ന്യൂഡൽഹി> മൂന്ന് ദശകങ്ങൾക്കിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും കാരണം കണ്ടെത്താനാവാതെ റെയിൽവെയും കേന്ദ്രസർക്കാരും. പ്രാഥമികാന്വേഷണം നടത്തിയ അഞ്ചംഗ റെയിൽവെ ഉദ്യോഗസ്ഥ സംഘത്തിന് ഏകാഭിപ്രായത്തിൽ എത്താനായിട്ടില്ല. റെയിൽവെ സുരക്ഷാകമീഷണറുടെ അന്വേഷണം ഇനിയും പൂർത്തീകരിച്ചിട്ടില്ല. സുരക്ഷാവീഴ്ചകൾ അടക്കം മറച്ചുവെയ്ക്കുന്നതിനായി തിടുക്കത്തിൽ ‘അട്ടിമറി‘ സംശയം ഉന്നയിച്ചുകൊണ്ട് കേന്ദ്രസർക്കാർ അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. സുരക്ഷാകമീഷണറുടെ റിപ്പോർട്ട് പുറത്തുവരുത്തിന് മുമ്പായി തന്നെ വിശ്വാസ്യത നഷ്ടപ്പെട്ട സിബിഐയെ രംഗത്തെത്തിച്ച മോദി സർക്കാർ നടപടിയെ റെയിൽ സുരക്ഷാവിദഗ്ധരും പ്രതിപക്ഷ പാർടികളും ഒരേപോലെ വിമർശിക്കുകയാണ്.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഒരു ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ വിയോജനകുറിപ്പ് സർക്കാർ നടത്തുന്ന മൂടിവെയ്ക്കൽ ശ്രമത്തിന്റെ തുടർച്ചയാണെന്ന് ആക്ഷേപമുണ്ട്. ചരക്കുവണ്ടി കിടന്ന ലൂപ്പ് ലൈനിലേക്ക് കോറമാൻഡൽ എക്സ്പ്രസിന് പച്ച സിഗ്നൽ ലഭിച്ചതുകൊണ്ടാണ് കൂട്ടിയിടി സംഭവിച്ചതെന്ന നിലപാടാണ് അന്വേഷണസംഘത്തിലെ നാല് ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നത്. റെയിൽവെ ബോർഡും ഈ നിലപാടിലാണ്. തെറ്റായി പച്ച സിഗ്നൽ നൽകിയതിന് പിന്നിൽ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് റെയിൽ ബോർഡിന്റെ വിലയിരുത്തൽ. ഇതുപ്രകാരമാണ് കേന്ദ്രം വളരെ വേഗത്തിൽ സിബിഐയെ രംഗത്തു കൊണ്ടുവന്നത്.
എന്നാൽ വിയോജനകുറിപ്പ് എഴുതിയ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത് ലോഗർ റെക്കോർഡുകൾ പ്രകാരം പ്രധാനപാതയിലൂടെ പോകാനുള്ള പച്ച സിഗ്നലാണ് കോറമാൻഡൽ എക്സ്പ്രസിന് നൽകിയിരുന്നത് എന്നാണ്. പിന്നീട് ഇത് ചുവപ്പായി മാറിയത് കൂട്ടിയിടിക്ക് ശേഷമാകാമെന്നും ഉദ്യോഗസ്ഥൻ പറയുന്നു. വിമാനങ്ങളിലെ ബ്ലാക്ക്ബോക്സിന് തുല്യമായാണ് റെയിൽവെയിൽ ലോഗർ റെക്കൊർഡുകൾ പരിഗണിക്കുന്നത്. ഇതിൽ തിരിമറി സാധ്യമല്ലെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല സ്റ്റേഷൻ മാസ്റ്റർക്കും സിഗ്നൽ നോട്ടക്കാരനും മാത്രം പ്രവേശനാനുമതിയും അതീവസുരക്ഷയുമുള്ള സിഗ്നൽ റിലേ റൂമിൽ പുറത്തുനിന്നൊരാൾ കടന്ന് അട്ടിമറി അസാധ്യമാണെന്നും വിഗദ്ധർ അഭിപ്രായപ്പെടുന്നു. പുറമെ നിന്ന് വയറുകളിൽ തിരിമറി നടത്തിയാൽ സിഗ്നലുകൾ എല്ലാം ചുവപ്പാവുകയും ചെയ്യും.