മാഡ്രിഡ്
‘കറുത്തവനേ പോയ് ചാവ്. കരിങ്കുരങ്ങേ അടങ്ങിയിരിക്ക്’..വലെൻസിയയിലെ മെസ്തല്ല സ്റ്റേഡിയം ഒന്നാകെ ആ നീചമുദ്രാവാക്യങ്ങൾ ഏറ്റുപാടി. റയൽ മാഡ്രിഡ് മുന്നേറ്റക്കാരൻ വിനീഷ്യസ് ജൂനിയറിന് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ആദ്യം ആ ഇരുപത്തിരണ്ടുകാരൻ ക്ഷോഭിച്ചു. സ്റ്റേഡിയത്തിനുനേരേ ചൂണ്ടുവിരലുയർത്തി അട്ടഹസിച്ചു. റഫറിയോട് പരാതി പറഞ്ഞു. പിന്നാലെ പ്രിയ പരിശീലകൻ കാർലോ ആൻസെലോട്ടിയുടെ അടുത്തെത്തി നിസ്സഹായനായി നെടുവീർപ്പിട്ടു. പിന്നീട് തലകുനിച്ചുനിന്നു.
ഇത് ആദ്യമായല്ല ബ്രസീലുകാരൻ സ്പെയ്നിൽ നിറത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്നത്. ഈ സീസണിൽ മാത്രം ഏഴുവട്ടം വംശീയാധിക്ഷേപത്തിന് ഇരയായി. എന്നാൽ, ഒന്നിലും തളരില്ലെന്നും ഈ അനീതിക്കെതിരെ അവസാനശ്വാസംവരെ പോരാടുമെന്നും സമൂഹമാധ്യമത്തിൽ വിനീഷ്യസ് പ്രഖ്യാപിച്ചു. സ്പാനിഷ് ലീഗ് അധികൃതർ കൈയുംകെട്ടി നോക്കിനിൽക്കുകയാണെന്നും സ്പെയ്ൻ വംശീയാധിക്ഷേപത്തിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നതെന്നും തുറന്നടിച്ചു.
വലെൻസിയയുടെ തട്ടകത്തിലായിരുന്നു മത്സരം. കളിക്കായി സ്റ്റേഡിയത്തിൽ ബസിറങ്ങിയതുമുതൽ വിനീഷ്യസിനെതിരെ കുരങ്ങു വിളികളുയർന്നു. ചെറിയ കൂട്ടം ആരാധകരായിരുന്നില്ല. വലെൻസിയയുടെ ഔദ്യോഗിക ആരാധക കൂട്ടായ്മ മുഴുവനായും ഈ കൃത്യത്തിൽ അണിനിരന്നു. മത്സരം തുടങ്ങിയതുമുതൽ ബ്രസീലുകാരന്റെ കാലിൽ പന്തെത്തിയപ്പോഴെല്ലാം വിഷവാക്യങ്ങൾ വിളിച്ചുകൂവി. പൊറുതിമുട്ടിയാണ് എഴുപതാംമിനിറ്റിൽ വിനീഷ്യസ് ഇടപ്പെട്ടത്. ആരാധകരോട് കയർത്തു. റഫറിയോടും പരിശീലകനോടും പരാതി പറഞ്ഞു. ഇതോടെ 10 മിനിറ്റ് കളി നിർത്തിവച്ചു. അൽപ്പം ആളുകളെ സ്റ്റേഡിയത്തിൽനിന്ന് പുറത്താക്കിയതോടെയാണ് രംഗം തണുത്തത്. മത്സരത്തിന്റെ പരിക്കുസമയം വലെൻസിയ താരവുമായുള്ള കശപിശയെ തുടർന്ന് ചുവപ്പുകാർഡ് കണ്ട് കളംവിടുകയും ചെയ്തു വിനീഷ്യസ്. ഇതാദ്യമായാണ് ഇരുപത്തിരണ്ടുകാരൻ സ്പാനിഷ് ലീഗിൽ ചുവപ്പുകാർഡ് വാങ്ങുന്നത്. മത്സരത്തിൽ റയൽ ഒരു ഗോളിന് തോൽക്കുകയും ചെയ്തു.
മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ റയൽ പരിശീലകൻ ആൻസെലോട്ടി ആഞ്ഞടിച്ചു. ഫുട്ബോളിനെ കുറിച്ചൊന്നും സംസാരിക്കാനില്ലെന്നും കടുത്ത അധിക്ഷേപമാണ് നടന്നതെന്നും മത്സരം ഉപേക്ഷിക്കണമായിരുന്നുവെന്നും പരിശീലകൻ ആവശ്യപ്പെട്ടു. ഒരാളോ കൂട്ടവുമല്ല, ഒരു സ്റ്റേഡിയം ഒന്നടങ്കം വംശീയവെറിയുമായി അധിക്ഷേപം ചൊരിഞ്ഞെന്നും ആൻസെലോട്ടി പറഞ്ഞു.
പിന്നാലെയാണ് വിനീഷ്യസ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. ഇതിനെതിരെ സ്പാനിഷ് ലീഗ് പ്രസിഡന്റ് ഹാവിയർ ടെബാസ് രംഗത്തെത്തി. വെറും പരാതി ഉന്നയിക്കുക മാത്രമാണ് താരം ചെയ്യുന്നതെന്ന വിചിത്രവാദമാണ് ടെബാസ് ഉയർത്തിയത്. എന്നാൽ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, മുൻ താരങ്ങളും സഹതാരങ്ങളും ഉൾപ്പെടെ ഒട്ടേറെപ്പേർ വിനീഷ്യസിന് പിന്തുണയുമായി രംഗത്തെത്തി.