മാഡ്രിഡ്
വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപത്തിൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ കൂടുതൽ നടപടികളിലേക്ക്. സംഭവം നടന്ന വലെൻസിയയുടെ മെസ്തല്ല സ്റ്റേഡിയത്തിൽ അടുത്ത അഞ്ചു മത്സരങ്ങളിൽ പകുതിപ്പേരെയേ പ്രവേശിപ്പിക്കാവു. വലെൻസിയ ക്ലബ്ബിന് 40 ലക്ഷം രൂപയും പിഴയിട്ടു.
വലെൻസിയക്കെതിരായ മത്സരത്തിൽ വിനീഷ്യസിന് ചുവപ്പ് കാർഡ് നൽകിയ തീരുമാനവും ഫെഡറേഷൻ എടുത്തുകളഞ്ഞു. ഇതോടെ റയൽ മാഡ്രിഡിന്റെ അടുത്തകളികളിൽ ബ്രസീലുകാരന് പന്തുതട്ടാം. ഞായറാഴ്ചയായിരുന്നു സ്പാനിഷ് ലീഗിലെ റയൽ–-വലെൻസിയ മത്സരത്തിൽ വിനീഷ്യസിനെതിരെ ആരാധകർ വംശീയമുദ്രാവാക്യങ്ങൾ ചൊരിഞ്ഞത്. കുരങ്ങനെന്നും കറുത്തവനെന്നും വിളിച്ചുകൂവി. ഇതിനെ തുടർന്ന് മത്സരം 10 മിനിറ്റ് നിർത്തിവയ്ക്കുകയും ചെയ്തു. സ്റ്റേഡിയത്തിലെ സൗത്ത് സ്റ്റാൻഡിൽനിന്നായിരുന്നു കൂടുതലും വിദ്വേഷ മുദ്രാവാക്യങ്ങൾ. അടുത്ത അഞ്ചു കളിയിലും സൗത്ത് സ്റ്റാൻഡിൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ഫെഡറേഷൻ പ്രേത്യകം നിർദേശിച്ചു.
ഇതിനിടെ വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ച് ബാഴ്സലോണ–-റയൽ വല്ലഡോലിഡ് താരങ്ങൾ ബാനർ ഉയർത്തി. ഇരുടീമുകളും ഏറ്റുമുട്ടുന്നതിനുമുമ്പായാണ് ‘വംശീയത കളത്തിന് പുറത്തെന്ന്’ എഴുതിയ ബാനറുയർത്തിയത്. ബാഴ്സയുടെ ബ്രസീലുകാരൻ റാഫീന്യ വിനീഷ്യസിനൊപ്പമെന്നെഴുതിയ കുപ്പായവും ധരിച്ചു. ബ്രസീലിലെ സ്പാനിഷ് കോൺസുലേറ്റിനുമുന്നിൽ പ്രതിഷേധവും നടന്നു.