അയർലൻഡ് > മൈഗ്രന്റ് നഴ്സ് അയർലൻഡിന്റെ ഇടപെടലിന്റെ ഫലമായി പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി. കെയർ അസിസ്റ്റന്റുമാരുടെ ജോലിയെ ബാധിക്കുന്ന തരത്തിലുള്ള പുതിയ നിയമങ്ങൾക്കെതിരെ നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്.
യൂറോപ്യൻ രാജ്യങ്ങൾക്കു പുറത്തുള്ള രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റിൽ ജോലിക്കു വന്ന ഹെൽത്ത്കെയർ അസിസ്റ്റന്റുമാരിൽ ഭൂരിഭാഗവും നാട്ടിൽ നിന്നുള്ള നഴ്സിംഗ് യോഗ്യത ഉള്ളവരാണ്. എന്നാൽ രണ്ടു വർഷം കഴിഞ്ഞ് പെർമിറ്റ് പുതുക്കി ഹെൽത്ത്കെയർ അസിസ്റ്റന്റ് ജോലിയിൽ തുടരണമെങ്കിൽ നഴ്സിംഗ് ഡിപ്ലോമ/ ബിരുദത്തെക്കാൾ കുറഞ്ഞ ലെവലിൽ ഉള്ള QQI Level 5 കോഴ്സ് നിർബന്ധമായും ചെയ്യണമെന്നതായിരുന്നു നിലവിലെ നിയമത്തിലെ വിചിത്രമായ വ്യവസ്ഥ. കോഴ്സിന് 1500 യൂറോയോളം ചെലവ് വരുന്നുണ്ട്. നിലവിലെ അയർലൻഡിലെ ഉയർന്ന ജീവിത ചിലവിന്റെ പശ്ചാത്തലത്തിൽ താരതമ്യേന കുറഞ്ഞ ശമ്പളം വാങ്ങുന്ന കെയർ അസിസ്റ്റന്റുമാർക്കു താങ്ങാവുന്നതിലേറെയാണ് ഈ തുക. നിയമം മാറ്റിയെടുക്കാൻ മൈഗ്രന്റ് നഴ്സ് അയർലൻഡ് ശ്രമിച്ചത്.
ഇതിനോടനുബന്ധിച്ച് 1500 ഓളം വരുന്ന ഹെൽത്ത്കെയർ അസിസ്റ്റന്റുമാരെ ഒന്നിപ്പിക്കുകയും മാർച്ച് 28ന് പ്രശ്നങ്ങൾ പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽപെടുത്താൻ 400ൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്ത യോഗം ചേരുകയും ചെയ്തു. യോഗത്തിൽ കോർക്കിൽ നിന്നുള്ള പാർലമെന്റ് അംഗം മിക്ക് ബാരി, ഡബ്ലിനിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗം റൂത്ത് കോപ്പിഞ്ചർ, അയർലണ്ടിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ആയ SIPTU പ്രതിനിധി ജോൺ മക്കാമിലി എന്നിവർ പങ്കെടുത്തു.
ഏപ്രിൽ 20ന് പാർലമെന്റിൽ നടന്ന ചർച്ചയിൽ മിക്ക് ബാരി എം പി ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചു. മെയ് 9ന് പാർലമെന്റിൽ മിക്ക് ബാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡ് നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ്, ജോയിന്റ് കൺവീനർ ഐബി തോമസ്, ഹെൽത്ത് കെയർ അസ്സിസ്റ്റന്റ് പ്രതിനിധികളായ രാജേഷ് ജോസഫ്, ഷിജി ജോസഫ് എന്നിവർ വിഷയം പാർലമെന്റ് അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് പല അവസരങ്ങളിലും നടന്ന നിരന്തരമായ ചർച്ചയുടേയും പ്രവർത്തനങ്ങളുടെയും ഫലമായി അധികാരികൾ വിഷയത്തെക്കുറിച്ച് മനസിലാക്കുകയും ബുദധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള നിയമങ്ങൾ ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്തു.
Quality and Qualifications Ireland (QQI) ലെവൽ 6/7/8 വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള വ്യക്തികൾക്ക് നിലവിലെ ചട്ടങ്ങളിൽ പറയുന്ന ലെവൽ 5 കോഴ്സ് ചെയ്യേണ്ടതില്ല എന്നും അവർ അവരുടെ തൊഴിൽദാതാവിന്റെ കയ്യിൽനിന്നും പ്രത്യേക ഫോം സൈൻ ഓഫ് ചെയ്ത് സമർപ്പിച്ചാൽ ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ് പുതുക്കാൻ കഴിയും എന്നും രേഖാമൂലം അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ജനറൽ നഴ്സിംഗ് ഡിപ്ലോമ QQI ലെവൽ ആറും ബിഎസ്സി നഴ്സിംഗ് ഡിഗ്രി ലെവൽ ഏഴും ആയി പരിഗണിക്കപ്പെടുമെന്നും Quality and Qualifications Ireland (QQI), NARIC Ireland ഔദ്യോഗിക വെബ്സൈറ്റുകളിൽ രേഖപ്പെടുത്തുകയും ചെയ്തു.
ഈ പ്രവർത്തനങ്ങളിൽ ഒപ്പം നിന്ന എല്ലാവർക്കും മൈഗ്രന്റ് നഴ്സ് അയർലൻഡ് നന്ദി ഭാരവാഹികൾ അറിയിച്ചു. ഈ വിജയം തുടർന്നുള്ള മറ്റ് പ്രവർത്തങ്ങൾക്ക് ഊർജ്ജം പകരുമെന്നും ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.