കൊച്ചി
ആഴക്കടലിൽ കപ്പലിൽനിന്ന് 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ച കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത സുബൈർ ദെരക് ഷാൻദേ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്നുള്ള അഭയാർഥിയാണെന്ന് സൂചന. താൻ ഇറാൻ സ്വദേശിയാണെന്ന് ചോദ്യംചെയ്യലിൽ ആവർത്തിച്ചിരുന്നു. എന്നാൽ, പാകിസ്ഥാൻ പാസ്പോർട്ടാണ് ഇയാളുടെ പക്കലുള്ളത്. പിടിച്ചെടുത്ത മെത്താംഫെറ്റമിന്റെ ഉറവിടം, കള്ളക്കടത്ത് സംഘാംഗങ്ങൾ, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
ലഹരിമരുന്ന് പിടിച്ചെടുത്തത് ഇന്ത്യൻ സമുദ്രാതിർത്തിയിൽനിന്നല്ല എന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകൻ ബി എ ആളൂർ ഉന്നയിക്കുന്നത്. ഇന്ത്യൻ സമുദ്രാതിർത്തിയിൽനിന്ന് പിടിച്ചുവെന്നതിന് തെളിവൊന്നും ഹാജരാക്കാനായിട്ടില്ലെന്നും അന്താരാഷ്ട്ര ജലപാതയിൽവച്ചാണ് മയക്കുമരുന്ന് പിടിച്ചതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് ഇന്ത്യയിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സുബൈറിന്റെ ജാമ്യത്തിനായി തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകുമെന്ന് ബി എ ആളൂർ പറഞ്ഞു.
അഞ്ചുദിവസം എൻസിബി കസ്റ്റഡിയിലായിരുന്ന സുബൈർ ദെരക് ഷാൻദേയെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ശനിയാഴ്ച വീണ്ടും റിമാൻഡ് ചെയ്തിരുന്നു.