തൃശ്ശൂർ> സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.