ഹിരോഷിമ> റഷ്യയെ ചെറുക്കാൻ അവസാനംവരെയും ഉക്രയ്നൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച് ജി ഏഴ് ഉച്ചകോടി. റഷ്യ ഉക്രയ്നിൽ നടത്തുന്ന യുദ്ധം നിയമവിരുദ്ധവും അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനവുമാണെന്നും ഹിരോഷിമയിൽ നടക്കുന്ന ഉച്ചകോടി വിലയിരുത്തി. ആണവ നിരായുധീകരണ ശ്രമങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും ഉച്ചകോടി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്തോ പസഫിക് മേഖല സ്വതന്ത്രമായി തുടരുമെന്ന് ഉറപ്പാക്കുമെന്നും ഇതിനായി കൂടുതൽ രാജ്യങ്ങളുമായി സഹകരിക്കുമെന്നുമുള്ള ക്വാഡ് നേതാക്കളുടെ പ്രഖ്യാപനം ജി ഏഴ് പ്രസ്താവനയിലും ഇടംപിടിച്ചിട്ടുണ്ട്. ചൈനയ്ക്കെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ജി ഏഴ് അംഗങ്ങൾക്കു പുറമേ മറ്റ് എട്ട് രാഷ്ട്രനേതാക്കളെക്കൂടി ഇത്തവണ ഉച്ചകോടിക്കായി ക്ഷണിച്ചിരുന്നു.
ഉച്ചകോടിക്കെത്തിയ ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ഉക്രയ്നെ സഹായിക്കാനെന്ന പേരിൽ റഷ്യയെ അടിച്ചമർത്താനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് റഷ്യ പ്രതികരിച്ചു. ഉക്രയ്ന് എഫ് 16 ജെറ്റ് വിമാനങ്ങൾ നൽകിയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും പ്രഖ്യാപിച്ചു.
സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി മോദി
പതിനഞ്ച് മാസമായി തുടരുന്ന റഷ്യ–- ഉക്രയ്ൻ സംഘർഷത്തിനിടെ ആദ്യമായി ഉക്രയ്ൻ പ്രസിഡന്റ് വ്ളോദിമർ സെലൻസ്കിയെ നേരിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയായിരുന്നു സന്ദർശനം. ഇരു രാജ്യവും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മോദി പറഞ്ഞു. ജി ഏഴ് യോഗത്തോടനുബന്ധിച്ച് മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡൊ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് തുടങ്ങിയവരുമായി ചർച്ച നടത്തി.
ഹിരോഷിമയില് ഗാന്ധിപ്രതിമ
അമേരിക്ക അണുബോംബിട്ട് 1.4 ലക്ഷംപേരെ കൊന്ന ഹിരോഷിമയിൽ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു.ഹിരോഷിമ സ്മാരകത്തിനു സമീപമാണ് ഗാന്ധിയുടെ അർധകായ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്.