തിരുവനന്തപുരം
റേഷൻ കടകളിൽ പിങ്ക്, മഞ്ഞ കാർഡുകാർക്ക് നൽകുന്ന ബില്ലിൽ കേന്ദ്ര സർക്കാർ ചിഹ്നം പതിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയുടെ ലോഗോ ഇ–- പോസ് മെഷീനിൽനിന്നുള്ള പുതിയ ബില്ലിൽ പ്രിന്റ് ചെയ്യണമെന്നാണ് നിർദ്ദേശം. മുൻഗണനാ കാർഡുകാർക്ക് സൗജന്യനിരക്കിൽ അരി നൽകുന്നത് കേന്ദ്രമാണെന്നും ഇത് അറിയിക്കാനാണ് ലോഗോയെന്നുമാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം പറയുന്നത്. ഇല്ലെങ്കിൽ ഭക്ഷ്യധാന്യം നൽകില്ല. ഇതുപ്രകാരം വ്യാഴംമുതൽ മാറ്റംവരുത്തിയ ലോഗോയാണ് നൽകുന്നത്. കാഴ്ചയിൽ താമരയുടേതുപോലെ തോന്നിക്കുന്നതാണ് ലോഗോ.
1965 മുതൽ സാർവത്രിക റേഷനിങ് നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാക്കാലത്തും സംസ്ഥാന സർക്കാർ മുദ്ര ബില്ലിലുണ്ടായിരുന്നു. സംസ്ഥാനത്ത് 14,176 റേഷൻ കടയും 93 ലക്ഷം റേഷൻ കാർഡുകാരുമുണ്ട്. 41 ലക്ഷം പേർ മാത്രമാണ് മുൻഗണനാപട്ടികയിലുള്ളത്.
2013ൽ ഭക്ഷ്യഭദ്രതാനിയമം കൊണ്ടുവന്ന കേന്ദ്ര സർക്കാർ, മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുന്നവരുടെ എണ്ണം 1.55 കോടിയായി പരിമിതപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് 10 ലക്ഷത്തിലധികം കുടുംബങ്ങൾ പട്ടികയ്ക്കു പുറത്താണ്. കൂടുതൽ പേരെ ഉൾപ്പെടുത്താൻ രണ്ടുതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയവും പാസാക്കിയിരുന്നു.