തിരുവനന്തപുരം
അച്ചാച്ചന്റെ മെഴുകുപ്രതിമ കണ്ടപ്പോൾ ഭദ്രയും വിനായക്കും കാർത്തിക്കും ഭാവ്നിയും ആദ്യം ഒന്നമ്പരന്നു. ‘ശരിക്കും അച്ചാച്ചനെപ്പോലെതന്നെ’–- അവർ പരസ്പരം നോക്കി. പ്രതിമയിൽ നോക്കി അമ്മൂമ്മ കണ്ണീരണിഞ്ഞതോടെ കുട്ടികൾക്കും സങ്കടമായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മെഴുകുപ്രതിമ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചപ്പോഴാണ് കൊച്ചുമക്കളും ഭാര്യ വിനോദിനിയും വികാരഭരിതരായത്.
എന്നും മടിയിലിരുത്തി സ്നേഹത്തോടെ ലാളിച്ചിരുന്ന പ്രിയപ്പെട്ട അച്ചാച്ചന്റെ മെഴുക് പ്രതിമ കണ്ടശേഷം ‘കൊള്ളാം’ എന്നായിരുന്നു ഭദ്രയുടെ അഭിപ്രായം. നാലുപേരിൽ ഇളയവളായ ഭാവ്നിയും ഏറെനേരം അച്ചാച്ചനെ നോക്കിനിന്നു. എന്നാൽ, പ്രതിമയിൽ അധികനേരം നോക്കിനിൽക്കാൻ ഭാര്യ വിനോദിനിക്കായില്ല. പ്രതിമയിൽതൊട്ട് അൽപ്പനേരം നിന്നശേഷം അവർ വിതുമ്പിക്കരഞ്ഞു. മകൻ ബിനീഷ് കോടിയേരിയും ഒപ്പമുണ്ടായിരുന്നു.
സുനിൽ കണ്ടല്ലൂരാണ് കോടിയേരിയുടെ മെഴുകുപ്രതിമ നിർമിച്ചത്. കിഴക്കേക്കോട്ടയിൽ സുനിൽ നടത്തുന്ന സുനിൽസ് വാക്സ് മ്യൂസിയത്തിൽ വയ്ക്കുന്നതിനുമുന്നോടിയായാണ് വീട്ടിലെത്തിച്ച് അനാച്ഛാദനം നടത്തിയത്. കോടിയേരി ഉപയോഗിച്ചിരുന്ന ഷൂസ്, ഷർട്ട്, മുണ്ട് എന്നിവ തന്നെയാണ് പ്രതിമയിലും ധരിപ്പിച്ചിരിക്കുന്നത്. കോടിയേരി ജീവിച്ചിരുന്നപ്പോൾതന്നെ ശിൽപ്പം ചെയ്യാനുള്ള ആഗ്രഹം അറിയിച്ചിരുന്നതായും ഇപ്പോഴാണ് അതിന് കഴിഞ്ഞതെന്നും സുനിൽ പറഞ്ഞു.
പ്രതിമയ്ക്ക് അഞ്ചരയടി പൊക്കവും 60 കിലോ തൂക്കവുമുണ്ട്.