ഭാഗം: 4
ജക്കാർത്തയിലെത്തിയത് മുതൽ പോകാൻ കൊതിച്ച സ്ഥലമാണ് യൂണിവേഴ്സിറ്റി ഓഫ് ഇന്തോനേഷ്യ. അമേരിക്കയിൽ പോയപ്പോൾ സ്റ്റാൻഫോർഡിലും പ്രിൻസ്റ്റണിലും പോയ അനുഭവങ്ങൾ ത്രസിപ്പിക്കുന്നതാണ്. ഓരോ സർവകലാശാലയുടെ അങ്കണത്തിലേക്ക് കാലെടുത്ത് വെക്കുമ്പോഴും ഒരു പുതിയ വിദ്യാർത്ഥിയായത് പോലെ തോന്നും. മെഡിസിനും എഞ്ചിനീയറിംഗും വരെ ബാസാ ഇന്തോനേഷ്യയിലാണ് ഇവിടെ പഠിപ്പിക്കുന്നത്. മാതൃഭാഷയുടെ ഉത്തേജനത്തിന് അത്രമാത്രം പ്രധാന്യമാണ് ഇവർ നൽകുന്നത്. വിദേശ ഡോക്ടർമാരെ ഇന്തോനേഷ്യ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കില്ല. അതൊരു ശരിയായ കാര്യമായി എനിക്ക് തോന്നിയില്ല.
മെഡിക്കൽ ട്രീറ്റ്മെൻ്റിന് മലേഷ്യയിലേക്കും തായ്ലൻഡിലേക്കും പോകേണ്ടി വരുന്നത് അത് കൊണ്ടാണ്. മെഡിക്കൽഎഞ്ചിനീയറിംഗ് മേഖലകളിൽ അറിവും കഴിവുമുള്ളവരുടെ സേവനം അവർ ഏത് രാജ്യക്കാരായാലും പ്രയോജനപ്പെടുത്തണം. വരണ്ട ദേശീയതയും കൊണ്ടിരുന്നാൽ ഒരിഞ്ച് മുന്നോട്ടു പോകാനാവില്ല. അമേരിക്ക കുതിച്ചത് അമേരിക്കക്കാരൻ്റെ മാത്രം ബുദ്ധിയുടെ പിൻബലത്തിലല്ല. തലച്ചോറ് ആരുടെതായാലും ഏത് രാജ്യമാണെങ്കിലും ഉപയോഗിക്കണം. അറിവിനും കഴിവിനും അതിരുകൾ പാടില്ല.
എടുപ്പ് കൊണ്ടും ഗംഭീര്യം കൊണ്ടും യൂണിവേഴ്സിറ്റി ഓഫ് ഇന്തോനേഷ്യ ഒരു ലോകോത്തര സർവകലാശാലക്ക് തുല്യമാണെന്ന് ക്യാമ്പസിലേക്ക് കടന്ന് അധികം വൈകാതെ ബോദ്ധ്യമാകും. ഒരൊറ്റ ന്യൂനത ഇംഗ്ലീഷ് സൈൻ ബോർഡുകൾ എവിടെയും ഇല്ല എന്നുള്ളതാണ്. ഫാക്കൽറ്റികൾക്കല്ലാതെ ഇംഗ്ലീഷ് അറിയില്ലെന്നാണ് തോന്നിയത്. ഇംഗ്ലീഷ് അറിയലാണ് വലിയ കാര്യം എന്ന അർത്ഥത്തിലല്ല പറഞ്ഞത്. ഇന്തോനേഷ്യൻ ഭാഷ അറിയാത്ത ഒരാൾ വന്നാൽ അയാൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടിനെ കുറിച്ചാണ്. ജക്കാർത്തയിൽ വരുന്ന ഏതൊരാളും പോവേണ്ട സ്ഥലമാണ്. ഇന്തോനേഷ്യൻ സർവകലാശാല. അതിവിശാലമായി പരന്ന് കിടക്കുന്ന യൂണിവേഴ്സിറ്റി അങ്കണം നല്ല ആസൂത്രണ മികവിൽ രൂപകൽപന ചെയ്തിട്ടുള്ളതാണ്.
വിശാലമായ റബറൈസ് ചെയ്ത റോഡുകളും കട്ടപതിച്ച നടപ്പാതകളും പട്ടാപകൽ ഇരുട്ട് തോന്നിപ്പിക്കുന്ന ഇടതൂർന്ന കൊച്ചു വനങ്ങളും ഒരുപാട് നിലകളിൽ ഉയർന്ന് നിൽക്കുന്ന കെട്ടിടങ്ങളും വിശാലമായ പുൽമൈതാനങ്ങളും ഇടക്കിടെയുള്ള കോഫി പോയിൻ്റുകളും ഡച്ച് വാസ്തുവിദ്യയിൽ പടുത്തുയർത്തിയ മനോഹരമായ ബിൽഡിംഗുകളും സ്പോർട്സ് കോപ്ലക്സുകളും ക്യാമ്പസിന് ചാരുത പകരുന്നതാണ്. സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെൻ്റിൽ പോയി അവസാന വർഷ വിദ്യാർത്ഥികളുമായി സംവേദിച്ചത് നല്ലൊരനുഭവമായി.
കേരളത്തിലെ സർവകലാശാലകളിലെന്ന പോലെ ഇന്തോനേഷ്യൻ യൂണിവേഴ്സിറ്റിയിലും പഠിക്കുന്നത് ഭൂരിഭാഗവും പെൺകുട്ടികളാണ്. പ്രൊഫസർമാരിലും നിരവധി സ്ത്രീകളെ കണ്ടു. സിംഹഭാഗ പഠനവും ഇന്തോനേഷ്യൻ ഭാഷയിലാണ് നടക്കുന്നത്. ഇംഗ്ലീഷിന് വലിയ പ്രാമുഖ്യം സോഷ്യൽ സയൻസിലും നൽകുന്നില്ല.
ക്യാമ്പസിൻ്റെ അരുചേർന്നാണ് പൊതു റെയിൽവെ ലൈൻ കടന്നു പോകുന്നത്. യൂണിവേഴ്സിറ്റിക്ക് മാത്രമായി ക്യാമ്പസിനുള്ളിൽ തന്നെ ഒരു റെയിൽവേ
സ്റ്റേഷനുണ്ട്. നല്ലൊരു ശതമാനം കുട്ടികൾ ട്രൈനാണ് യാത്രക്ക് ആശ്രയിക്കുന്നത്. റെയിൽവെ സ്റ്റേഷന് മുന്നിൽ ധാരാളം ഇലക്ട്രിക്ക് സൈക്കിളുകൾ ഇരിക്കുന്നുണ്ട്.
ട്രൈനിൽ വരുന്ന കുട്ടികൾ അതെടുത്താണ് ക്യാമ്പസിൽ അത്യാവശ്യം ദൂരെയുള്ള ക്ലാസ്സുകളിലേക്ക് പോകുന്നത്. തിരിച്ച് വരുമ്പോൾ അതിൽ തന്നെ വന്ന് എടുത്ത സ്ഥലത്ത് തന്നെ അത് കൊണ്ടുവെച്ച് ട്രൈനിൽ തന്നെ മടങ്ങുന്നു. മോട്ടോർ സൈക്കിളിൽ വരുന്ന കുട്ടികളുടെ എണ്ണവും കുറവല്ല.
കോഫീ ഷോപ്പുകളിൽ പോലും കുട്ടികൾ പഠിക്കുന്ന കാഴ്ച ഒരദ്ധ്യാപകനെന്ന നിലയിൽ നൽകിയ സന്തോഷം അളവറ്റതാണ്. കുട്ടികൾ ആൺപെൺ ഭേദമില്ലാതെ ഒരുമിച്ചിരുന്ന് ഗ്രൂപ്പ് ഡിസ്കഷൻ നടത്തുന്നതും കണ്ടു. സാധാരണ ഒരു യൂണിവേഴ്സിറ്റി ക്യാമ്പസ് പോലെത്തന്നെ വൈവിദ്ധ്യങ്ങളുടെ പറുദീസയാണ്. ശീതീകരിച്ച ക്ലാസ്സ് റൂമുകളും സിസ്റ്റം പ്രസൻ്റേഷൻ നടത്തി ക്ലാസ്സെടുക്കാനുള്ള സൗകര്യവും വലിയ സ്ക്രീനുമെല്ലാം ഭംഗിയായി സംവിധാനിച്ചിട്ടുണ്ട്. ഹരിതാഭമാർന്ന അന്തരീക്ഷം യൂണിവേഴ്സിറ്റിക്ക് നൽകുന്ന മനോഹാര്യത അവർണ്ണനീയമാണ്. ഏതാണ്ട് ഡിപ്പാർട്ടുമെൻ്റുകളോടനുബന്ധിച്ചൊക്കെ കഫ്തേരിയകൾ കാണാം. വിദേശ വിദ്യാർത്ഥികളും സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ധാരണാപത്രം ഒപ്പു വെച്ച പുറം യൂണിവേഴ്സിറ്റികളിലേക്ക് സ്റ്റുഡൻ്റ് എക്സ്ചേഞ്ചിൻ്റെ ഭാഗമായി കുട്ടികൾ പോകുന്നുണ്ട്. അവിടെ നിന്ന് ഇങ്ങോട്ടും കുട്ടികൾ എത്തുന്നു.
എയർപോർട്ടിലെ ടോയ്ലറ്റുകൾക്ക് സമാനമാണ് ക്യാമ്പസിലെ ശുചിമുറികൾ. ശുചിത്വം ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ അന്തർലീനമാണെന്ന് ക്യാമ്പസിൻ്റെ ഓരോ മുക്കും മൂലയും സാക്ഷ്യപ്പെടുത്തുന്നു. ഒരുപാട് നല്ല ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കാൻ അസരങ്ങൾ സമ്മാനിക്കാൻ പര്യാപ്തമായ സന്ദർശനം. ഉച്ചയോടെയാണ് ഞങ്ങൾ ക്യാമ്പസ് വിട്ടത്. ജലീലാണ് വഴി കാട്ടിയത്.
ജലീലിൻ്റെ എക്സ്പോർട്ട് കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന മുഹമ്മദ് സിദ്നി നൂർത്രിയവാൻ്റെ വീട് സന്ദർശനത്തിന് ഒരവസരം കിട്ടിയത് വലിയ കാര്യമായി. ആദ്യം വഴിതെറ്റി ഒരു ഗല്ലിയിലാണ് എത്തിപ്പെട്ടത്. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഇടം. ഇടുങ്ങിയ റോഡുകൾ. കാർ കുറച്ചുദൂരെ നിർത്തി ചെറിയ റോഡിലൂടെ ഞങ്ങൾ നടന്നു. സ്ത്രീ ശാക്തീകരണം പൂർണ്ണതയിലെത്തിയ നാടെന്ന് ഓരോ വീടിൻ്റെ മുന്നിലെത്തുമ്പോഴും ബോദ്ധ്യമാകും. അവരെപ്പോഴും എന്തെങ്കിലും ജോലിയിൽ വ്യാപൃതരാകും. ഗൾഫിലേക്ക് എന്തുകൊണ്ടാണ് വീട്ടുജോലിക്കാരായി പെൺകുട്ടികൾ പോകുന്നതെന്നറിയാൻ ഒരു തെരുവിലൂടെ ഒന്ന് നടന്ന് ചുറ്റുവട്ടത്തേക്കും കണ്ണോടിച്ചാൽ മതി. വിനയാന്വിതരും ജോലിയിൽ പ്രതിബദ്ധതയുള്ളവരുമാണവർ.
ഞങ്ങൾ എത്തിപ്പെട്ട ഗല്ലിയിൽ ഗൂഗിൾ വഴി തെറ്റിച്ചാണ് എത്തിയത്. തിരിച്ച് കാറിൽ കയറി യാത്ര തുടർന്നു. കുറച്ച് മുന്നോട്ട് പോയപ്പോൾ നൂർത്രിയവാനും ഭാര്യ അസ്ത്രി കുസുമയും പ്രധാന റോഡിൽ കാത്ത് നിന്നിരുന്നു. ഞങ്ങൾ അവരെ പിന്തുടർന്നു. ഭേദപ്പെട്ട ഒരു വീടിൻ്റെ മുന്നിലെത്തി. നൂർത്രിയവാൻ്റെ ഭാര്യവീടാണത്. സലാം ചൊല്ലി കൈകൂപ്പി അവർ ഞങ്ങളെ സ്വീകരിച്ചിരുത്തി. കുടുംബനാഥൻ നിർവാൺ സുതാരിയക്ക് പ്രായം 76.
നിർവാൺ സുതാരിയ,ഭാര്യ ഡിയാരി വഹ്യു നിംഗ്റൂമി തുടങ്ങിയവർക്കൊപ്പം
വെസ്റ്റ് ജാവയിൽ ജനിച്ച അദ്ദേഹം ഗാർമെൻ്റ്സ് കച്ചവടത്തിനായി ജക്കാർത്തയിലെത്തി. ഇപ്പോൾ ഇവിടെ സ്ഥിരതാമസം. ഭാര്യ ഡിയാരി വഹ്യു നിംഗ്റൂമിന് 70 വയസ്സായി. സെൻട്രൽ ജാവ സ്വദേശിനി. ഗവ: ഹൈസ്കൂളിലെ ജ്യോഗ്രഫി ടീച്ചറായിരുന്നു. സർവീസിൽ നിന്ന് വിരമിച്ചു. ഇരുപതിനായിരം ഇന്ത്യൻ രൂപ പെൻഷനായി കിട്ടുന്നു.
മൂത്ത മകൻ എപ്പി ദനിയാന്തോ ബതാം ദ്വീപിൽ എയർപോർട്ടിലെ ഫിനാൻസ് ഡയറക്ടറായി ജോലി ചെയ്യുന്നു. കുടുംബ സമേതം അവിടെയാണ് താമസം. രണ്ടാഴ്ചയിലൊരിക്കൽ ഉമ്മയേയും ഉപയേയും ബന്ധുക്കളെയും കാണാൻ വരും. രണ്ടാമത്തെ മകൻ വിബി സത്രിയോ. സ്വകാര്യ കോൺട്രാക്ടറാണ്. വിവാഹിതൻ. രണ്ട് മക്കൾ. മൂന്നാമത്തേത് മകൾ അസ്ത്രി കുസുമ. സിദ്നി നൂർത്രിയാൻ ഭർത്താവ്. രണ്ട് മക്കൾ. അഗ്രോ കമ്മോഡിറ്റീസ് എക്സ്പോർട്ട് കമ്പനിയിലെ ജനറൽ മാനേജർ. കുടുംബ സമേതം കിഴക്കൻ ജക്കാർത്തയിലെ പൊണ്ടോക് ഗിഡെ ബെക്കാസിയിലാണ് താമസം.
ഓരോ കുടുംബത്തിലും രണ്ടോ മൂന്നോ കുട്ടികളേ ഉള്ളൂ സംസാരത്തിനിടയിൽ ജ്യൂസും പലഹാരങ്ങളുമെത്തി. സമൂസയും ചെറിയ വാഴക്കാ പൊരിയും എല്ലാമുണ്ട്. രുചി നോക്കാൻ അൽപ്പം കഴിച്ചു. സ്വാദുണ്ട്. സംസാരം തുടർന്നു. മഗ്രിബ് (സന്ധ്യാസമയ പ്രാർത്ഥന) നമസ്കാരത്തിൻ്റെ സമയമായി. കുറച്ചപ്പുറത്ത് പള്ളിയുണ്ട്. അവിടെപ്പോയി വരുമ്പോഴേക്ക് സമയം വൈകിയാലോ എന്ന് ഭയന്ന് വീട്ടിലെ നമസ്കാര മുറിയിൽ നിന്ന് പ്രാർത്ഥന നിർവഹിച്ചു.
ശേഷം വീടൊന്ന് നടന്ന് കണ്ടു. തട്ടുള്ള വീടാണ്. പൊതുവെ തട്ടുള്ള വീടുകൾ ഇന്തോനേഷ്യയിൽ കുറവാണ്. നാല് ബെഡ്റൂം താഴെയും രണ്ടെണ്ണം മുകളിലും. പിന്നെ കിച്ചണും ഡൈനിംഗ് ഹാളും സ്വീകരണ മുറിയും ചെറിയൊരു പൂമുഖവും. അപ്പോഴേക്ക് ‘കനത്തിലുള്ള’ ഭക്ഷണം തയ്യാറാക്കി തീൻമേശയിൽ നിരത്തിയിട്ടുണ്ട്. അവരെ മുഷിപ്പിക്കേണ്ടെന്ന് കരുതി ഒന്നിരുന്നെഴുനേൽക്കാൻ തീരുമാനിച്ചു. വിവിധ തരം മൽസ്യവും ചിക്കണും പച്ചരിച്ചോറുമാണ് വിഭവങ്ങൾ. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തംകൊളുത്തിപ്പട എന്ന് പറഞ്ഞ പോലെയായി. രണ്ട് നേരം അരിയാഹാരം കഴിക്കുന്ന നാട്ടിൽ ചെന്നപ്പോൾ പ്രാതൽ ഉൾപ്പടെ ഉച്ചക്കും രാത്രിയുമൊക്കെ പച്ചരിച്ചോറ്.
പൊറോട്ടയും കാക്കയുമില്ലാത്ത നാടാണ് ഇന്തോനേഷ്യയെന്നാണ് ചിലർ കളിയാക്കിപ്പറഞ്ഞത്. അഖിലും ഹരിയും നൗഷാദും ‘അടിച്ചുമാറി’. ജലീലും ഞാനും അൽപമെടുത്ത് ഓരോന്നും രുചിച്ചു നോക്കി. എരുവും ഉപ്പുമൊക്കെ പാകത്തിലും കുറച്ചു കൂടുതലാണ്. സാധാരണ ഉപ്പും പഞ്ചസാരയും അൽപ്പം കൂടുതൽ വേണ്ടയാളായതിനാൽ ഭക്ഷണം എനിക്ക് രുചികരമായിത്തോന്നി. കപ്പയില തേങ്ങയരച്ച് പരിപ്പിട്ട് വെച്ചത് ചീരക്കറിയേക്കാൾ നന്നായിത്തോന്നി. മലയാളികൾക്കും ഈ വിഭവം പരീക്ഷിക്കാവുന്നതാണ്. സംതൃപ്തിയോടെ ജീവിക്കുന്ന നിർവാൺ സുതാരിയുടെ കുടുംബത്തിൻ്റെ സ്നേഹോഷ്മളമായ ആഥിത്യം സ്വീകരിച്ച് അവരോട് ഗുഡ്ബൈ പറഞ്ഞിറങ്ങി. ഒരു നാടിനെ മനസ്സിലാക്കാൻ അവിടുത്തെ ചില വീടുകൾ കയറിയിറങ്ങിയാൽ ഏറെ പ്രയോജനപ്പെടും.
സുമാത്ര ആദ്യം യാത്രാ ഷെഡ്യൂളിൽ ഉണ്ടായിരുന്നില്ല. എയർപോർട്ടിൽ വെച്ച് റഊഫാണ് സുമാത്രയിലെ മെഡാനിൽ വരണമെന്ന് നിർബന്ധിച്ചത്. അദ്ദേഹത്തിൻ്റെ ആഥിത്യം സ്വീകരിച്ചാണ് സുമാത്ര ദ്വീപിൽ എത്തിയത്. ജക്കാർത്തയിൽ നിന്ന് രണ്ട് മണിക്കൂർ പറക്കണം സുമാത്രയിലെ വാണിജ്യ
നഗരമായ മേഡാനിലെത്താൻ. ഉദ്ദേശം 5000 രൂപവരും ഫ്ലൈറ്റിന്. ഭൂകമ്പം ഇടക്കിടെ ഉണ്ടാകുന്ന ദ്വീപായാണ് സുമാത്ര മനസ്സിൽ സ്ഥാനം പിടിച്ചിരുന്നത്. പാലക്കാടൻ ഗ്രാമമായ ചിറ്റൂർ മേഖലയിൽ ഒരു വിമാനത്താവളം വന്നാൽ എങ്ങിനെയിരിക്കും അതുപോലുണ്ട് മേഡാൻ വിമാനത്താവളം
. പാം പനകളും പറങ്കിമാവുകളും തെങ്ങും കമുങ്ങും നെൽപാടങ്ങളും നിറഞ്ഞ കടലിന് നടുവിലെ പച്ചത്തുരുത്ത്. പ്രഥമ കാഴ്ചയിൽ തന്നെ സുന്ദരം. വലിപ്പത്തിൽ ലോകത്തെ ആറാമത്തെ ദ്വീപാണ് സുമാത്ര. സ്വർണ്ണദ്വീപ് എന്നാണ് സുമാത്രയുടെ പ്രാചീന സംസ്കൃത നാമം. ഇന്ത്യക്കും ചൈനക്കുമിടയിലെ കച്ചവട വഴിയിലെ തുരുത്തായതിനാൽ പ്രാചീനകാലത്തു തന്നെ ഇന്ത്യൻ സംസ്കാരം ഈ ഭൂപ്രദേശത്ത് വേരോടി.
ശ്രീവിജയ സാമ്രാജ്യം സുമാത്രയിലാണ് ഉടലെടുത്തത്. ആച്ചേ കേന്ദ്രമാക്കിയുള്ള സമുദ്ര എന്ന ഹിന്ദുരാജവംശം പതിമൂന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം സ്വീകരിച്ചതായാണ് ചരിത്രം. ഇവിടം സന്ദർശിച്ച അറബ് സഞ്ചാരി ഇബ്ൻ ബത്തൂത്തയാണ് സമുദ്രയെ സുമാത്രയെന്ന് തെറ്റായി ധരിച്ചത്. ഭൂമദ്ധ്യരേഖ സുമാത്രയിലൂടെ കടന്നു പോകുന്നു. വൻതോതിൽ പെട്രോളിയം നിക്ഷേപമുള്ള സുമാത്ര, പനയെണ്ണയ്ക്കും പ്രസിദ്ധമാണ്. മഴക്കാടുകളാണ് ദ്വീപിന്റെ മറ്റൊരു സവിശേഷത. അപൂർവ്വമായ സസ്യ ജന്തു ജീവജാലങ്ങൾ ഇവിടുത്തെ കാടുകളിലുണ്ട്. ലോകത്തെ ഏറ്റവും വലിയ പൂവായ റഫ്ളീസിയ, ഏറ്റവും ഉയരമുള്ള പൂവായ ടൈറ്റൻ അറം, സുമാത്രൻ പൈൻ തുടങ്ങിയ സസ്യങ്ങൾ പേരുകേട്ടവയാണ്.
സുമാത്രൻ കടുവ, ഒറാങ്ങ്ഉട്ടാൻ, കാണ്ടാമൃഗം, ആന, സുന്ദാ മേഘപ്പുലി തുടങ്ങിയ ജന്തുക്കളും മഴക്കാടുകളിൽ ധാരാളമുണ്ട്. സുമാത്രയിലെ പത്ത് ദേശീയ ഉദ്യാനങ്ങളിൽ മൂന്നെണ്ണത്തിന് ലോകപൈകൃതകേന്ദ്രങ്ങൾ എന്ന പദവിയുണ്ട്. പൾപ് വ്യവസായവും പനന്തോട്ടങ്ങളുമാണ് ഇവിടെയുള്ള മഴക്കാടുകൾക്ക് ഭീഷണി. സുമാത്രൻ ജനസംഖ്യയിൽ 90 ശതമാനവും ഇസ്ലാംമത വിശ്വാസികളാണ്.
വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയായതിനാൽ പേരിലും വേഷത്തിലും ആളുകളുടെ മതം മനസ്സിലാക്കാനാവില്ല. ‘മതസ്വത്വത്തിൽ’ സദാസമയം അഭിരമിക്കാൻ താൽപര്യമില്ലാത്ത മുസ്ലിങ്ങളും ഇവിടെ ധാരാളമുണ്ട്. വെള്ളിയാഴ്ചകളിൽ പള്ളികൾ നിറഞ്ഞു കവിയും. എന്നാൽ ദിനേനയുള്ള അഞ്ചുനേര പ്രാർത്ഥനക്ക് രണ്ടോ മൂന്നോ വരി ആളുകളേ ഉള്ളൂ. ഏൽപ്പിക്കുന്ന ജോലി അപ്പുറവും ഇപ്പുറവും നോക്കാതെ കൃത്യമായി ചെയ്യുന്നതിൽ ബദ്ധശ്രദ്ധരായ ആളുകളാണ് ഇന്തോനേഷ്യക്കാർ.
റഊഫിന് പനി പിടിച്ചതിനാൽ മേഡാനിലെ രണ്ടാമത്തെ സ്ഥിരതാമസക്കാരനായ മലയാളിയും അദ്ദേഹത്തിൻ്റെ സുഹൃത്തുമായ സിബിൻ ജോസിനെയാണ് എയർപോർട്ടിൽ എന്നെ കൂട്ടാൻ ഏൽപ്പിച്ചിരുന്നത്. മേഡാൻ പട്ടണത്തിൽ അടക്ക, കശുവണ്ടി, തേങ്ങ, മറ്റു കാർഷിക വിഭവങ്ങൾ എന്നിവയുടെ ബിസിനസിനായി നിരവധി വരാറുണ്ടെങ്കിലും സ്ഥിരതാമസക്കാരായി പത്തിൽ താഴെ മലയാളികളേ ഉള്ളൂ.
സിബിൻ ജോസ്, എറണാങ്കുളം സെൻ്റ് ആൽബർട്സിൽ ബി.എസ്.സി (ക്യമിസ്ട്രി) പൂർത്തിയാക്കി. ക്യാമ്പസ് ഇൻ്റെർവ്യുവിൽ സ്പൈസസ് ബോർഡിൽ അസിസ്റ്റൻ്റ് അനലിസ്റ്റായി ജോലി കിട്ടി. ഒരു വർഷത്തിന് ശേഷം കോയമ്പത്തൂരി എം.എസ്.സിക്ക് ചേർന്നു. അപ്പോഴാണ് ജക്കാർത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു മൾട്ടി നേഷണൽ കമ്പനിയിൽ സഹപ്രവർത്തകനായ ജൂനിയർ സൈൻ്റിസ്റ്റിന് ഒരു ഇൻ്റർവ്യു കാർഡ് വരുന്നത്.
അവൻ പോകാൻ മടിച്ചു. സിബിൻ കൂടെച്ചെല്ലാമെന്ന് പറഞ്ഞപ്പോൾ കക്ഷി മദ്രാസിലേക്ക് പോകാൻ സന്നദ്ധനായി. അഭിമുഖത്തിൽ സുഹൃത്തിൻ്റെ കൂടെയിരുന്നു. അവർ സെലക്ട് ചെയ്തത് സിബിയെ. ജക്കാർത്തയിൽ ജോലി ചെയ്യവെ അദ്ദേഹത്തെ കമ്പനി ആഫ്രിക്കയിലേ ക്ക് മാറ്റി. കേരളം പോലെയുള്ള സുമാത്രയോട് വിട പറയാൻ മനസ്സ് അനുവദിച്ചില്ല.
അങ്ങിനെ കൽകത്തക്കാരൻ സുഹൃത്തുമൊത്ത് ആഗ്രോ പ്രോഡക്ടിൻ്റെ ഒരു എക്സ്പോർട്ട് ബിസിനസ് തുടങ്ങി. 18 വർഷമായി മേഡാനിലുണ്ട്. ഭാര്യ ആസ്ട്രേലിയയിൽ പി.എച്ച്.ഡി ചെയ്യുന്നു. സിബിൻ്റെ കൂടെ ഇന്തോനേഷ്യക്കാരൻ സ്നേഹിതൻ സബറുഡിൻ അഹമ്മദും ഉണ്ടായിരുന്നു. അദ്ദേഹം തരക്കേടില്ലാത്ത ഒരു ട്രാൻസ്പോർട്ട് കമ്പനി നടത്തുകയാണ്.
എൻ്റെ ആഗ്രഹ പ്രകാരം ഞങ്ങൾ മേഡാനിൽ ഒരു കൃസ്ത്യൻ ചർച്ചിനോടനുബന്ധിച്ച് കന്യാസ്ത്രീകൾ നടത്തുന്ന വൃദ്ധസദനത്തിലേക്കാണ് ആദ്യം പോയത്. എൻ്റെ അഭ്യർത്ഥന അനുസരിച്ച് ഓൾഡേജ് ഹോം അധികൃതരുമായി സബറുഡിൻ അഹമ്മദ് ബന്ധപ്പെട്ടാണ് വൈകുന്നേരമായിട്ടും ഞങ്ങൾക്ക് അനുമതി ലഭിച്ചത്. സിബിന് ഭാഷയറിയുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി. തവനൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള വൃദ്ധസദനം പോലെ നന്നായി പരിപാലിക്കുന്ന സ്ഥാപനം. അന്തേവാസികളിൽ പണം നൽകി പരിപാലിക്കപ്പെടുന്നവരും ഒന്നും നൽകാതെ സംരക്ഷിക്കപ്പെടുന്നവരുമുണ്ട്. എല്ലാവർക്കും ഒരേ സൗകര്യങ്ങളാണ്. സദനത്തിൽ എല്ലാ ജാതിമത വിഭാഗങ്ങളിൽ പെട്ടവരുമുണ്ട്. ഓരോരുത്തർക്കും അവരവരുടെ രീതികളനുസരിച്ച് പ്രാർത്ഥിക്കാം. യാതൊരു തടസ്സവുമില്ല.
ചൈനയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമൊക്കെ പതിറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിപ്പാർത്ത് ജീവിതത്തിൻ്റെ സായാഹ്നത്തിൽ ഒറ്റപ്പെട്ടവരാണ് കൂട്ടത്തിൽ നല്ലൊരു ശതമാനം. പ്രായത്തിൻ്റെ ചുളിവുകൾ തീർത്ത അവരുടെ മുഖം കൊച്ചു കുട്ടികളുടേതു പോലെയായിരിക്കുന്നു. ഒരു റൂമിൽ മൂന്നോ നാലോ പേരാണ് താമസിക്കുന്നത്. പരിചാരകരായി പെൺകുട്ടികൾ സദാസന്നദ്ധരായി നിൽപ്പുണ്ട്. എല്ലാവരും ഇയർ ഫോൺ വെച്ച് മൊബൈലിൽ ഇഷ്ടപ്പെട്ട പ്രോഗ്രാമുകൾ കാണുകയാണ്. ആരും ആരെയും അലോസരാപ്പടുത്തുന്നില്ല. സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപിക്കാനും ശ്രമിക്കുന്നില്ല. എത്ര പതുക്കെയാണെന്നോ അവർ സംസാരിക്കുന്നത്! അത്രമാത്രം സഹവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഓരോരുത്തരും ജാഗരൂകരാണ്.
വൈകുന്നേരമായതിനാൽ നടത്തിപ്പുകാരിലെ പ്രധാനികളാരും ഉണ്ടായിരുന്നില്ല. മഴ മോശമല്ലാത്ത രീതിയിൽ ഒന്ന് പെയ്തുപോയി. ഉച്ചഭക്ഷണം വൈകിയതിനാൽ ഡിന്നർ ഒരു ചായയിലൊതുക്കാൻ തീരുമാനിച്ചു. ഒരു സാധാരണ റെസ്റ്റോറൻ്റാണ് തെരഞ്ഞെടുത്തത്. ഞങ്ങൾ അവിടെ എത്തുമ്പോൾ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ചായയും ജ്യൂസുമൊക്കെ കുടിക്കുന്നുണ്ട്.
ഏതാണ്ടെല്ലാ ചെറുപ്പക്കാരുടെ വിരലുകൾക്കിടയിലും എരിയുന്ന സിഗരറ്റുകളുണ്ട്. ചില പെൺകുട്ടികളും വലിക്കുന്നുണ്ട്. സിഗരറ്റ് വ്യവസായം ഇന്തോനേഷ്യയിലെ പ്രധാന വ്യവസായമാണ്. ഒരു ദിവസം ചുരുങ്ങിയത് ഒരാൾ ഒരുപാക്കറ്റ് സിഗരറ്റ് വലിക്കുമെന്ന് സബറുഡിൻ പറഞ്ഞു. 20 സിഗരുറ്റുണ്ടാകും ഒരു പാക്കറ്റിൽ. 150 ഇന്ത്യൻ രൂപയാണ് ഒരു പാക്കറ്റ് സിഗരിറ്റിൻ്റെ വില. പുരുഷൻമാർ അലസരായത് അമിത പുകവലി കൊണ്ടാണെന്ന് സിബിൻ അഭിപ്രായപ്പെട്ടു. ക്യാൻസർ ഇന്തോനേഷ്യയിൽ വ്യാപിക്കുന്നതിലും പുകയിലക്കുള്ള പങ്ക് അദ്ദേഹം സൂചിപ്പിച്ചു. ടൗണൊന്ന് കറങ്ങി രാത്രി ഒൻപത് മണിയോടെ താമസസ്ഥലത്തെത്തി.
എൻ്റെ ജന്മദിനം മെയ് 30നാണെന്ന് എൻ്റെ പാസ്പോർട്ടിലെ ജൻമദിനം കണ്ട് മനസ്സിലാക്കിയ ജലീൽ ജക്കാർത്ത എയർപോട്ടിൽ വെച്ച് ഒരു കേക്ക് വാങ്ങി. അവിടെവെച്ച് സ്നേഹത്തോടെ മുറിപ്പിച്ചു. കൂടെ ഒരു മ്യൂസിക് കാർഡും സമ്മാനിച്ചു. ജീവിതത്തിലെ ആദ്യത്തെ ജന്മദിന സമ്മാനം! ജലീൽ നൽകിയ കാർഡ് ബാഗിൽ സൂക്ഷിച്ചു. മേഡാനിൽ വിമാനമിറങ്ങി യാത്ര ചെയ്തു കൊണ്ടിരിക്കെ ബാഗിൽ നിന്ന് ബർത്ത്ഡേ മ്യൂസിക് നിർത്താതെ മുഴങ്ങി. കാര്യം തിരക്കിയ സിബിയോട് നടന്നത് വിശദീകരിച്ചു. ഇതുകേട്ട സിബി ഒരു ബേക്കറിയുടെ മുന്നിൽ നിർത്തി പുറത്തു പോയി. മടങ്ങിവന്ന സിബിയോട് എന്തേ കാര്യം എന്നു തിരക്കി. കേക്ക് വാങ്ങാനെന്ന മറുപടി കിട്ടി.
ഞാനൊരുപാട് വേണ്ടെന്ന് പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഹോട്ടൽ മുറിയിലെത്തി സിബി കേക്ക് ബോക്സ് തുറന്നു. കുഞ്ഞു മെഴുകുതിരി എടുത്ത് കേക്കിൽ കുത്തിനിർത്തി കത്തിച്ചു. എന്നോട് കേക്ക് മുറിക്കാൻ വിനയത്തോടെ പറഞ്ഞു. നിറഞ്ഞ മനസ്സോടെ ഞാനത് അനുസരിച്ചു. അങ്ങിനെ ജീവിതത്തിൽ ആദ്യത്തെ ജന്മദിനം ഞാൻ കോളേജിൽ നിന്ന് റിട്ടയർ ചെയ്യുന്ന ദിവസം അഥവാ 30.5.2023 ന് എൻ്റെ അൻപത്തി ആറാം വയസ്സിൽ ആഘോഷിച്ചു.
അങ്ങിനെ ജീവിതത്തിലെ പ്രഥമ ജൻമദിനാഘോഷത്തിനും ഇന്തോനേഷ്യൻ യാത്ര ഹേതുവായി. ഇതുവരെയും കേക്ക് മുറിച്ച് ജൻമദിനം ആഘോഷിക്കാതിരുന്നത് അതിനോടുള്ള വിരോധം കൊണ്ടല്ല. ഞങ്ങളുടെ വീട്ടിൽ അങ്ങിനെ ഒരു രീതി പിന്തുടർന്നിരുന്നില്ല. എന്നും അന്നം കൊണ്ടുവരാനുള്ള പെടാപ്പാടിൽ പാവം ഉപ്പ കേക്ക് വാങ്ങാൻ മറന്നു പോയിട്ടുണ്ടാകും. ഞങ്ങൾ എഴുമക്കളുടെ ജന്മദിനം കൊണ്ടാടാൻ നിന്നാൽ കുടുംബം തറവാടാകുമെന്ന് അദ്ദേഹം ഒരുപക്ഷേ,
കരുതിക്കാണും. അതുകൊണ്ടാവണം അറിയാതെ ആ വഴിയേ ഞാനും യാത്ര ചെയ്തു. പൊതുപ്രവർത്തന തിരക്കുകൾക്കിടയിൽ മക്കളുടെ ജന്മദിനമൊന്നും ഓർക്കാൻ സമയം കിട്ടിയില്ല. അവരുടെ ജന്മദിനം പ്രമാണിച്ച് ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചതും ഓർക്കുന്നില്ല. ഇതൊക്കെയുണ്ടോ ജലീലും ഭാര്യ നസ്റിനും സുബിനും അറിയുന്നു!
നിശ്ചയിച്ച പ്രകാരം കാക്കനാട് വാഴക്കാല സ്വദേശി റഊഫ് രാവിലെ 9.30ഓടെ ഹോട്ടലിലെത്തി. അദ്ദേഹത്തിൻ്റെ കാറിൽ നേരെ പോയത് സെൻട്രൽ പസറിലേക്കാണ് (പൊതുമാർക്കറ്റ്). മേഡാനിലെ സർവ്വസാധനങ്ങളും വിൽപനക്ക് വെച്ചിരിക്കുന്ന കേന്ദ്രമാണ് സെൻട്രൽ മാർക്കറ്റ്. മൊത്ത വിൽപ്പനയും ചെറുകിട വിൽപ്പനയും പൊടിപൊടിക്കുന്ന സ്ഥലം. മൂന്ന് നിലകളിലായി നൂറുകണക്കിന് കച്ചവടക്കാരാണ് മാർക്കറ്റിൽ സ്ഥാപനങ്ങൾ നടത്തുന്നത്. ഭൂരിഭാഗവും സ്ത്രീകൾ. നല്ല നിലവാരമുള്ള ഉണക്ക മൽസ്യം ഇന്തോനേഷ്യയിൽ സുലഭമാണ്. വസ്ത്രങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, സ്റ്റേഷനറികൾ, തുടങ്ങി അവിടെ കിട്ടാത്ത വസ്തുക്കളൊന്നും ഇല്ല
. അതിനിടയിൽ ഉണക്ക മൽസ്യവും പല ഷോപ്പുകളിലും വിൽപ്പനക്ക് വെച്ചിട്ടുണ്ട്. വിലകുറച്ച് ഉപഭോക്താക്കൾക്ക് ആവശ്യമുള്ള വസ്തുക്കൾ ഈ ജനകീയ ബസാറിൽ കിട്ടും. ചുറ്റും ഖുർആൻ സൂക്തം കാലിഗ്രഫിയിൽ മുദ്രണം ചെയ്ത മനോഹരമായ ക്ലോക്കുകൾ ചില ഷോപ്പുകളിൽ ഇരിക്കുന്നത് കണ്ടു. കാണാൻ ചേലുള്ള ക്ലോക്കുകൾ. കുറച്ചു സമയം കറങ്ങിയ ശേഷം പോയത് മൈമൂൺ പാലസിലേക്കാണ്.
1887ൽ തുടങ്ങി 1891ൽ പണി പൂർത്തിയാക്കിയ മൈമൂൺ പാലസ് രൂപകൽപ്പന ചെയ്തത് ഡച്ച് വാസ്തുവിദ്യാ വിദഗ്ദനാണ്. സുൽത്താൻ മൈമൂൺ അൽറാഷിദാണ് പാലസ് പണികഴിപ്പിച്ചത്. ഇപ്പോഴിത് മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു. അകം നിറയെ ചില്ലറ വിൽപ്പനശാലകളാണ്. മ്യൂസിയത്തിലേക്ക് കയറുമ്പോൾ തന്നെ പരമ്പരാഗത സംഗീതോപകരണങ്ങളുടെ അകമ്പടിയിൽ സുന്ദരമായി പാടിയാണ് വാദ്യകലാകാരൻമാർ സന്ദർശകരെ വരവേൽക്കുന്നത്. സംഗീത ഭ്രാന്തൻമാരാണ് ഇന്തോനേഷ്യക്കാർ. എവിടെച്ചെന്നാലും സംഗീതം കേൾക്കാം. പൊതു മാർക്കറ്റുകളും ബസ്സുകളും പാർക്കുകളും ട്രൈനുകളും പൊതു ഇടങ്ങളും മ്യൂസിയങ്ങളും എല്ലാം സംഗീത സാന്ദ്രമാണ്. എന്തിനധികം തെരുവുകളിൽ പോലും പിയാനോ വായിച്ച് പാട്ടുംപാടി നടക്കുന്നവരെ കാണാം.
ഒരുപക്ഷെ ലോകത്ത് പാട്ടും നൃത്തവും നിത്യജീവിതത്തിൻ്റെ ഭാഗമാക്കിയ മുസ്ലിങ്ങൾ ഇന്തോനേഷ്യക്കാരെപ്പോലെ വേറെ ഉണ്ടോ എന്ന് സംശയമാണ്. ഈ നാട്ടുകാരുടെ ജീവിതം സന്തോഷദായകമായത് അതുകൊണ്ടും കൂടിയാകാം. സംഗീതവും കലാവിനോദങ്ങളും മതനിഷിദ്ധമല്ലെന്ന് കരുതുന്നവരാണ് ഇന്തോനേഷ്യൻ മുസ്ലിങ്ങൾ. കേരളത്തിലെ മുസ്ലിങ്ങളിൽ മാപ്പിളപ്പാട്ടും ഹാർമോണിയവും തബലയും വട്ടപ്പാട്ടും ഒപ്പനയും കോൽക്കളിയും ദഫ്മുട്ടും അറവനയും ഏറെ പ്രചാരം നേടിയിരുന്നു.
പെട്ടിപ്പാട്ടും കോളാമ്പി മൈക്കു വെച്ചുള്ള റെക്കോർഡ് പാട്ടുകളും ഇല്ലാത്ത വിവാഹങ്ങൾ പഴയ കാലത്ത് ഞങ്ങളുടെ നാട്ടിലൊക്കെ വളരെ കുറവായിരുന്നു. തെങ്ങിൻ്റെയും കമുങ്ങിൻ്റെയുമൊക്കെ മണ്ടക്ക് താഴെയായി ഉയരത്തിലാണ് മൈക്ക് കെട്ടുക. കുറിക്കല്യാണം നാട്ടുകാരെ ഓർമ്മപ്പെടുത്താനുള്ള ഉപാധി കൂടിയായാണ് ഈ സമ്പ്രദായം പിന്തുടർന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ദൂരേക്ക് പാട്ടുകൾ കേൾക്കാനാകും. കരോക്കെ രൂപത്തിൽ ഗ്രാമീണ വീടുകളിലേക്ക് കല്യാണത്തലേന്നുള്ള പാട്ടു സമ്പ്രദായം തിരിച്ചുവരുന്നത് ശുഭകരമാണ്. ഒരുപാട് ഗ്രാമീണ കലാകാരന്മാർക്ക് ഇത് പ്രോൽസാഹനമാകും.
ആളുകൾക്കിടയിൽ സൗഹൃദവും സന്തോഷവും പകരാനും സംഗീത വിരുന്നുകൾ പ്രയോജനപ്പെടും. മലയാളികളിൽ ഗൾഫ് കുടിയേറ്റം ഒരുപാട് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതോടൊപ്പം കേരളീയ പാരമ്പര്യങ്ങളെ വെടിയാനും അത് വഴിയൊരുക്കിയോ എന്നൊരു സംശയം മനസ്സിൽ എപ്പോഴും കിടന്ന് കളിക്കാറുണ്ട്. കേരളീയതയും ഹിന്ദുമത ആചാരവും ഒന്നാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചോ? അത് രണ്ടും ചേർത്തുവെക്കേണ്ട കാര്യമില്ല. അറേബ്യയിൽ വളർന്ന മുസ്ലിമേതര വിശ്വാസികൾ ആ നാട്ടിലെ അഭിവാദന രീതി ഉൾപ്പടെ സ്വീകരിച്ചത് കാണാം. അതുപോലെ എന്തുകൊണ്ട് ഇതര രാജ്യങ്ങളിൽ ജീവിക്കുന്ന മുസ്ലിങ്ങൾക്ക് ആയിക്കൂട!
ചില മുസ്ലിം നവോത്ഥാന സംഘടനകൾ കലയും സംഗീതവും ദൈവ ഭക്തിയിൽ നിന്ന് മനുഷ്യനെ തടയുമെന്ന് പ്രചരിപ്പിച്ചു. അവയെല്ലാം മത നിഷിദ്ധങ്ങളാണെന്ന് വിധിയെഴുതി. ഇതോടെ പരസ്പര സ്നേഹത്തിലും സഹിഷ്ണുതയോടെയുള്ള കൂടിച്ചേരലിലും മുസ്ലിങ്ങളും ഹിന്ദുക്കളും കുറച്ച് പിന്നോക്കം പോയി. അറേബ്യൻ സംസ്കാരത്തിൻ്റെ (ഇസ്ലാമിക സംസ്കാരത്തിൻ്റെയല്ല) വിത്ത് മുളപ്പിക്കാനുള്ള മണ്ണായി കേരളീയ മുസ്ലിം സമൂഹ മനസ്സ് മാറാൻ പാടില്ല. ലക്ഷോപലക്ഷം ജനങ്ങളെ തീറ്റിപ്പോറ്റുന്ന നാടെന്ന നിലയിൽ ഗൾഫ് നാടുകളോടും ഓരോരുത്തരും ജോലിയെടുത്ത് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന മറ്റു രാജ്യങ്ങളോടും കടപ്പാടാകാം. സ്നേഹമാകാം. എന്നാൽ അതൊരു അന്ധമായ സാംസ്കാരിക വിധേയത്വമാകാതെ നോക്കണം. ബഹുസ്വര സംസ്കാരത്തിൽ നിന്ന് മുസ്ലിം സമൂഹം തെന്നിമാറുന്നു എന്ന തെറ്റിദ്ധാരണ സഹോദര മതസ്ഥരിൽ വളരുന്നുണ്ട്.
അതു മാറ്റാൻ നമുക്കാവണം. പരമ്പരാഗത സുന്നി മുസ്ലിങ്ങൾ ഒരളവോളം പഴയ പൈതൃകങ്ങളെ നിലനിർത്താൻ ആവുന്നത് ശ്രമിക്കുന്നുണ്ട്. പുത്തൻ പ്രസ്ഥാനക്കാരുടെ ‘പഴഞ്ചൻമാർ’ എന്ന പഴി കേൾക്കാതിരിക്കാൻ കേരളീയ പാരമ്പര്യങ്ങളോട് അൽപം അകൽച്ച അവരും നടിച്ചു തുടങ്ങിയോ എന്ന ശങ്ക ആർക്കെങ്കിലുമുണ്ടായാൽ അവരെ കുറ്റപ്പെടുത്താനാവില്ല. നേർച്ചകളുടെയും ഉറൂസുകളുടെയും ‘ഗരിമ’ മങ്ങിയത് മലബാറിലെ ഹിന്ദുമുസ്ലിം സൗഹൃദത്തിൻ്റെ ഊഷ്മളതയെ പ്രതികൂലമായി ബാധിച്ചു. ഇന്തോനേഷ്യക്കാരിൽ ഇത്തരം ‘നവോത്ഥാന’ പ്രസ്ഥാനങ്ങൾ ഉണ്ടാകാതിരുന്നത് മഹാഭാഗ്യം! പരിഷ്കരണങ്ങളെയും പാരമ്പര്യങ്ങളെയും ഒരേ സമയം ഒത്തൊരുമിച്ച് കൊണ്ടുപോകാൻ മുസ്ലിങ്ങൾക്ക് ആകണമെന്നാണ്
ഇന്തോനേഷ്യ ഓർമ്മപ്പെടുത്തുന്നത് മൈമൂൺ പാലസ് കണ്ട ശേഷം ഇന്ത്യൻ വംശജനായ ആൻ്റെണി ചെല്ലയ്യ നടത്തുന്ന റസ്റ്റോറൻ്റിലേക്കാണ് റഊഫ് കൂട്ടിക്കൊണ്ടു പോയത്.
ചെല്ലയ്യയുടെ അച്ഛച്ഛനും അമ്മമ്മയും ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുമ്പ് മദ്രാസിൽ നിന്ന് ഡച്ചുകാർ കപ്പൽ വഴി എസ്റ്റേറ്റ് തൊഴിലാളികളെ കൊണ്ടുവന്ന കൂട്ടത്തിൽ ഉൾപ്പെട്ട് മേഡാനിൽ എത്തിയതാണ്. 70കാരനായ ചെല്ലയ്യ ഇപ്പോൾ ഇന്തോനേഷ്യൻ പൗരനാണ്. ഇവിടുത്തെ മതമൈത്രി നമ്മുടെ നാട്ടുകാർ കണ്ടു പഠിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരിക്കൽപോലും ഒരു വിവേചനം സർക്കാർ ഓഫീസുകളിൽ നിന്നോ നാട്ടുകാരിൽ നിന്നോ മതത്തിൻ്റെ അടിസ്ഥാനത്തിൽ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ആൻ്റണിയുടെ ഭാര്യ യഖൂബയുടെ മുത്തച്ഛനും മുത്തശ്ശിയും കേരളത്തിൽ നിന്ന് അതേ ഡച്ച് കപ്പലിൽ കടൽകടന്ന് എത്തിയവരാണ്. കേരളത്തിലെ ഏത് പ്രദേശക്കാരാണെന്ന് അവർക്കറിയില്ല. ആൻ്റെണിക്ക് 5 മക്കളുണ്ട്. എല്ലാവരും നല്ല വിദ്യാഭ്യാസം നേടിയവർ.
ആൻ്റണിയേയും കൂട്ടി വിവിധ വർണ്ണങ്ങളിൽ നിർമ്മിച്ച ലോകത്തിലെ ഏക കത്തോലിക്കാ ചർച്ച് കാണാൻ പുറപ്പെട്ടു. ഗാംഭീര്യത്തിൽ ഏഷ്യയിലെ രണ്ടാമത്തെ വേളാങ്കണ്ണി മോഡൽ ചർച്ചാണ് മേഡാനിലെ ‘അണ്ണൈ വേളാങ്കണ്ണി’ ദേവാലയം.
മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം വിശ്വാസികൾ തീർത്ഥാടകരായി ഇവിടെ എത്താറുണ്ടത്രെ.ആൻ്റണി ചെല്ലയ്യ ഞങ്ങൾ വരുന്ന വിവരം ചർച്ചിൻ്റെ സ്ഥാപകനായ ഫാദർ ജെയിംസ് ഭാരത്പുത്രയെ അറിയിച്ചിരുന്നു. മധുരയിൽ ജനിച്ച് ജെസ്യൂട്ട് സൊസൈറ്റിയിൽ ചേർന്ന ഫാദർ ജെയിംസിന് ആദ്യ ചുമതല നൽകിയത് ഹോങ്കോങ്ങിലാണ്. പിന്നെ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും നിയോഗിക്കപ്പെട്ടു.
അവിടെ നിന്നാണ് ഇന്തോനേഷ്യയിലെ മേഡാനിലേക്ക് വന്നത്. 1968 ൽ എത്തിയ ഫാദർ ജെയിംസിന് 86 വയസ്സായി. ഇംഗ്ലീഷും ഹിന്ദിയും തമിഴും നന്നായറിയാം. കുറച്ചൊക്കെ മലയാളവും സംസാരിക്കും. അദ്ദേഹമാണ് പ്രശസ്തമായ ഈ ചർച്ച് പണിയാൻ നേതൃത്വം നൽകിയത്. രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരം പ്രതിഫലിപ്പിക്കുന്ന ചിഹ്നങ്ങൾ ആലേഖനം ചെയ്ത കവാടത്തിലൂടെയാണ് ചർച്ചിലേക്ക് കടക്കുക. ഒരു കെട്ടിടം അവിടെയെത്തുന്നവരെ കൈകൾ വിടർത്തി നെഞ്ചോട് ചേർത്തു പിടിക്കാൻ നീട്ടുന്നതു പോലെയാണ് ചർച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദൈവം മനുഷ്യനെ ആലിംഗനം ചെയ്യുന്നപോലെ. ലോകത്തിലെ ആദ്യത്തെ ‘കളർഫുൾ’ കാത്തലിക്ക് ചർച്ചെന്ന ഖ്യാതിയും ‘അണ്ണയ് വേളാങ്കണ്ണി’ക്കുണ്ടെന്ന് ഫാദർ ജെയിംസ് പറഞ്ഞു. ഏഴുനിലകളായി ഉയരത്തിലാണ് ചർച്ചിൻ്റെ മുൻഗോപുരം പണിതിരിക്കുന്നത്. ബൈബിളിൽ പറഞ്ഞ ഏഴ് ആകാശങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്; പിതാവ് വിശദീകരിച്ചു. ഏത് മതക്കാർക്കും ഇവിടെ വന്ന് അവരുടെ ദൈവത്തോട് ശാന്തമായി പ്രാർത്ഥിക്കാം. അരും തടയില്ല. ചർച്ച് പണിയാൻ എല്ലാ സഹായങ്ങളും ഭരണകൂടം ചെയ്തുകൊടുത്തതായി ഫാദർ ജെയിംസ് ഭാരത്പുത്ര നന്ദിപൂർവ്വം അനുസ്മരിച്ചു.
ലിറ്റ്ൽ ഇന്ത്യ എന്ന പേരിലറിയപ്പെടുന്ന ഒരു തെരുവ് തന്നെ മേഡാനിലുണ്ട്. ഈ തെരുവിൽ ഭൂരിപക്ഷം കടകളും ഇന്ത്യക്കാരുടേതാണ്. എസ്റ്റേറ്റ് തൊഴിലാളികളായി ഡച്ചുകാർ കപ്പലുകളിൽ കൊണ്ടുവന്ന തമിഴരുടെ പിൻമുറക്കാരാണ് ഇന്ത്യൻ വംശജരിൽ അധികവും. നിക്ഷേപകരായി വന്ന പഞ്ചാബികളുമുണ്ട്. ലിറ്റിൽ ഇന്ത്യയിൽ ഒരു മലയാളിയുടെ റസ്റ്റോറൻ്റിൽ നിന്നാണ് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചത്. ഇന്ത്യാ സ്ട്രീറ്റിൽ തമിഴർ പണികഴിപ്പിച്ച ഒരു ഇന്ത്യൻ മസ്ജിദും ക്ഷേത്രവുമുണ്ട്. റോഡിൻ്റെ അപ്പുറത്തും ഇപ്പുറത്തുമായാണ് ക്ഷേത്രവും പള്ളിയും നിൽക്കുന്നത്. സ്ഥിതിഗതികൾ നമ്മുടെ പാർലമെൻ്റ് ഉൽഘാടന ചടങ്ങ് പോലെയാണ് പോകുന്നതെങ്കിൽ മതങ്ങൾക്കതീതമായ ചങ്ങാത്തത്തിൽ
മനുഷ്യർ കഴിയുന്നത് കാണാൻ മറുനാടുകളിൽ പോകേണ്ടി വന്നാലും അൽഭുതപ്പെടേണ്ടതില്ല. അത്രകണ്ട് വെറുപ്പാണ് ഭരണകൂട ഒത്താശയോടെ വിവിധ മത വിഭാഗങ്ങൾക്ക് ഇടയിൽ നമ്മുടെ രാജ്യത്ത് പ്രചരിപ്പിക്കുന്നത്.
പതിനേഴായിരത്തിലധികം ദ്വീപുകളുള്ള ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് സുമാത്ര. ഇരുപത്തിയേഴര കോടി ജനങ്ങളുള്ള ഇന്തോനേഷ്യയിൽ 80 ലക്ഷം ആളുകളാണ് വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്.
ഇന്തോനേഷ്യൻ പ്രവാസികളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. പൊതുവെ വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണരാണ് വീട്ടുജോലിക്കാരായി ഗൾഫ് നാടുകളിലേക്ക് പോകുന്നവരിൽ ഭൂരിഭാഗവും. പുരുഷൻമാർ നാട് വിട്ട് ജോലിക്ക് പോകാൻ താൽപ്പരരല്ല. സുമാത്ര ദ്വീപിൽ എട്ട് പ്രൊവിൻസുകളാണ് ഉള്ളത്. ആറ് കോടി ജനങ്ങളും. ലോകത്ത് ജനസംഖ്യയിൽ നാലാമതുള്ള ഇന്തോനേഷ്യ, ഭൂവിസ്തൃതിയുടെ കാര്യത്തിൽ പതിനാലാം സ്ഥാനത്താണ്. ഒരു ലിറ്റർ പെട്രോളിന് 50ഉം ഡീസലിന് 65ഉം ഇന്ത്യൻ രൂപയാണ് ഇവിടെ വില. പച്ചക്കറി മാർക്കറ്റുകളും മൽസ്യമാർക്കറ്റുകളും വരെ വൃത്തിയിൽ സൂക്ഷിക്കാൻ ജനങ്ങൾ കാണിക്കുന്ന ഉയർന്ന സാമൂഹ്യബോധം എടുത്തു പറയേണ്ടതാണ്.
താമസ സ്ഥലത്തേക്ക് മടങ്ങവെ മേഡാനിലെ സെൻട്രൽ ജയിലും സന്ദർശിച്ചു. റഊഫിൻ്റെ അടുത്ത ഒരു പരിചയക്കാരൻ ജയിലിൽ ജോലി ചെയ്യുന്നുണ്ട്. അദ്ദേഹത്തെ വിളിച്ചാണ് പ്രവേശനം ഉറപ്പാക്കിയത്. 1400ഓളം തടവുകാരുണ്ട് ജയിലിൽ. അതിൽ എഴുപത് ശതമാനവും മയക്ക് മരുന്ന് ഉപയോഗവുമായും വിൽപ്പനയുമായും ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണ്. അതിൽ തന്നെ 18നും 25നുമിടയിൽ പ്രായമുള്ളവരാണ് ഭൂരിഭാഗവും. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തു പോയാൽ ഇവരിൽ എത്ര പേർ അതേ കുറ്റത്തിന് വീണ്ടും ജയിലിലെത്താറുണ്ടെന്ന് ചോദിച്ചപ്പോൾ വിരലിലെണ്ണാവുന്നവർ എന്നായിരുന്നു ജയിലറുടെ മറുപടി. തടവുകാരെക്കൊണ്ട് വിവിധ ഉൽപന്നങ്ങൾ പ്രാദേശിക കമ്പനികൾക്ക് അവരുടെ ബ്രാൻഡിൽ ഉണ്ടാക്കി നൽകുന്ന പദ്ധതി നല്ല നിലയിൽ നടക്കുന്നു. അതിൽ പ്രധാനം ചൂല് നിർമ്മാണമാണ്. സുമാത്രയിൽ വ്യാപകമായി കാണുന്ന തെങ്ങിൻ പട്ട പോലുള്ള ഓലയാണ് ഇതിനായി ഉപയോഗിക്കുന്നത്.
കാഴ്ചയിൽ വീതികൂടിയ ഈർക്കിളാണെന്നാണ് കരുതുക. എന്നാൽ അതൊരു ബലമുള്ള ഓലയാണ്. നന്നായി വളയുന്ന എന്നാൽ പൊട്ടാത്ത ഒരുതരം ഉറപ്പുള്ള ഓല. ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് യൂണിഫോമും തയ്ച്ചുകൊടുക്കും. കരകൗശല വസ്തുക്കളും നിർമ്മിച്ച് നൽകുന്നുണ്ട്. വിറ്റ് കിട്ടുന്ന സംഖ്യ ജോലി ചെയ്തവർക്ക് വീതിച്ച് നൽകും. നമ്മുടെ സെൻട്രൽ ജയിലുകളിലും ഇത്തരം രീതി നിലവിലുണ്ട്. ജയിൽ ഉദ്യോഗസ്ഥർ ഞങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം നല്ല രീതിയിലാണ് മറുപടി നൽകിയത്. വിവിധ മതസ്ഥർ കുടുംബമായി കഴിയുന്ന ഒരു വീട്ടിലും പോയി. റഊഫിൻ്റെ ഇന്തോനേഷ്യൻ പാർട്ട്ണറുടെ അദ്ധ്യാപികയുടെ വീടാണത്. പരസ്പരം അടുത്തറിഞ്ഞും മനസ്സിലാക്കിയും മുന്നോട്ടു പോയാൽ ഒന്നും ഒരു പ്രശ്നമല്ലെന്ന് ബോദ്ധ്യമായ നിമിഷങ്ങൾ. (തുടരും)