ന്യൂഡൽഹി
രാജവാഴ്ചക്കാലത്തെ അധികാരക്കൈമാറ്റത്തിന്റെ ചിഹ്നമായ ‘ചെങ്കോൽ’ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതിലൂടെ വെളിപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും ഏകാധിപത്യപ്രവണത. രാജവാഴ്ചക്കാലത്ത് പുതിയ ചക്രവർത്തിയുടെയോ രാജാവിന്റെയോ കിരീടധാരണ ഘട്ടത്തിലാണ് ചെങ്കോൽ കൈമാറുന്നത്. എല്ലാ അധികാരവും ചക്രവർത്തിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതിന്റെ സൂചകംകൂടിയാണ് ചെങ്കോൽ.
രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനവേളയിൽ അധികാരക്കൈമാറ്റത്തെ സൂചിപ്പിക്കുന്ന എന്തെങ്കിലും ആചാരങ്ങൾ ഇന്ത്യയിലുണ്ടോയെന്ന് വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റൺ നെഹ്റുവിനോട് ആരാഞ്ഞിരുന്നു. സി രാജഗോപാലാചാരിയാണ് ചെങ്കോൽ കൈമാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. ചെന്നൈയിലെ സ്വർണാഭരണ വ്യാപാരി വുമ്മിടി ബംഗാരു ചെട്ടി അഞ്ചടി നീളമുള്ള സ്വർണച്ചെങ്കോൽ നിർമിച്ചു. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു മുമ്പായി തമിഴ്നാട്ടിലെ തിരുവാവടുതുറൈ എന്ന ശൈവമഠത്തിലെ പൂജാരി ചെങ്കോൽ നെഹ്റുവിന് കൈമാറുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
രാജവാഴ്ചയുടെ ചിഹ്നമായതുകൊണ്ടുതന്നെ ചെങ്കോലിന് നെഹ്റു പ്രാധാന്യം നൽകിയിരുന്നില്ല. സ്വാതന്ത്ര്യപ്രഖ്യാപനവേളയിലെ അതേ ചടങ്ങുകൾ ആവർത്തിക്കാനാണ് തീരുമാനം. ശൈവമഠത്തിലെ ഇപ്പോഴത്തെ പൂജാരി ചെങ്കോൽ മോദിക്ക് കൈമാറും. മോദി ഇത് പുതിയ പാർലമെന്റിൽ സ്ഥാപിക്കും. രാജ്യത്തിന്റെ അധികാരം പുതിയ പാർലമെന്റിലേക്ക് ഇതോടെ കൈമാറപ്പെടുമെന്നാണ് അമിത് ഷായുടെ അവകാശവാദം.