മാഡ്രിഡ്
ടെന്നീസ് ഇതിഹാസം റാഫേൽ നദാലും വിടവാങ്ങുകയാണ്. അടുത്തവർഷത്തോടെ കളം വിടുമെന്നാണ് പ്രഖ്യാപനം. 28ന് തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണിൽ പരിക്കുമൂലം കളിക്കാനില്ലെന്ന് വേദനയോടെ അറിയിച്ചു. കളത്തിലെ ‘ബിഗ് ത്രീ’ എന്ന ഓമനപ്പേരുകാരിൽ റോജർ ഫെഡറർ കളമൊഴിഞ്ഞു. ഇനി നദാലിന്റെ ഊഴം. ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് ക്വാർട്ടറിൽ തോറ്റ് നൊവാക് ജൊകോവിച്ചും പറഞ്ഞത് പുതുതലമുറയുടെ വരവായെന്നാണ്. അതിനർഥം വൈകാതെ ഈ ലോക ഒന്നാംറാങ്കുകാരനും പിന്മാറും.
ഫ്രഞ്ച് ഓപ്പൺ നടക്കുന്ന പാരിസിലെ റൊളാങ്ഗാരോയിലെ കളിമൺകോർട്ടിലേക്ക് നദാൽ വരുന്നില്ലെന്നതുതന്നെ അപകടസൂചനയാണ്. ഒഴിവാക്കാനാകാത്ത ഏത് സാഹചര്യത്തിലും ആ വേദിയിൽ എത്തേണ്ടതാണ്. 2005ൽ അരങ്ങേറിയശേഷം ഒരിക്കൽപ്പോലും വിട്ടുനിന്നിട്ടില്ല. 22 തവണ ഗ്രാന്റ്‌സ്ലാം കിരീടം നേടിയതിൽ പതിനാലും ഫ്രഞ്ച് ഓപ്പണാണ്. കഴിഞ്ഞ 18 വർഷത്തിനിടെ ഇവിടെ 115 മത്സരങ്ങൾ കളിച്ചതിൽ തോറ്റത് മൂന്നെണ്ണംമാത്രം. നാലുതവണ യുഎസ് ഓപ്പണും രണ്ടുതവണവീതം വിംബിൾഡണും ഓസ്‌ട്രേലിയൻ ഓപ്പണും സ്വന്തമാക്കി.
ടെന്നീസ് ജീവിതത്തിൽ ഉടനീളം പരിക്ക് പിറകെയുണ്ടായിരുന്നു. കാൽമുട്ടും കാൽപ്പാദവും കൈക്കുഴകളും പലതവണ പരിക്കിൽ അമർന്നു. അതെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോയത്. ജനുവരിക്കുശേഷം കോർട്ടിൽ ഇറങ്ങിയിട്ടില്ല. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാംറൗണ്ടിൽ തോറ്റു. ഇടുപ്പിനേറ്റ പരിക്കാണ് ഇപ്പോഴത്തെ പ്രശ്‌നം. ഫ്രഞ്ച് ഓപ്പണിനുപിന്നാലെ ജൂലൈ മൂന്നിന് തുടങ്ങുന്ന വിംബിൾഡണിലും ആഗസ്‌തിലെ യുഎസ് ഓപ്പണിലും കളിക്കാനാകില്ല.
രണ്ടാഴ്‌ച കഴിഞ്ഞാൽ 37 വയസ്സായി. കളിക്കളം വിടാനുള്ള സമയമായെന്ന തിരിച്ചറിവിലാണ് നദാൽ. ‘പരിക്ക് വിടാതെയുണ്ട്. എപ്പോൾ ഭേദമാകുമെന്നു പറയാനാകില്ല. ആഗ്രഹത്തിന് അനുസരിച്ച് ശരീരം ചലിക്കണ്ടേ. അതിനാൽ അടുത്ത സീസണിൽ അവസാനിപ്പിക്കാമെന്ന് കരുതുന്നു’–- നദാൽ പറഞ്ഞു. കളത്തിലെ ചടുലതയും കരുത്തുമാണ് നദാലിനെ പ്രിയങ്കരനാക്കിയത്. ഏത് മോശം സാഹചര്യത്തിലും പൊരുതിക്കയറാനുള്ള ഇച്ഛാശക്തിയും മനക്കരുത്തും മാതൃകയായിരുന്നു.