ചെന്നൈ
വിരമിക്കലിനെക്കുറിച്ച് തൽക്കാലം തീരുമാനമില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. ഡിസംബറിൽ നടക്കുന്ന താരലേലത്തിൽ വ്യക്തതയുണ്ടാകുമെന്നും നാൽപ്പത്തൊന്നുകാരൻ പറഞ്ഞു. ഐപിഎൽ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ചെന്നൈ ഫൈനലിനെത്തിയശേഷമായിരുന്നു ധോണിയുടെ പ്രതികരണം. 10–-ാംതവണയാണ് ചെന്നൈ ഫൈനലിൽ കടക്കുന്നത്. ഐപിഎൽ ഈ സീസണിന്റെ ആദ്യഘട്ടംമുതൽ ധോണിയുടെ വിരമിക്കലുമായ ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾ നിറഞ്ഞിരുന്നു. ഗുജറാത്തുമായുള്ള മത്സരശേഷവും ആ ചോദ്യം വീണ്ടുമെത്തി. ‘കളിക്കാരനായി ചെന്നൈയിൽ ഇനിയുണ്ടാകുമോ എന്ന് എനിക്ക് ഇപ്പോൾ പറയാനാകില്ല. മുന്നിൽ 8–-9 മാസങ്ങളുണ്ട്. തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്. ലേലം ഡിസംബറിലാണ്. ആ ഘട്ടത്തിൽ ചെന്നൈയ്ക്കൊപ്പമുണ്ടാകും. മാർച്ച്മുതൽ പരിശീലനത്തിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം’–- ധോണി പറഞ്ഞു. 2019ലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.
ഗുജറാത്തിനെതിരെ തകർപ്പൻ കളിയായിരുന്നു ചെന്നൈ പുറത്തെടുത്തത്. 172 റണ്ണാണ് ആദ്യം ബാറ്റ് ചെയ്ത് നേടാനായത്. ഗുജറാത്തിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ മികച്ച ബൗളിങ്ങും ഫീൽഡിങ്ങും കൊണ്ട് ചെന്നൈ 157ൽ പുറത്താക്കി. ക്യാപ്റ്റനെന്ന രീതിയിൽ ധോണി നടപ്പാക്കിയ തീരുമാനങ്ങളും മികച്ചതായി. ഫീൽഡിങ് നിയന്ത്രണങ്ങളും ശ്രദ്ധേയമായി.
ഈ സീസണിൽ ചെന്നൈ മുന്നേറുമെന്ന പ്രതീക്ഷ ആദ്യഘട്ടത്തിൽ ഉണ്ടായില്ല. ആദ്യകളിയിൽ ചാമ്പ്യൻമാരായ ഗുജറാത്തിനോട് തോറ്റു. അടുത്ത രണ്ട് കളി ജയിച്ചെങ്കിലും നാലാമത്തെ കളിയിൽ രാജസ്ഥാൻ റോയൽസിനുമുന്നിൽ കീഴടങ്ങി. എന്നാൽ, കളി മാറുന്നതാണ് പിന്നീട് കണ്ടത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്ക്വാദും ഡെവൺ കോൺവെയും ചേർന്ന് എല്ലാ കളികളിലും മിന്നുന്ന തുടക്കം നൽകി. അജിൻക്യ രഹാനെയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് പ്രകടനങ്ങളും ഗുണമായി മാറി. കോൺവെ 15 കളിയിൽ 625 റണ്ണടിച്ചു. ഗെയ്ക്ക്വാദ് 564, ദുബെ 386, രഹാനെ 199 എന്നിങ്ങനെയാണ് മറ്റ് സ്കോറർമാർ. ബൗളർമാരിൽ 21 വിക്കറ്റുമായി ആകാശ് ദേശ്പാണ്ഡെയാണ് മുന്നിൽ. ജഡേജയ്ക്ക് 19ഉം പതിരാനയ്ക്ക് 17ഉം വിക്കറ്റുണ്ട്.
ബൗളിങ്ങിൽ രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈയുടെ കുന്തമുന. ആദ്യ മത്സരങ്ങളിൽ നിറംമങ്ങിയ ദീപക് ചഹാറിന്റെ തകർപ്പൻ തിരിച്ചുവരവും കരുത്തേകി. അവസാന ഓവറുകളിൽ മഹീഷ് പതിരാനയുടെ യോർക്കറുകൾ കളിഗതി മാറ്റി.എല്ലാത്തിനുമുപരി ധോണിയുടെ തന്ത്രങ്ങളായിരുന്നു ചെന്നൈയുടെ കുതിപ്പിന് ഊർജമായത്. 28ന് അഹമ്മദാബാദിലാണ് ഫൈനൽ. ജയിച്ചാൽ അഞ്ചാംകിരീടമാകും ചെന്നൈക്ക്. 2010, 2011, 2018, 2021 വർഷങ്ങളിലാണ് ജേതാക്കളായത്.