നൗകാമ്പ്
ജോർഡി ആൽബയുമായുള്ള 11 വർഷത്തെ ബന്ധം ബാഴ്സലോണ അവസാനിപ്പിക്കുന്നു. ഈ ഇടതുപ്രതിരോധക്കാരനുമായുള്ള കരാർ പുതുക്കേണ്ടെന്ന് ക്ലബ് തീരുമാനിച്ചു. വലെൻസിയയിൽനിന്ന് 2012ലാണ് അക്കാദമി താരംകൂടിയായ ആൽബ ബാഴ്സയിൽ എത്തുന്നത്. ക്ലബ്ബിനൊപ്പം ആറ് സ്പാനിഷ് ലീഗ്, ഒരു ചാമ്പ്യൻസ് ലീഗ്, അഞ്ച് സ്പാനിഷ് കപ്പ് എന്നിവ നേടി. ആകെ 458 കളിയിൽ 19 ഗോളടിച്ചു. 91 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ‘ബാഴ്സ എന്നും സ്വന്തംവീടാണ്. എല്ലാ സുന്ദരനിമിഷങ്ങൾക്കും നന്ദി’–-ആൽബ അറിയിച്ചു.
ലീഗിൽ രണ്ട് മത്സരംകൂടിയുണ്ട് ബാഴ്സയ്ക്ക്. മയ്യോർക്കയുമായും സെൽറ്റ വീഗോയുമായും. ഈ മത്സരങ്ങളിൽ മുപ്പത്തിനാലുകാരൻ കളിക്കും. ഔദ്യോഗിക വിടവാങ്ങൽ ചടങ്ങും ഒരുക്കും. ഇനി ഏത് ക്ലബ്ബിലേക്കാണ് എന്നതിൽ സൂചനകളില്ല. സ്പെയ്നിലെയും ഇംഗ്ലണ്ടിലെയുമെല്ലാം ക്ലബ്ബുകൾ ആൽബയ്ക്ക് പിന്നാലെയുണ്ട്. ഇതിനിടെ സ്പാനിഷ് ചാമ്പ്യൻമാരായശേഷമുള്ള തുടർച്ചയായ രണ്ടാംകളിയിലും ബാഴ്സ തോറ്റു. ഇത്തവണ റയൽ വല്ലഡോലിനോട് 1–-3ന് കീഴടങ്ങി.