ന്യൂഡൽഹി
ഭരണഘടനാതത്വങ്ങൾക്ക് വിരുദ്ധമായി പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ച് 21 പ്രതിപക്ഷ പാർടി ചടങ്ങ് ബഹിഷ്കരിച്ചു. ഭരണഘടനാപ്രകാരം പാർലമെന്റിന്റെ ഭാഗമായ രാഷ്ട്രപതിയാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന നിലപാടാണ് പ്രതിപക്ഷ പാർടികൾക്ക്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ക്ഷണമില്ലാത്തതും പ്രതിപക്ഷം വിമർശമായി ഉയർത്തുന്നു. പ്രതിപക്ഷ പാർടികൾ സംയുക്തമായി ബഹിഷ്കരണം പ്രഖ്യാപിച്ചത് മോദി ഭരണത്തിനെതിരായ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് കരുത്തേകി.
കോൺഗ്രസ്, സിപിഐ എം, സിപിഐ, ഡിഎംകെ, എഎപി, ആർജെഡി, എസ്പി, തൃണമൂൽ, ജെഡിയു, എൻസിപി, ബിആർഎസ്, ശിവസേന, ജെഎംഎം, കേരള കോൺഗ്രസ്, മുസ്ലിംലീഗ്, ആർഎസ്പി, എംഡിഎംകെ, വിസികെ, ആർഎൽഡി, എൻസി എന്നീ പാർടികളാണ് സംയുക്ത ബഹിഷ്കരണം നടത്തിയത്. എഐഎംഐഎമ്മും ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ പാർടികൾ ബഹിഷ്കരിച്ചതോടെ 539 ലോക്സഭാംഗങ്ങളിൽ 382ഉം 238 രാജ്യസഭാംഗങ്ങളിൽ 131ഉം എംപിമാരാണ് ചടങ്ങിനെത്തിയത്.
ഭരണമുന്നണിയായ എൻഡിഎയിൽ ഉൾപ്പെടാത്ത ബിജെഡി, ബിഎസ്പി, അകാലിദൾ, ജെഡിഎസ്, ടിഡിപി, വൈഎസ്ആർസിപി കക്ഷികൾ പങ്കെടുത്തു. ലോക്സഭാ സ്പീക്കർ, രാജ്യസഭാ ഉപാധ്യക്ഷൻ, മന്ത്രിമാർ, എംപിമാർ എന്നിവർക്ക് പുറമെ യോഗി ആദിത്യനാഥ്, ഏക്നാഥ് ഷിൻഡെ തുടങ്ങിയ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും സേനാ മേധാവികളും ഉദ്ഘാടന ചടങ്ങിനെത്തി. തമിഴ്നാട്ടിൽ നിന്നുള്ള അധീനം സന്ന്യാസിമാർക്ക് പുറമെ സ്വർണ ചെങ്കോലിന്റെ നിർമാതാവായ വുമ്മിടി എതിരാജുലുവും ചടങ്ങിൽ പങ്കാളിയായി. പ്രധാനമന്ത്രി വുമ്മിടിയെ ആദരിച്ചു.
കവാടത്തിൽ ഹൈന്ദവ ചിഹ്നങ്ങൾ
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ആറ് പ്രവേശനകവാടത്തിലും ഹൈന്ദവസങ്കൽപ്പപ്രകാരമുള്ള ദ്വാരപാലകരുടെ ശിൽപ്പങ്ങളും. ഗരുഡൻ, ഗജം, അശ്വം, മഗർ (മുതല), ഹംസം, ഷാർദുൽ (ഖജുരാവോ ക്ഷേത്രത്തിലെ ദ്വാരപാലക രൂപം) എന്നീ ശിൽപ്പങ്ങളാണ് കവാടങ്ങളിൽ ദ്വാരപാലകരായി ഇടംപിടിച്ചിരിക്കുന്നത്. ദേശീയ പക്ഷിയായ മയിലിനെ പ്രതിനിധാനം ചെയ്യുംവിധമാണ് ലോക്സഭാ ചേമ്പർ ഒരുക്കിയത്. രാജ്യസഭാ ചേമ്പറാകട്ടെ ദേശീയ പുഷ്പമായ താമരയെ പ്രതിനിധാനം ചെയ്യുന്നു.
ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഉദ്ഘാടനസെഷനിൽ പ്രദർശിപ്പിച്ച ഡോക്യുമെന്ററിയിൽ പറയുന്നു. പൂർണമായും പേപ്പർരഹിതമാണ്. എംപിമാരുടെ ഇരിപ്പിടങ്ങളിൽ ടച്ച്സ്ക്രീനുകളുണ്ടാകും. വോട്ടിങ്ങിനും മറ്റും ബയോമെട്രിക് സംവിധാനം. പാർലമെന്റ് നിർമാണത്തിന് ഉപയോഗിച്ച സാമഗ്രികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ്. തേക്ക് നാഗ്പുരിൽനിന്നും ചുവപ്പ്–- വെള്ള സാൻഡ്സ്റ്റോണുകൾ രാജസ്ഥാനിലെ സർമതുരയിൽനിന്നുമാണ്. ഉദയ്പുരിൽനിന്ന് ഗ്രീൻ സ്റ്റോൺ, അജ്മീറിൽനിന്ന് റെഡ് ഗ്രാനൈറ്റ്, രാജസ്ഥാനിലെ അംബാജിയിൽനിന്ന് വെള്ള മാർബിൾ എന്നിവയും ഉപയോഗിച്ചു.
അഖണ്ഡഭാരതത്തെ
അനുസ്മരിപ്പിക്കുന്ന ചുവർചിത്രവും
പുതിയ പാർലമെന്റിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് കൂറ്റൻ ചുവർചിത്രത്തിലൊന്ന് ആർഎസ്എസിന്റെ ലക്ഷ്യങ്ങളിലൊന്നായ അഖണ്ഡഭാരതത്തെ ഓർമിപ്പിക്കുന്നത്. പിച്ചളയിൽ തീർത്ത ഈ ചുവർചിത്രത്തിൽ ഇന്ത്യക്കു പുറമെ അയൽരാജ്യങ്ങളായ പാകിസ്ഥാനിലെയും അഫ്ഗാനിലെയും ബംഗ്ലാദേശിലെയും മ്യാൻമറിലെയുമെല്ലാം ഇടങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.
അംശവടിയുമായി ക്രുദ്ധഭാവത്തിൽ നിൽക്കുന്ന ചാണക്യരൂപവും ചുവർചിത്രമായുണ്ട്. പൗരാണിക ഭാരതത്തിന്റെ സാംസ്കാരിക സ്വാധീനമേഖലകൾ എന്ന സങ്കൽപ്പത്തിലാണ് ചുവർചിത്രമെന്ന വിശദീകരണമാണ് കലാരൂപങ്ങൾ തെരഞ്ഞെടുത്ത നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്സ് ഡയറക്ടർ ജനറൽ അദ്വൈത ഗഡനായക്ക് നൽകുന്നത്.