സിഡ്നി
ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ പ്രതിഷേധം ശക്തം. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഓസ്ട്രേലിയന്‍ പാർലമെന്റ് മന്ദിരത്തില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിക്കും. ഇന്ത്യയിൽ ഡോക്യുമെന്ററി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.
ബുധനാഴ്ച ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി മോദി നിര്‍ണായക കൂടിക്കാഴ്ച നടത്തവെയാവും മനുഷ്യാവകാശപ്രവര്‍ത്തകരും ജനപ്രതിനിധികളും പാര്‍ലമെന്റില്‍ പ്രതിഷേധ കൂട്ടായ്മയും ഡോക്കുമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കുക. ആംനെസ്റ്റി ഇന്റർനാഷണൽ, ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഓസ്ട്രേലിയ ആൻഡ് ന്യൂസിലൻഡ്, മുസ്ലിം കലക്ടീവ്, ദ പെരിയാർ അംബേദ്കർ തോട്ട് സർക്കിൾ ഓസ്ട്രേലിയ, ദ ഹ്യൂമനിസം പ്രോജക്ട് തുടങ്ങിയ സംഘടനങ്ങള്‍ സംയുക്തമായാണ് മോദിയ്ക്കെതിരായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. പാർലമെന്റിലെ ഹാൾ വാടകയ്ക്കെടുത്താണ് പ്രദർശനം. അതിനു മുമ്പായി വിവിധ എംപിമാർ, ജയിലിലായ മുൻ ഗുജറാത്ത് പൊലീസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ മകൾ ആകാഷി, ആംനെസ്റ്റി ഇന്റർനാഷണലിന്റെ മുൻ ഇന്ത്യാ മേധാവി ആകാർ പട്ടേൽ എന്നിവരും സംസാരിക്കും. വിദേശ ഫണ്ട് സ്വീകരിച്ചെന്ന പേരിൽ ആംനെസ്റ്റി ഇന്റർനാഷണലിനെതിരെ ഇന്ത്യയിൽ കേസുണ്ട്.
പാപുവ ന്യൂഗിനി സന്ദർശനത്തിനുശേഷം ഓസ്ട്രേലിയയിൽ എത്തിയ മോദി ചൊവ്വാഴ്ച പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഓസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം ബ്രിസ്ബെയ്നിൽ പുതിയ കോൺസുലേറ്റ് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യൻ വംശജർ അധികമായുള്ള, പടിഞ്ഞാറൻ സിഡ്നിയിലെ ഹാരിസ് പാർക്കിനെ ‘ലിറ്റിൽ ഇന്ത്യ’ എന്ന് പുനർനാമകരണം ചെയ്യുമെന്നും ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി പ്രഖ്യാപിച്ചു. മേദിയുടെ സന്ദർശം ബുധനാഴ്ച അവസാനിക്കും.