തിരുവനന്തപുരം
ഒഡിഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട മലയാളികളായ യാത്രക്കാരെ നോർക്ക റൂട്ട്സ് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേക്കുള്ള കോറമാണ്ഡൽ ഷാലിമാർ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു അപകടത്തിൽപ്പെട്ട മലയാളികൾ. ഇവരിൽ പത്തുപേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. നോർക്ക ചെന്നൈ എൻആർകെ ഡെവലപ്മെന്റ് ഓഫീസർ അനു ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവർക്ക് പ്രാഥമിക ചികിത്സയും താമസ സൗകര്യവും നോർക്ക റൂട്ട്സ് ഏർപ്പാടാക്കിയിരുന്നു. മൂന്നു പേർക്ക് തിരുവനന്തപുരം മെയിലിലും ബാക്കിയുളളവർക്ക് മംഗളൂരു മെയിലിലും എമർജൻസി ക്വോട്ടയിൽ ടിക്കറ്റുകൾ ലഭ്യമാക്കി.
അപകടത്തെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്ന മറ്റ് നാലു പേരെ മുംബൈ എൻആർകെ ഡെവലപ്മെന്റ് ഓഫീസർ ഷമീംഖാൻ ഭൂവ നേശ്വറിൽ എത്തി സന്ദർശിച്ച് വിമാന ടിക്കറ്റുകൾ കൈമാറി. തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഭുവനേശ്വറിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ബംഗളൂരു വഴി രാത്രിയോടെ ഇവർ കൊച്ചിയിലെത്തും. കൊൽക്കത്തയിൽ റൂഫിങ് ജോലികൾക്കായി പോയ തൃശൂർ സ്വദേശികളായ കെ എസ് കിരൺ, കെ കെ രഘു, പി ബി വൈശാഖ്, കെ സി ബിജീഷ് എന്നിവരാണിവർ.
അപകടത്തിൽപ്പെട്ട കോറമാണ്ഡൽ ഷാലിമാർ എക്സ്പ്രസിലെയോ, യശ്വന്ത്പുർ ഹൗറാ സൂപ്പർഫാസ്റ്റ് ട്രെയിനിലെയോ കൂടുതൽ മലയാളി യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ +91-9495044162 (ഷമീംഖാൻ, മുംബൈ എൻആർകെ ഡെവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്), അനു ചാക്കോ +91-9444186238 (എൻആർ കെ ഡെവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്, ചെന്നൈ), റീസ, ബംഗളൂരു എൻആർകെ ഡെവലപ്മെന്റ് ഓഫീസർ ) എന്നീ നമ്പരുകളിലോ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിലോ 18004253939 (ടോൾ ഫ്രീ) നമ്പരിലോ അറിയിക്കാം.