കൊച്ചി
സ്റ്റെയ്പ്––ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 11–-ാം എഡിഷൻ വിജയികൾക്കുള്ള സമ്മാനവിതരണം 26ന് നടക്കും. വൈകിട്ട് 5.30ന് തൃശൂർ ഹയാത്ത് കൺവൻഷൻ സെന്ററിൽ (ലുലു കൺവൻഷൻ സെന്റർ) ചേരുന്ന കലാസന്ധ്യയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനങ്ങൾ നൽകും. അക്ഷരമുറ്റം ഗുഡ്വിൽ അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയാകും.
തൃശൂർ ‘കില’യിലായിരുന്നു ടാലന്റ് ഫെസ്റ്റ് 2022 മെഗാഫൈനൽ. വിജ്ഞാനോത്സവത്തോടൊപ്പം ഇക്കുറി സാഹിത്യോത്സവവും ഒരുക്കി. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത വിജ്ഞാനോത്സവത്തിനുള്ള ലോക റെക്കോഡ് നേടിയ അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സമ്മാനസമർപ്പണ ചടങ്ങിന്റെ ഭാഗമായി കേരളത്തിലെ മുൻനിര ഗായകരും കലാകാരന്മാരും അണിനിരക്കുന്ന കലാസന്ധ്യയും ഉണ്ടാകും.
സാങ്കേതികമേഖലയിൽ അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി ഭാവിയുടെ എൻജിനിയർമാരെയും ശാസ്ത്രജ്ഞരെയും വളർത്തിയെടുക്കുന്ന, ടാൽ റോപ്പിന്റെ എഡ് ടെക് സ്ഥാപനമായ ‘സ്റ്റെയ്പാ’ണ് അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2022ന്റെ ടൈറ്റിൽ സ്പോൺസർ. ധനകാര്യ സേവനമേഖലയിൽ കേരളത്തിൽനിന്ന് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും യുഎഇയിലും ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡായി വളർന്ന ബാങ്കിതര ധനസ്ഥാപനമായ ഐസിഎൽ ഫിൻകോർപാണ് സഹ സ്പോൺസർ.
ഇത്തവണയും മെഗാഫൈനലിൽ പങ്കെടുക്കാമെന്ന് മോഹൻലാൽ അറിയിച്ചതായി ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അറിയിച്ചു. അദ്ദേഹത്തെ കൊച്ചിയിലെ വസതിയിലെത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്.