തൃശൂർ
കാർബൺ ബഹിർഗമനവും മുളയുടെ ഉപഭോഗവും കുറഞ്ഞ ചന്ദനത്തിരി നിർമാണത്തിനുള്ള സാങ്കേതിക വിദ്യയ്ക്ക് പീച്ചി വനഗവേഷണ കേന്ദ്രത്തിന് പേറ്റന്റ്. വാസനത്തിരി, ധൂപത്തിരി, ധൂപക്കോൺ എന്നിവയുടെ നിർമാണത്തിൽ പ്രകൃതി സൗഹൃദവും ചെലവു കുറഞ്ഞതുമായ കൂട്ട് വികസിപ്പിച്ചതിനാണ് പേറ്റന്റ്. മരപ്പൊടി, കരി, ചില മരങ്ങളുടെ പുറന്തൊലി, വിത്തുകൾ, ഇലകൾ, വേരുകൾ, പൂക്കൾ, അവശ്യ എണ്ണകൾ, ധാതു എണ്ണകൾ, സുഗന്ധ–- രാസ വസ്തുക്കൾ എന്നിവ ചേർത്ത മിശ്രിതം മുളങ്കൊമ്പിൽ പുരട്ടി 50 ഡിഗ്രി ചൂടിൽ ഉണക്കിയെടുത്താണ് ചന്ദനത്തിരി ഉണ്ടാക്കുന്നത്. വനഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മിശ്രിതം കൂടുതൽ സമയം കത്തും. മാത്രമല്ല, പുറത്തുവിടുന്ന കാർബൺഡൈ ഓക്സൈഡിന്റെ അളവ് മറ്റ് ചന്ദനത്തിരികളേക്കാൾ കുറവാണ്.
മുളയുടെ കരിയും അറക്കപ്പൊടിയും നിശ്ചിത അനുപാതത്തിൽ വെള്ളവും ചേർത്ത മിശ്രിതത്തന് ആവശ്യമായ പശിമയും ഉറപ്പും നൽകുന്ന ലിറ്റ്സിയ ഡെക്കാനൻസിസ് മരത്തിന്റെ തൊലി ഉപയോഗിക്കുന്നതാണ് പുതിയ സാങ്കേതിവിദ്യ. (നിലവിൽ ലിറ്റ്സിയ ഗ്ലൂട്ടിനോസ എന്ന മരമാണ് ഉപയോഗിക്കുന്നത്). കെഎഫ്ആർഐ വികസിപ്പിച്ച തിരി 40 മിനിറ്റ് കത്തും. ഇത് നിലവിലുള്ള തിരികളേക്കാൾ 20 മുതൽ 25 ശതമാനംവരെ കൂടുതലാണ്.