മതവിശ്വാസവും ആചാരവും ആരും ചോദ്യം ചെയ്യില്ല എന്ന സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന സവിശേഷതകളിൽ ഒന്നാണ്. അതിന് രൂപം നൽകിയ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ആണ് ഞായറാഴ്ച ഒരു മതത്തിന്റെ മന്ത്രധ്വനികൾ മുഴങ്ങിയത്. ബ്രാഹ്മണ്യത്തിന്റെ പുന:സ്ഥാപനമാണ് ലക്ഷ്യം. ഇതിനോളം വലിയൊരു ഇരുട്ട് ഇന്ത്യയെന്ന ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന് വരാനില്ല. ചരിത്രം ഒരു ദിവസംകൊണ്ട് അസ്തമിക്കില്ല. നമ്മുടെ ഇന്ത്യ പുനർജനിക്കുകതന്നെ ചെയ്യും
ന്യൂഡൽഹി
തമിഴ്നാട്ടിൽനിന്നുള്ള ശൈവ സന്ന്യാസിമാരെയും മറ്റ് ഹിന്ദു സന്ന്യാസിമാരെയും അണിനിരത്തി ഹൈന്ദവാചാരങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിന്റെ വിളംബരമെന്ന് തോന്നിപ്പിക്കുന്ന പോലെ പൂജയും മന്ത്രങ്ങളും യാഗവുമൊക്കെയായി ഉദ്ഘാടന ചടങ്ങിനെ മോദി സർക്കാർ പൂർണമായും മതവൽക്കരിച്ചു. ഭരണഘടനാപ്രകാരം മതനിരപേക്ഷ രാജ്യമായിട്ടും ഹിന്ദുമതത്തെ ഔദ്യോഗിക മതമായി അംഗീകരിക്കും വിധമാണ് ചടങ്ങുകൾ ക്രമീകരിച്ചത്. രാജവാഴ്ചയുടെയും ഏകാധിപത്യത്തിന്റെയും ബിംബമായ ചെങ്കോലിന് അമിതപ്രാധാന്യം നൽകി. രാജവാഴ്ചയെ അനുസ്മരിപ്പിച്ച്, സന്ന്യാസിമാരിൽനിന്ന് ചെങ്കോൽ ഏറ്റുവാങ്ങിയ മോദി താൻ രാജാവ് തന്നെയെന്ന് പ്രഖ്യാപിക്കുന്ന നിലയിലാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ അത് സ്ഥാപിച്ചത്.
ശാസ്ത്രാവബോധം വളർത്തുകയെന്നത് പൗരന്റെ കടമയെന്ന് ഭരണഘടന അനുശാസിക്കുന്ന രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട നിയമനിർമാണ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ആദ്യ ഘട്ടം പൂർണമായും മതപരമായിരുന്നു. രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി എത്തിയതോടെ ചടങ്ങുകൾ തുടങ്ങി. ഗാന്ധി പ്രതിമയിൽ പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും ആദരമർപ്പിച്ചു. തുടർന്ന്, മന്ത്രോച്ചാരണങ്ങളോടെ യജ്ഞം. പൂർണകുംഭം നൽകി പൂജാരിമാർ മോദിയെ സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പൂജാരിമാരുടെ നിർദേശപ്രകാരം മോദി കർമങ്ങൾ നിർവഹിച്ചു. മന്ത്രോച്ചാരണങ്ങളോടെ ഒരു മണിക്കൂർ നീണ്ട യജ്ഞത്തിനും പൂജയ്ക്കും ഗണപതി ഹോമത്തിനും ശേഷം പ്രത്യേക പീഠത്തിൽ സ്ഥാപിച്ച ചെങ്കോലിനു സമീപത്തേക്ക് നീങ്ങി. ചെങ്കോലിനെ മോദി വീണു നമസ്കരിച്ചു. ശൈവ സന്ന്യാസിമാരുടെ അനുഗ്രഹം ഏറ്റുവാങ്ങി.
മുതിർന്ന സ്വാമി ചെങ്കോൽ കൈമാറി. അതുമായി പുതിയ പാർലമെന്റിലേക്ക്. അകമ്പടിയായി വേദമന്ത്രോച്ചാരണങ്ങളോടെ കാവിധാരികളായ സന്ന്യാസിമാർ. സ്പീക്കറുടെ ചേമ്പറിനു സമീപം മോദി ചെങ്കോൽ സ്ഥാപിച്ചു. നിലവിളക്ക് തെളിച്ചു. ഉദ്ഘാടനത്തിന്റെ പ്രതീകമായി ശിലാഫലകം അനാച്ഛാദനം ചെയ്തു. നിർമാണപ്രവർത്തകരെ ആദരിച്ചു. പിന്നീട് മോദിയും മന്ത്രിമാരുമെല്ലാം സർവമത പ്രാർഥനയിൽ പങ്കാളികളായി.
പകൽ 12ന് എംപിമാരും മറ്റും പങ്കെടുത്തുള്ള രണ്ടാംഘട്ടത്തിന് തുടക്കമായി. ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. പുതിയ ഇന്ത്യയുടെ വിളംബരമെന്ന് മോദി അഭിസംബോധനയിൽ പറഞ്ഞു. ലോക്സഭാ സ്പീക്കർ ഓംബിർളയും സംസാരിച്ചു. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങൾ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് വായിച്ചു.