കൽപ്പറ്റ
ഫോൺ റീച്ചാർജ് ചെയ്യാൻ മക്കളിപ്പോൾ പഴയപോലെ കാശ് ചോദിക്കാത്തതെന്താണെന്ന് ചന്ദ്രന് ആദ്യം പിടികിട്ടിയില്ല. പ്ലസ് വണ്ണിൽ പഠിക്കുന്ന ഉണ്ണിക്കും പതിനേഴുകാരൻ സച്ചുവിനും ഇന്റർനെറ്റിന് വേണ്ടി ഇപ്പോൾ അച്ഛന്റെ കാശ് കളയേണ്ടതില്ല. സൗജന്യ ഇന്റർനെറ്റ് ഇഷ്ടംപോലെ കിട്ടുന്നുണ്ട്. പക്ഷേ ഈ വിവരം അൽപ്പം വൈകിയാണ് ഇരുവരും അച്ഛനെ അറിയിച്ചത്. അറിയാൻ വൈകിയെങ്കിലും അധികച്ചെലവ് ഒഴിഞ്ഞതിൽ ചന്ദ്രനും ഹാപ്പി.
വയനാട് കണിയാമ്പറ്റ പന്തലാടിക്കുന്ന് കോളനിയിലാണ് ഈ കുടുംബം. കോളനിയും പരിസരവും കെ ഫോൺ നെറ്റ്വർക്കിൽ കണക്ടഡാണ്. 100 എംബിപിഎസ് സ്പീഡുണ്ട്. കോളനിയിലെ വെള്ളയും, പാറ്റയും, ചെക്കനുമെല്ലാം കെ -ഫോൺ ഉപയോക്താക്കൾ. നാരായണന്റെ മകൾ മഞ്ജു ഇവരെയെല്ലാം ഫോണിൽ വൈ -ഫൈ കണക്ട് ചെയ്യാൻ പഠിപ്പിക്കുന്ന തിരക്കിലാണ്. തിങ്കളാഴ്ച മുഖ്യമന്ത്രി കെ ഫോൺ നാടിന് സമർപ്പിക്കുമ്പോൾ പന്തലാടിക്കുന്ന് കോളനിക്കാരുമായും സംവദിക്കും. അതിനാണ് കാത്തിരിപ്പ്. പണിയ വിഭാഗത്തിലുള്ള എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തൊട്ടടുത്ത് നിരവധി മറ്റുകുടുംബങ്ങളുമുണ്ട്. ഇവർക്കും സൗജന്യ കെ -ഫോൺ ഇന്റർനെറ്റ് ലഭിക്കുന്നുണ്ട്. ആദിവാസി കോളനികളിലുൾപ്പെടെ കണക്ഷൻ നൽകിയാണ് എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ കുതിക്കുന്നത്. വയനാട്ടിൽ ആയിരത്തിലധികം കിലോമീറ്റർ കേബിൾ വലിച്ച് കണക്ഷൻ നൽകി. സർക്കാർ ഓഫീസുകളും സ്കൂളുകളും ഉൾപ്പെടെ എഴുനൂറോളം കേന്ദ്രങ്ങളിൽ കണക്ഷനായി.