വാഷിങ്ടൺ
അമേരിക്കയിൽ വായ്പാപരിധി ഉയർത്തുന്നതു സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡനും പ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയും നടത്തിയ ചർച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു. ജൂൺ ഒന്നിനു മുമ്പായി പരിധി ഉയർത്തണമെന്നിരിക്കെ, പ്രശ്നപരിഹാരം ഉടൻ സാധ്യമാകില്ലെന്ന ആശങ്കയിലാണ് ബൈഡൻ പക്ഷം. ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ വായ്പാ തിരിച്ചടവ് മുടങ്ങാനും സാധ്യത.
വാർഷിക ബജറ്റ് കമ്മി ചുരുക്കുന്നത് എങ്ങനെയെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്നപരിഹാരത്തിന് തടസ്സമാകുന്നത്. ചെലവ് ചുരുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിനിധിസഭ നിയന്ത്രിക്കുന്ന റിപ്പബ്ലിക്കന്മാർ. ചില നികുതികൾ വർധിപ്പിച്ച് കൂടുതൽ വരുമാനമുണ്ടാക്കാമെന്ന ബൈഡന്റെ നിർദേശത്തെ ഇവർ ശക്തമായി എതിർക്കുന്നു. ജൂൺ ഒന്നിനുമുമ്പ് വായ്പാ പരിധി ഉയർത്തിയില്ലെങ്കിൽ നിത്യച്ചെലവുകൾപോലും പ്രതിസന്ധിയിലാകുമെന്ന് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലെൻ കോൺഗ്രസിന് നൽകിയ കത്തിൽ വ്യക്തമാക്കി.
അമേരിക്ക സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങിയാൽ ലോകമെമ്പാടും അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് ജി ഏഴ് ധനമന്ത്രിമാരുടെ യോഗം കഴിഞ്ഞദിവസം വിലയിരുത്തി.