ബീജിങ്> അടുത്തയാഴ്ച ശ്രീനഗറിൽ നടക്കുന്ന ജി 20 ടൂറിസം കർമസമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചൈന. ‘തർക്കമേഖലയിൽ’ ജി 20 പരിപാടി സംഘടിപ്പിക്കുന്നതിനെ എതിർക്കുമെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. തുർക്കിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുണ്ട്. സൗദി അറേബ്യ, മെക്സിക്കോ എന്നി രാജ്യങ്ങള്‍ താഴേത്തട്ടിലുള്ള പ്രതിനിധികളെ മാത്രമേ അയയ്ക്കാന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 24 മുതലാണ് ശ്രീനഗറിൽ ദ്വിദിന യോഗം നടക്കുന്നത്.
കശ്മീരിൽ ജി 20 പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ പാകിസ്ഥാനും രംഗത്തുണ്ട്. ബിജെപി സർക്കാർ 2019 ആഗസ്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞശേഷം ഇവിടെ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്രപ്രാധാന്യമുള്ള പരിപാടിയാണിത്. ഇന്ത്യ ജി 20ന്റെ അധ്യക്ഷപദവിയിൽ എത്തിയതോടെ ലോകനേതാക്കളെ കശ്മീരിലെത്തിക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിനാണ് തിരിച്ചടിയേറ്റത്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയത് 2020ൽ തുർക്കിയ പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ യുഎൻ പൊതുസഭയില്‍ ഉന്നയിച്ചിരുന്നു.