തിരുവനന്തപുരം
വ്യാഴംമുതൽ സംസ്ഥാനത്ത് വൈദ്യുതിക്ക് യൂണിറ്റിന് 10 പൈസ നിരക്കിൽ സർചാർജ് ഈടാക്കാൻ കാരണം കേന്ദ്ര സർക്കാരിന്റെ വൈദ്യുതി ചട്ടഭേദഗതി. ചട്ടഭേദഗതി പ്രകാരം വൈദ്യുതി വിതരണ കമ്പനികൾക്കുണ്ടാകുന്ന അധികച്ചെലവ് സർചാർജിനത്തിൽ ഉപയോക്താക്കളിൽനിന്ന് മാസംതോറും ഈടാക്കണം. ഈ നടപടി സ്വീകരിക്കാത്ത കമ്പനികൾക്ക് പിന്നീട് അധികച്ചെലവിനുള്ള തുക ഉപയോക്താക്കളിൽനിന്ന് വാങ്ങാൻ കഴിയില്ല.
കേരളത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ഈ ചട്ടം നടപ്പാക്കിയത്. ഗത്യന്തരമില്ലാതെയാണ് കെഎസ്ഇബിക്ക് സർചാർജ് ഈടാക്കേണ്ടിവന്നത്. ഏപ്രിലിലെ അധികച്ചെലവിന്റെ അടിസ്ഥാനത്തിലുള്ള സർചാർജാണ് ജൂണിൽ ഈടാക്കുന്നത്. ഇതേസമയം, നിലവിലുള്ള ഒമ്പതു പൈസയുടെ സർചാർജ് തുടരുകയും ചെയ്യും. കേന്ദ്രചട്ട പ്രകാരമുള്ള സർചാർജ് നിലവിൽ വരുന്നതിനാൽ ഉപയോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക പ്രയാസം കണക്കിലെടുത്താണ് നിലവിലെ ഒമ്പതു പൈസ വർധിപ്പിക്കാതിരുന്നത്. കഴിഞ്ഞ വർഷം ജൂലൈമുതൽ ഡിസംബർ വരെയുള്ള ആറുമാസക്കാലയളവിൽ ഈടാക്കേണ്ട തുകയാണ് ഇത്. 248.08 കോടിയാണ് പിരിച്ചെടുക്കേണ്ടത്. സർചാർജ് 20 പൈസയും. എന്നാൽ, ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കാതിരിക്കാൻ ഒമ്പത് പൈസ തുടരട്ടെയെന്ന് റഗുലേറ്ററി കമീഷൻ തീരുമാനിക്കുകയായിരുന്നു . വ്യാഴാഴ്ചത്തെ 10 പൈസ വർധനകൂടി വരുമ്പോൾ മൊത്തം സർചാർജ് യൂണിറ്റിന് 19 പൈസയാണ്. എന്നാൽ, 1000 വാട്ടിൽ താഴെ കണക്ട് ലോഡുള്ള മാസം 40 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവർ സർചാർജ് നൽകേണ്ടതില്ല. ഗുജറാത്തിൽ നടപ്പാക്കിയ ‘മാതൃക’ കടംകൊണ്ടാണ് കേന്ദ്ര സർക്കാർ വൈദ്യുതി ചട്ടഭേദഗതി കൊണ്ടുവന്നത്. ഗുജറാത്തിൽ നിലവിൽ 3.10 രൂപയാണ് ഇന്ധന സർചാർജ്.
സർചാർജ് കുറവ് കേരളത്തിൽ
ഇന്ധന സർചാർജായി ഗുജറാത്തിൽ യൂണിറ്റിന് 3.10 രൂപയാണ് പിരിച്ചെടുക്കുന്നത്. ഹരിയാന 52 പൈസയും രാജസ്ഥാൻ 45 പൈസയും ഛത്തീസ്ഗഡ് 43 പൈസയും ആന്ധ്ര 21 പൈസയും ഈടാക്കുന്നു. ഈ സ്ഥാനത്താണ് കേരളം 19 പൈസ ഈടാക്കുന്നത്.