തിരുവനന്തപുരം> രാജ്യത്തിന് മാതൃകയായ ബദൽ നയങ്ങൾ ഉയർത്തി മുന്നേറുന്ന രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക്. രണ്ടാം വാർഷികാഘോഷ പരിപാടിയുടെ സമാപനാഘോഷത്തിന്റെ ഭാഗമായുള്ള ഫെയ്സ്ബുക്ക് പ്രൊഫൈൽപിക്ച്ചർ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രചരണം ഹിറ്റായി. ഇതിനോടകം നിരവധി പേർ ക്യാമ്പയിന്റെ ഭാഗമായി. https://twb.nz/pinarayigovt എന്ന പ്രൊഫൈൽ ഫ്രയിം ലിങ്കിലൂടെ കയറി ക്യാമ്പയിനിന്റെ ഭാഗമാകാം.
സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ സമാപനം ശനിയാഴ്ച പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാർഷികാഘോഷ പരിപാടികൾക്കാണ് ശനിയാഴ്ച സമാപനമാകുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം പ്രഖ്യാപിച്ച മൂന്നാമത്തെ നൂറുദിന പരിപാടിയും അവസാനിക്കും. തെരഞ്ഞെടുപ്പു വേളയിൽ ജനങ്ങൾക്കു മുൻപാകെ നൽകിയ വാഗ്ദാനങ്ങൾ എത്ര മാത്രം പ്രാവർത്തികമാക്കിയെന്ന് വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശിപ്പിക്കും.
റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മറ്റ് മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
എൽഡിഎഫിന് ഭരണത്തുടർച്ച സമ്മാനിച്ച് പുതുചരിത്രം രചിച്ച രണ്ടാം പിണറായി സർക്കാർ 2021 മേയ് 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ ഏഴ് വർഷക്കാലം കേരളത്തിന്റെ സമസ്ത മേഖലയിലും സമഗ്ര മാറ്റങ്ങൾ സൃഷ്ടിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത്. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിനൊപ്പം അതിദാരിദ്രം തുടച്ചുനീക്കാനുള്ള സമഗ്രപദ്ധതിയും ആവിഷ്കരിച്ചു.