പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ ആദ്യദിനം അട്ടിമറി. എട്ടാംസീഡ് ഗ്രീസിന്റെ മരിയ സക്കാറിയെ 43–-ാംറാങ്കുകാരി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളി മുചോവ ആദ്യ റൗണ്ടിൽ മടക്കി. രണ്ടാംസീഡ് അറീന സബലേങ്ക രണ്ടാംറൗണ്ടിലെത്തി. പുരുഷ സിംഗിൾസിൽ സ്റ്റെഫനോസ് സിറ്റ്സിപാസും മുന്നേറി.
മുചോവയോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സക്കാറിയുടെ തോൽവി (7–-5, 7–-5). ബെലാറസുകാരിയായ സബലേങ്ക ആദ്യ റൗണ്ടിൽ ഉക്രയ്നിന്റെ മാർട്ട കോസ്റ്റ്യുക്കിനെയാണ് തോൽപ്പിച്ചത് (6–-3, 6–-2). മത്സരശേഷം സബലേങ്ക ഹസ്തദാനം ചെയ്യാനെത്തിയെങ്കിലും മാർട്ട പ്രതികരിക്കാതെ പോകുകയായിരുന്നു.
പുരുഷ സിംഗിൾസിൽ അഞ്ചാംസീഡ് സിറ്റ്സിപാസിന് ആദ്യ റൗണ്ടിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസെലി കടുത്ത പോരാട്ടം നൽകി. നാല് സെറ്റ് പോരാട്ടത്തിലായിരുന്നു ഗ്രീക്കുകാരന്റെ ജയം (7–-5, 6–-3, 4–-6, 7–-6). ഒന്നാംസീഡ് കാർലോസ് അൽകാരെസ് ആദ്യ റൗണ്ടിൽ ഇന്ന് ഇറ്റലിയുടെ ഫ്ലാവിയോ കൊബോള്ളിയെ നേരിടും. മുൻ ചാമ്പ്യൻ നൊവാക് ജൊകോവിച്ച്, സ്റ്റാൻ വാവ്റിങ്ക എന്നിവരും ഇന്നിറങ്ങും.