ന്യൂഡൽഹി
ജനാധിപത്യത്തിനു പിന്നാലെ, സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് രാജ്യത്തെ അസമത്വവും ദാരിദ്ര്യവും വിശദമാക്കുന്ന അധ്യായങ്ങളും നീക്കി എൻസിഇആർടി. 11–-ാം ക്ലാസിലെ ‘ഇന്ത്യൻ ഇക്കണോമിക് ഡെവലപ്മെന്റ്’ പുസ്തകത്തിലെ ‘പോവർട്ടി’ എന്ന അധ്യായം പൂർണമായും ഒഴിവാക്കി. മോദി ഭരണത്തിൽ ഇന്ത്യയിൽ പട്ടിണി ഗുരുതരമാകുകയാണെന്ന് ആഗോള പട്ടിണിസൂചികയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ ദാരിദ്ര്യസ്ഥിതി വിശദമാക്കുന്ന പാഠഭാഗം വെട്ടിയത്.
പട്ടിണിസൂചികയിൽ 2014ൽ 121 രാജ്യത്തിൽ 55–-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022ൽ 107–-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിലാണ്. ഈ വിവരങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളിക്കുന്നത് മോദി സർക്കാർ അവകാശപ്പെടുന്ന വികസനനേട്ടങ്ങൾക്ക് വിരുദ്ധമാകുമെന്നുകൂടി കണ്ടാണ് പാഠഭാഗം നീക്കിയത്. സമാധാനം, വികസനം തുടങ്ങിയ പാഠ്യഭാഗങ്ങളും ഇനി 11–-ാം ക്ലാസ് സിലബസിൽ ഉണ്ടാകില്ല.
ഏഴാം ക്ലാസിലെ സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ‘സമത്വത്തിനായുള്ള പോരാട്ടം’ എന്ന അധ്യായം ഒഴിവാക്കി. ജാതിവിവേചനമടക്കം രാജ്യത്ത് നിലനിൽക്കുന്ന അസമത്വങ്ങൾ, അതിന്റെ കാരണങ്ങൾ, സമത്വം ലക്ഷ്യമിട്ടുള്ള ജനകീയ മുന്നേറ്റങ്ങൾ എന്നിവയാണ് അധ്യായത്തിൽ.
വേണമെങ്കിൽ വെബ്സൈറ്റുകളിൽനിന്ന് പഠിക്കാമെന്ന് മന്ത്രി
ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തവും മറ്റും വേണമെങ്കിൽ വെബ്സൈറ്റുകളിൽനിന്ന് പഠിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ പറഞ്ഞു. ജനാധിപത്യമടക്കമുള്ള പാഠഭാഗങ്ങൾ ബോധപൂർവം നീക്കിയതല്ലെന്നും കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണെന്നും മന്ത്രി അവകാശപ്പെട്ടു.
മുഗൾ ചരിത്രവും പുറത്ത്
സംഘപരിവാറിന്റെ പിന്തിരിപ്പൻ കാഴ്ചപ്പാടിന് അനുസൃതമായി ആറാം ക്ലാസ് മുതൽ 12–-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളില് എൻസിഇആർടി തിരുത്തൽ വരുത്തി. മുഗൾ ഭരണചരിത്രം പൂർണമായും ഒഴിവാക്കി. കേന്ദ്രത്തിന്റെ സംഘപരിവാർ കാഴ്ചപ്പാടുകൾക്ക് അനുസൃതമായ പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് വെട്ടലെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യം, മുഗൾ ഭരണം എന്നിവയ്ക്കു പുറമെ വിവിധ ക്ലാസുകളിലായി ഒഴിവാക്കപ്പെട്ട പ്രധാന പാഠഭാഗങ്ങൾ
●ഗുജറാത്ത് വംശഹത്യ (11–-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ്)
●ഗാന്ധിവധം, ആർഎസ്എസ് വിലക്ക് (12–-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ്)
●മൗലാന അബ്ദുൾകലാം ആസാദിനെ കുറിച്ചുള്ള പാഠഭാഗം (10–-ാം ക്ലാസ്)
● ദളിത് പ്രസ്ഥാനം, സംവരണത്തിനായുള്ള ഒബിസി പോരാട്ടങ്ങൾ (12–-ാം ക്ലാസ് സോഷ്യോളജി)
● വിപ്ലവകവി ഫെയിസ് അഹമ്മദ് ഫെയിസിന്റെ കവിതകൾ (10–-ാം ക്ലാസ്)
● ഡാർവിന്റെ പരിണാമസിദ്ധാന്തം, പീരിയോഡിക് ടേബിൾ (10–-ാം ക്ലാസ്)
●ജീവജാലങ്ങളിലെ പ്രത്യുൽപ്പാദനം (12–-ാം ക്ലാസ്)