിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിന്ധു (വിദ്യാർഥി, യുകെ), ബിന്ദു (ദുബായ്). മരുമക്കൾ: ജയ്സൺ, റോയി.