തിരുവനന്തപുരം
പ്രകൃതിസംരക്ഷണത്തിൽ കേരളത്തിന്റെ മുന്നേറ്റങ്ങൾക്കിടെ വീണ്ടുമൊരു ലോക പരിസ്ഥിതിദിനം കൂടി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടാൻ എല്ലാ വകുപ്പുകളും പദ്ധതികൾ ഏറ്റെടുത്തുകഴിഞ്ഞു. നാട്ടുമാവ് നട്ടുവളർത്തി ഭൂമിക്ക് തണലൊരുക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതിദിനത്തിൽ വനംവകുപ്പ് തുടക്കം കുറിക്കുന്നത്. ജില്ലകൾക്കുവേണ്ടി പതിനേഴായിരത്തോളം നാട്ടുമാവിൻതൈകളാണ് വനംവകുപ്പ് തയ്യാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ‘ട്രീഗാർഡനുകൾ’ സ്ഥാപിച്ച് ഇവ സംരക്ഷിക്കും.|
തദ്ദേശ സ്ഥാപനങ്ങൾ സംസ്ഥാന വ്യാപകമായി ഹരിതസഭകൾ സംഘടിപ്പിക്കും. അടുത്തവർഷം മുഴുവൻ സ്ഥാപനങ്ങളേയും സമ്പൂർണ ശുചിത്വപദവിയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണിത്. ഹരിതകേരളം മിഷൻ ആയിരം പച്ചത്തുരുത്തുകൾക്ക് നിർമിക്കും. കേരളത്തിൽ 700 ഏക്കറിലേക്ക് പച്ചത്തുരുത്തുകൾ വ്യാപിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഹരിതകേരള മിഷൻവഴി 400 കിലോമീറ്റർ പുഴയും 60,855 കിലോമീറ്റർ നീർച്ചാലും കേരളം തിരിച്ചുപിടിച്ചു.
സംസ്ഥാനത്തെ സ്കൂളുകളെ പ്ലാസ്റ്റിക്ക്, മറ്റു മാലിന്യങ്ങൾ വലിച്ചെറിയൽ മുക്ത ക്യാമ്പസായി പ്രഖ്യാപിക്കും. ‘ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം’ ക്യാമ്പയിനിന്റെ ഭാഗമായാണിത്. സർവകലാശാലാ ക്യാമ്പസുകളടക്കം എല്ലാ കലാലയങ്ങളെയും സമ്പൂർണ മാലിന്യരഹിത ക്യാമ്പസുകളാക്കും. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി “ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷൻ’ എന്ന മുദ്രാവാക്യമുയർത്തി മൂന്നുലക്ഷം വൃക്ഷത്തൈകൾ നടും.