ന്യൂഡൽഹി
മണിപ്പുരിൽ നടക്കുന്നത് സർക്കാർ സഹായത്തോടെയുള്ള വംശഹത്യയാണെന്നും സംസ്ഥാനത്തുനിന്ന് പർവതമേഖലകളെ പൂർണമായും വിഭജിക്കണമെന്നും ഗോത്ര സംഘടനയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്). ഇതു സംബന്ധിച്ച് മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്ങിന് നേതാക്കൾ കത്തുനൽകി. പ്രധാനമായും കുക്കി––ചിൻ-–-സോമി-–-മിസോ ഗോത്രങ്ങൾ ഉൾപ്പെട്ടതാണ് സംഘടന. 200 ക്രിസ്ത്യൻ പള്ളി തകർക്കപ്പെട്ടെന്നും 100 ഗ്രാമങ്ങൾ ചുട്ടെരിച്ചുവെന്നും സംഘടന വെളിപ്പെടുത്തി. കലാപത്തില് കൊല്ലപ്പെട്ടവരിൽ 44പേര് ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്.
മെയ്ത്തീകൾ ഗോത്രജനതയുടെ വംശഹത്യ നടത്താനാണ് ശ്രമിക്കുന്നതെന്നും അവരുമായി ഒന്നിച്ച് ജീവിക്കാനുള്ള സാധ്യത ഇനിയില്ലെന്നും കത്തിൽ പറയുന്നു. ‘ഭൂരിപക്ഷമായ മെയ്ത്തീകൾ ഞങ്ങളെ വെറുക്കുന്നു. നിലവിൽ താഴ്വരയും പർവതപ്രദേശങ്ങളും തമ്മിൽ കൃത്യമായ വിഭജനമുണ്ട്. ഇംഫാലിൽ താമസിച്ചിരുന്ന ഗോത്രവിഭാഗങ്ങൾ അതാത് പർവതമേഖലയിലേക്കും പർവതമേഖലകളിൽ താമസിച്ചിരുന്ന മെയ്ത്തീകൾ ഇംഫാലിലേക്കും മാറിത്താമസിച്ചു കഴിഞ്ഞതിനാലാണ് വിഭജനം ആവശ്യപ്പെടുന്നത്’ –- കത്തിൽ പറയുന്നു. വംശീയ കലാപം രൂക്ഷമായ ചുരാചന്ദ്പുർ ജില്ലയിലെ ഗോത്രകൂട്ടായ്മയിലെ നേതാക്കളാണ് കത്ത് നല്കിയത്.
കലാപം പൊട്ടിപ്പുറപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും കേന്ദ്രസഹായം പർവതപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ലഭിച്ചിട്ടില്ലെന്നും ഉടൻ ലഭ്യമാക്കണമന്നതുമടക്കം വിവിധ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. സഹായം കേന്ദ്രം നേരിട്ട് നൽകണം.
ഇംഫാലിലും പരിസര ആശുപത്രികളിലുമുള്ള ഗോത്രവർഗക്കാരുടെ മൃതദേഹം സംസ്കാരത്തിനായി ഉടൻ വിട്ടുനൽകണം, മെയ്ത്തീ സായുധ സംഘടനകളിൽനിന്ന് സംരക്ഷണം, ഗോത്രവിഭാഗത്തിൽനിന്നുള്ള സർക്കാർ ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പുനർവിന്യസിക്കൽ, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായവും ഇരകൾക്ക് നഷ്ടപരിഹാരവും ലഭ്യമാക്കൽ തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ.