വൈപ്പിൻ > വൈപ്പിൻ ജനതയുടെ സ്വപ്നം ഇതാ യാഥാർഥ്യമാകുന്നു. വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗരപ്രവേശനത്തിന് സംസ്ഥാന സർക്കാർ പ്രാഥമിക വിജ്ഞാപനമിറക്കിയതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഗതാഗത സംവിധാനത്തിൽ സ്വീകരിക്കേണ്ട പ്രത്യേക സ്കീമിന്റെ കരട് സഹിതമാണ് അസാധാരണ വിജ്ഞാപനം.
ഒന്നര വ്യാഴവട്ടക്കാലത്തെ ദ്വീപു നിവാസികളുടെ സ്വപ്നമാണ് സാക്ഷാൽകരിക്കപ്പെടുന്നതെന്ന് എംഎൽഎ പറഞ്ഞു.
പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച് പരാതികളും നിർദ്ദേശങ്ങളും 30 ദിവസത്തിനകം ബോധിപ്പിക്കണം. തുടർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം സ്വകാര്യ ബസുകളുടെ നഗര പ്രവേശനത്തിന് പരിപൂർണ നിയമ സാധുത കൈവരും. സ്വകാര്യ ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കാൻ വൈപ്പിൻകരയ്ക്കു പ്രത്യകമായി പുതിയ സ്കീം തയ്യാറാക്കാൻ നേരത്തെ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയിലും എംഎൽഎയുടെ സാന്നിധ്യത്തിലും തിരുവനന്തപുരത്തായിരുന്നു ഉന്നതതല യോഗം. നിയമപരമായ സുസ്ഥിര പ്രാബല്യത്തിനായാണ് പുതിയ സ്കീം കൊണ്ടുവരാൻ തീരുമാനമെടുത്തത്.
കോടതി വിധികളുടെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകളുടെ നഗര പ്രവേശനം നടപ്പാക്കാൻ നിയമപരമായ സാധുതയും പ്രായോഗികതയും ഈ സമീപനത്തിനാണെന്ന് യോഗം വിലയിരുത്തുകയും ചെയ്തു. യോഗത്തിന് പിന്നാലെയാണിപ്പോൾ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ദ്വീപ് നിവാസികളുടെ ആഗ്രഹം സഫലമാക്കാൻ ഊർജിത നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് സ്വകാര്യ ബസുകളുടെ നഗരപ്രവേശനത്തിന് വൈപ്പിൻകരക്ക് മാത്രമായി പ്രത്യേക സ്കീം തയ്യാറാക്കാൻ തീരുമാനിച്ചത്. അഭിപ്രായ ശേഖരണ യോഗമുൾപ്പെടെ എംഎൽഎയുടെ നേതത്വത്തിൽ ചേർന്നു. സർക്കാരിന്റ പ്രത്യേക നിർദേശപ്രകാരമായിരുന്നു യോഗം.
സ്വകാര്യ ബസുകളുടെ നഗരപ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ നഗരത്തിലേക്ക് പുതിയ കെഎസ്ആർടി സർവീസുകൾ ആരംഭിച്ചു. നിയമകുരുക്കുകൾ അഴിക്കാനുള്ള ഊർജിത ശ്രമങ്ങളും നടത്തി. കുപ്രചാരണങ്ങളും പ്രതിബന്ധങ്ങളും മറികടന്നാണ് നിശ്ചയദാർഢ്യ കരുത്തിൽ എൽഡിഎഫ് സർക്കാരും എംഎൽഎയും ദ്വീപ്ജനതയുടെ സ്വപ്നം സഫലമാക്കുന്നത്.