പാരിസ്
ഫ്രഞ്ച് ഫുട്ബോൾ ലീഗ് കിരീടം പിഎസ്ജിക്ക്. കിരീടത്തിന് ഒരു പോയിന്റ് മതിയായിരുന്ന പിഎസ്ജി സ്ട്രോസ്ബുർഗുമായി സമനിലയിൽ പിരിഞ്ഞതോടെ കിരീടം ഉറപ്പിച്ചു. ലയണൽ മെസിയാണ് ഫ്രഞ്ച് വമ്പൻമാർക്കായി ഗോളടിച്ചത്. ഇതോടെ മെസിക്ക് യൂറോപ്പിലെ പ്രധാന ലീഗുകളിൽനിന്ന് 496 ഗോളായി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡാണ് മറികടന്നത്. ക്ലബ് തലത്തിലും ദേശീയ ടീമിനുമായി 43 കിരീടങ്ങളുമായി അർജന്റീനക്കാരന്. ബ്രസീൽ മുൻതാരം ഡാനി ആൽവേസിന്റെ റെക്കോഡിനൊപ്പമാണ് എത്തിയത്. ഒരു കളിശേഷിക്കെ രണ്ടാമതുള്ള ലെൻസുമായി നാല് പോയിന്റ് മുന്നിലാണ് പിഎസ്ജി. പതിനൊന്നാം ലീഗ് കിരീടമാണ്. 10 കിരീടങ്ങളുള്ള മാഴ്സെയുടെയും സെന്റ് എറ്റിയനിന്റെയും റെക്കോഡ് മറികടന്നു.
രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു മെസിയുടെ ഗോൾ. കിലിയൻ എംബാപ്പെ അവസരമൊരുക്കി. കെവിൻ ഗമെയ്റോ മറുപടി നൽകി. സമനിലയോടെ സ്ട്രോസ്ബുർഗ് തരംതാഴ്ത്തൽ മേഖലയിൽനിന്ന് രക്ഷപ്പെട്ടു. പിഎസ്ജി കുപ്പായത്തിൽ മെസിയുടെ 32–-ാംഗോളായിരുന്നു. ജൂണിൽ കരാർ അവസാനിക്കുന്ന ഈ മുപ്പത്തഞ്ചുകാരൻ ക്ലബ്ബിൽ തുടരില്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് സീസൺമുമ്പാണ് മെസി ബാഴ്സലോണയിൽനിന്ന് പിഎസ്ജിയിൽ എത്തിയത്. ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ടായിരുന്നു പിഎസ്ജിയുടെ ഈ നീക്കം. മെസി–-നെയ്മർ–-എംബാപ്പെ സഖ്യം അത്ഭുതങ്ങൾ കാട്ടുമെന്നായിരുന്നു പ്രതീക്ഷ. വ്യക്തിഗത മികവുമാത്രമാണ് ഉണ്ടായത്. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പുറത്തായതോടെ കാണികൾ അസ്വസ്ഥരായി. ഫ്രഞ്ച് കപ്പിലും മുന്നേറാനായില്ല ടീമിന്.
ലോകകപ്പിനുശേഷം കാണികൾ മെസിക്കുനേരെ തിരിഞ്ഞു. നെയ്മറിനെയും വെറുതെവിട്ടില്ല. ഇതിനിടയിലും ഈ സീസണിൽ 31 കളിയിൽ 16 ഗോൾ മെസി നേടി. 16 എണ്ണത്തിന് അവസരവുമൊരുക്കി. ഫെബ്രുവരിയിൽ പരിക്കുകാരണം മടങ്ങേണ്ടിവന്ന നെയ്മർ 20 കളിയിൽ 13 ഗോൾ നേടിയിരുന്നു. 11 എണ്ണത്തിന് അവസരമൊരുക്കുകയും ചെയ്തു. എംബാപ്പെ 33 കളിയിൽ 28 ഗോളടിച്ചു. അവസരമൊരുക്കിയത് അഞ്ചെണ്ണത്തിന്.
ഇതിനിടെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തതിന് ക്ലബ് മെസിയെ രണ്ടാഴ്ചത്തേക്ക് വിലക്കുകയും ചെയ്തിരുന്നു. ഇതോടെ ബന്ധം വഷളായി. കരാർ നീട്ടാനുള്ള ശ്രമത്തിൽനിന്ന് പിഎസ്ജി പിന്മാറുകയും ചെയ്തു.
മെസിക്കുപുറമെ നെയ്മറും ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറിന്റെ സ്ഥാനവും പരുങ്ങലിലാണ്. സിനദിൻ സിദാൻ, ലൂയിസ് എൻറിക്വെ, ഹൊസെ മൊറീന്യോ എന്നിവരാണ് പരിഗണനയിൽ.