അഹമ്മദാബാദ്
ഐപിഎല്ലിൽ 250 മത്സരത്തിലേക്കാണ് മഹേന്ദ്രസിങ് ധോണി ചുവടുവയ്ക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ മറ്റൊരു താരത്തിനുമില്ലാത്ത നേട്ടം. ഇനിയൊരു സീസണിൽ കളിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും ധോണി കുറിച്ച റെക്കോഡുകൾ പലതും കാലങ്ങളോളം ശേഷിക്കും. 2008ലെ കന്നിപ്പതിപ്പിൽതന്നെ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി. ഇടയ്ക്ക് റൈസിങ് പുണെ സൂപ്പർ ജയന്റിനായും നാൽപ്പത്തൊന്നുകാരൻ കളിച്ചു.
ഐപിഎല്ലിൽ 249 മത്സരങ്ങളിൽനിന്നായി 5082 റണ്ണാണ് നേടിയത്. 217 ഇന്നിങ്സുകളിൽ 39.09 ആണ് ബാറ്റിങ് ശരാശരി. പ്രഹരശേഷി 135.96. മികച്ച സ്കോർ, പുറത്താകാതെ നേടിയ 84 റൺ. ലീഗിലെ റൺവേട്ടക്കാരിൽ അഞ്ചാംസ്ഥാനത്തുണ്ട്. ആകെ 24 അരസെഞ്ചുറികൾ നേടി. ചെന്നൈക്കായി 219 മത്സരങ്ങളാണ് കളിച്ചത്. 190 ഇന്നിങ്സുകളിൽനിന്ന് 4508 റണ്ണടിച്ചു. 22 അരസെഞ്ചുറികൾ. ബാറ്റിങ് ശരാശരി 40.25.
പുണെ സൂപ്പർ ജയന്റിനായി 2016–-17 സീസണിലാണ് ഇറങ്ങിയത്. 30 മത്സരങ്ങൾ കളിച്ചു. 27 എണ്ണത്തിൽ ബാറ്റ് ചെയ്തു. 574 റണ്ണും നേടി. ആകെ 225 മത്സരങ്ങളിലാണ് റാഞ്ചിക്കാരൻ നായകനായത്. ഇതും റെക്കോഡാണ്. 132 കളികളിൽ ജയിച്ചപ്പോൾ തോൽവി 91 എണ്ണത്തിൽ. ചെന്നൈക്ക് നാല് കിരീടങ്ങൾ സമ്മാനിച്ചതും ധോണിയുടെ മികവാണ്. പുണെയെ ഒമ്പത് മത്സരങ്ങളിലാണ് നയിച്ചത്. അഞ്ച് ജയംമാത്രമേയുള്ളൂ. ഒമ്പത് കളിയിൽ തോറ്റു. 2017ൽ പുണെ ഫൈനലിൽ കടന്നപ്പോൾ ധോണി ടീമിന്റെ ഭാഗമായിരുന്നു.