തിരുവനന്തപുരം
എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന കെഫോൺ പദ്ധതി ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക്. ഭരണത്തുടർച്ചയെന്ന പുതുചരിത്രം രചിച്ച് 2021 മെയ് 20നാണ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. സമസ്ത മേഖലയിലും സമഗ്ര മാറ്റങ്ങൾ സൃഷ്ടിച്ചാണ് പിണറായി സർക്കാർ കുതിക്കുന്നത്. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കുന്നതിനൊപ്പം അതിദാരിദ്ര്യം തുടച്ചുനീക്കാനുള്ള സമഗ്രപദ്ധതിയും ആവിഷ്കരിച്ചു.
രണ്ടാംവാർഷിക ആഘോഷ സമാപനം ശനി വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടും പ്രകാശിപ്പിക്കും. ഏപ്രിൽ ഒന്നിന് എറണാകുളത്താണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.















