ന്യൂഡൽഹി> കുനോ ദേശീയ ഉദ്യാനത്തിൽ ചീറ്റകൾ ചാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച മൂന്ന് ചീറ്റകൾ രണ്ടുമാസത്തിനുള്ളിൽ ചത്തിരുന്നു. ഈ സാഹചര്യത്തിൽ രാഷ്ട്രീയതാൽപര്യങ്ങൾ മാറ്റിവെച്ച് ചീറ്റകളെ രാജസ്ഥാനിലേക്ക് മാറ്റിക്കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് അന്വേഷിച്ചു.
ധാരാളം ചീറ്റകളെ താമസിപ്പിക്കാനും പരിപാലിക്കാനും കുനോയിൽ സൗകര്യങ്ങൾ ഇല്ലെന്ന മാധ്യമറിപ്പോർട്ടുകൾ ജസ്റ്റിസ് ഭൂഷൺ ഗവായ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. എതിർപാർടിയാണ് രാജസ്ഥാൻ ഭരിക്കുന്നതെന്ന വിചാരത്താൽ അങ്ങോട്ടേക്ക് ചീറ്റകളെ മാറ്റില്ലെന്ന് വാശിപിടിക്കരുത്. ഈ കാര്യത്തിൽ രാഷ്ട്രീയതാൽപര്യങ്ങൾ മാറ്റി നിർത്തിയുള്ള ഇടപെടലുകളാണ് വേണ്ടതെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനെ ഉപദേശിച്ചു. ചീറ്റകൾ ചാവുന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.