കുവൈത്ത് സിറ്റി> കുവൈത്ത് ദേശീയ അസംബ്ലിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില് ഇത്തവണ 13 വനിതകൾ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും, മൂന്നാം മണ്ഡലത്തിൽ നിന്നുള്ള ജിനാൻ ബുഷെഹ്രി മാത്രമാണ് വനിതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1973ൽ ജനിച്ച ഇവർ, കുവൈത്ത് യൂനിവേഴ്സിറ്റിയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഈജിപ്തിൽനിന്ന് ഡോക്ടറേറ്റും നേടി. 2009ൽ മുനിസിപ്പൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ അസംബ്ലി ഉപദേശക പദവിയും വഹിച്ചിട്ടുണ്ട്. 2018ൽ കേന്ദ്ര ടെൻഡർ അതോറിറ്റി അംഗമായി നിയമിതയായി.
അഞ്ച് മണ്ഡലങ്ങളില്നിന്നായി 50 അംഗങ്ങള് തെരഞ്ഞെടുക്കപ്പെട്ടതിൽ പരിചയസമ്പന്നരും പുതുമുഖങ്ങളും ഒരുപോലെ സ്ഥാനംപിടിച്ചു. മുൻ സ്പീക്കർമാരായ മർസൂഖ് അൽ ഗാനിം, അഹ്മദ് അൽ സദൂൻ എന്നിവർ മികച്ച വിജയങ്ങള് നേടി. വിജയിച്ചവരിൽ യുവാക്കളുടെയും പ്രഫഷനലുകളുടെയും സാന്നിധ്യം കൂടുതലാണ്. രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ച് സുസ്ഥിരഭരണത്തിന് വഴിയൊരുക്കാൻ പുതിയ തെരഞ്ഞെടുപ്പ് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാറും ജനങ്ങളും. ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം ജൂൺ 20ന് നടക്കും. ഇതിനുള്ള കരട് ഉത്തരവ് മന്ത്രിസഭ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി.
2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടുകയും 2022 സെപ്റ്റംബർ 29ലെ തെരഞ്ഞെടുപ്പ് ഭരണഘടന കോടതി അസാധുവാക്കുകയും ചെയ്തതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. 1963ലാണ് രാജ്യത്ത് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്.