അഗളി > എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ അട്ടപ്പാടിയിൽ ആകെയുള്ള 10 ഹൈസ്കൂളുകളിൽ എട്ടെണ്ണത്തിനും 100 ശതമാനം വിജയം. അട്ടപ്പാടി താലൂക്കിൽ പരീക്ഷ എഴുതിയ 891 പേരിൽ 875 പേർ ഉന്നത പഠനത്തിന് അർഹത നേടി. 50 വിദ്യാർഥികൾ മുഴുവൻ വിഷയത്തിനും എപ്ലസ് ലഭിച്ചു. 98.20 ആണ് വിജയ ശതമാനം.
തുടർച്ചയായി 10 തവണ സമ്പൂർണ എപ്ലസ് നേടിക്കൊണ്ട് മുക്കാലി എംആർഎസാണ് മികവ് നിലനിർത്തിയതിൽ ഒന്നാമത്. ആകെ പരീക്ഷ എഴുതി വിജയിച്ച 33ൽ മൂന്ന് പേർ സമ്പൂർണ എ പ്ലസ് നേടി. തൊട്ടുപിറകിൽ ഏഴാം തവണയും നൂറുമേനി കൊയ്ത് ചിണ്ടക്കി ആദിവാസി ഹൈസ്കുളുമുണ്ട്. 41 പേരും വിജയിച്ചാണ് മികവ് നിലനിർത്തിയത്. കഴിഞ്ഞ തവണ 100 ശതമാനം നേടിയ കൂക്കംപാളയം സെന്റ് പീറ്റേഴ്സ് സ്കൂൾ ഇത്തവണയും പരീക്ഷ എഴുതിയ 128 പേരിൽ (അഞ്ച് സമ്പൂർണ എപ്ലസ്) വിജയിച്ചു. വട്ടലക്കിയിലെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളും ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളും ഇത്തവണയും നൂറ് ശതമാനം വിജയം തുടർന്നു. ബഥനി സ്കൂളിലെ വിജയിച്ച 25 കുട്ടികളിൽ അഞ്ചുപേർ സമ്പൂർണ എപ്ലസ് നേടി. മൗണ്ട് കാർമലിൽ 135 പേരും (20 എപ്ലസ്) വിജയിച്ചു.
ഇത്തവണ സമ്പൂർണ വിജയം നേടിയ ജിവിഎച്ച്എസ്എസ് അഗളിയിലാണ് ഏറ്റവുമധികം കുട്ടികൾ പരീക്ഷ എഴുതിയത്. ഇവിടെ വിജയിച്ച 259 കുട്ടികളിൽ 16 പേർ മുഴുവൻ എപ്ലസ് നേടി. കഴിഞ്ഞ തവണ 252 പേരിൽ 243 കുട്ടികൾ വിജയിച്ചു. രണ്ട് കുട്ടികൾ പരീക്ഷ എഴുതിയില്ല. 96 ആണ് അന്ന് വിജയശതമാനം (ഏഴ് സമ്പൂർണ എപ്ലസ്).
കൂടാതെ പുതൂർ ട്രൈബൽ ഹൈസ്കൂളിൽ ഇത്തവണ പരീക്ഷ എഴുതിയ 25 കുട്ടികളും വിജയിച്ചു. കഴിഞ്ഞ തവണ 34ൽ ഒരാൾ തോറ്റതുകൊണ്ട് 100 ശതമാനം നഷ്ടമായിരുന്നു. മട്ടത്തുക്കാട് ഹൈസ്കൂളിൽ 18 പേരും വിജയിച്ച് ആദ്യമായി 100 ശതമാനം നേടി. കഴിഞ്ഞ വർഷം 27 വിദ്യാർഥികളിൽ 25 പേരാണ് വിജയിച്ചത്.
മികച്ച നേട്ടത്തിനിടയിലും ഷോളയൂർ ട്രൈബൽ ഹൈ സ്കൂളിൽ പരീക്ഷ എഴുതിയ 121 കുട്ടികളിൽ 107 പേരാണ് വിജയിച്ചത് (88 ശതമാനം). ഒരാൾ സമ്പൂർണ എപ്ലസ് നേടി. 14 പേർ തോറ്റു. കോട്ടത്തറ ആരോഗ്യമാതാ സ്കൂളിൽ 104 പേർ വിജയിച്ചു (98 ശതമാനം). രണ്ടുപേർ തോറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ മികച്ച ഫലമാണ് ഇത്തവണത്തേത്. കഴിഞ്ഞ വർഷം അഞ്ച് വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം നേടിയത്. 30 കുട്ടികൾ സമ്പൂർണ എപ്ലസ് നേടി. 96.70 ആയിരുന്നു അന്ന് അട്ടപ്പാടിയുടെ ആകെ വിജയ ശതമാനം.