കട്ടപ്പന/കൊച്ചി
നന്മയുടെ നിറവുള്ള മനസ്സുമായി ആൻ മരിയക്കായി അതിവേഗം വഴിയൊരുക്കി നാട്. ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ ജീവൻ കാക്കാൻ കട്ടപ്പനയിൽനിന്ന് മിന്നൽ വേഗത്തിൽ പാഞ്ഞ ആംബുലൻസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു. ആശ്വാസം പിന്നെ ആഹ്ലാദമായി. 142 കിലോമീറ്റർ രണ്ടുമണിക്കൂർ 32 മിനിറ്റിൽ താണ്ടിയാണ് ആംബുലൻസ് എത്തിയത്. ആൻ മരിയയുടെ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണനിലയിലായെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ന്യൂറോ പ്രശ്നങ്ങളുണ്ട്. 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും അറിയിച്ചതായി മന്ത്രി പറഞ്ഞു.
കട്ടപ്പന നത്തുകല്ല് പാറയിൽ ജോയിയുടെ മകളാണ് ആൻ മരിയ. വ്യാഴം രാവിലെ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ കുർബാനയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. അമ്മ ഷൈനിയും മറ്റുള്ളവരും ചേർന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഹൈപർട്രോഫിക് ഒബ്സ്ട്രക്ടീവ് കാർഡിയോമയോപ്പതി (ഹൃദയ അറകൾക്ക് കട്ടിയുണ്ടാകുന്ന അവസ്ഥ) മൂലം ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി. വിദഗ്ധചികിത്സ ആവശ്യമായതിനാൽ ഉടൻ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. ബന്ധുക്കൾ മന്ത്രി റോഷി അഗസ്റ്റിനെ വിവരം അറിയിച്ചു. ഡിജിപി, ഇടുക്കി, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവികൾ എന്നിവരെ മന്ത്രി ബന്ധപ്പെട്ട് ആംബുലൻസിന് സുഗമമായ വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. വഴിയൊരുക്കണമെന്ന് അഭ്യർഥിച്ച് ഫെയ്സ്ബുക് പേജിൽ കുറിപ്പുമിട്ടു.
കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ഐസിയു ആംബുലൻസും ജീവനക്കാരും ആശുപത്രിയിലെത്തി ഉദ്ദേശം 11.40ന് പുറപ്പെട്ടു. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് എസ്കോർട്ടുണ്ടായിരുന്നു. ആംബുലൻസ് പുറപ്പെട്ട വിവരം അതത് മേഖലയിലെ സമൂഹമാധ്യമ കൂട്ടായ്മകളും പങ്കുവച്ചു. വിവിധ രാഷ്ട്രീയസംഘടനകളും ഡ്രൈവർമാരും തൊഴിലാളികളും നാട്ടുകാരും ഗതാഗതതടസ്സമുണ്ടാകാത്തവിധം ക്രമീകരണങ്ങളൊരുക്കി. പകൽ 2.12ന് അമൃത ആശുപത്രിയിൽ ആൻ മരിയയുമായി ആംബുലൻസെത്തി. മന്ത്രി റോഷി അഗസ്റ്റിനും ഇതിനുപിന്നാലെ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിച്ച് ക്രമീകരണങ്ങൾ ഒരുക്കി. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയാണ് ആൻ മരിയ.