തിരുവനന്തപുരം > എപ്പോഴാണ് കയ്യിലുള്ള ഏതു നോട്ടുകളും അസാധുവാകുന്നത് എന്നറിയാൻ പറ്റാത്ത, ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.
കേന്ദ്ര ഗവൺമെന്റ് നയമനുസരിച്ച് 2000 രൂപ നോട്ടുകൾ ഇന്നുമുതൽ പിൻവലിക്കുന്നതിനുള്ള നടപടികൾ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബർ 30-നകം കയ്യിലുള്ള 2000 ത്തിന്റെ നോട്ടുകൾ ബാങ്കുകളിൽ കൊടുത്ത് മാറണം എന്നാണ് വാർത്തകളിൽ കാണുന്നത്. ശേഷം ഈ നോട്ടിന്റെ ഉപയോഗമേ ഉണ്ടാകില്ല എന്നാണ് മനസ്സിലാക്കുന്നത്. ക്ലീൻ പോളിസിയുടെ ഭാഗമായി നേരത്തേ പ്രിന്റ് ചെയ്ത നോട്ടുകൾ പിൻവലിക്കുന്നു എന്നേയുള്ളൂ എന്നാണ് റിസർവ്വ് ബാങ്കിന്റെ പക്ഷം.
എന്നാൽ ഇന്ത്യൻ കറൻസി നോട്ടുകൾക്കും രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങൾക്കും യാതൊരു സ്ഥിരതയുമില്ല എന്ന സത്യം പുറത്തുവരുന്നു എന്നതാണ് യാഥാർഥ്യം. രാജ്യത്തെ പൗരന്മാർക്ക് വിശ്വസിച്ച് നോട്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നു. ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ തീരുമാനങ്ങൾ സ്ഥിരതയില്ലാത്തതും അതത് സമയത്ത് തോന്നുന്ന മാനസിക വ്യാപാരങ്ങൾക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതുമാണ് എന്നൊരു അവസ്ഥ വരുന്നു.
നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നും സമ്പദ് വ്യവസ്ഥ കരകയറി വരുന്നേയുള്ളൂ. വീണ്ടും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ എന്താണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്രകാരമുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതിനു മുൻപ് ആവശ്യമായ പഠനങ്ങളും ചർച്ചകളും നടത്താൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാകേണ്ടതാണ് – മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.