ന്യൂഡൽഹി> അദാനിഗ്രൂപ്പിന് എതിരായ ഹിൻഡെൻബെർഗ് വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം നടത്തുന്ന വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) ക്ലീൻചിറ്റ്. അദാനി ഗ്രൂപ്പിന് എതിരെ ഉയർന്ന ഓഹരിവിലയിൽ കൃത്രിമം കാണിക്കൽ, സെക്യൂരിറ്റീസ് റൂൾസ് ലംഘനം തുടങ്ങിയ ആരോപണങ്ങളിൽ സെബി നടത്തിയ അന്വേഷണത്തിൽ വീഴ്ച്ചകൾ ഇല്ലെന്ന് മുൻ ജഡ്ജി എ എം സാപ്രെ അദ്ധ്യക്ഷനായ വിദഗ്ധസമിതി റിപ്പോർട്ടിൽ പറഞ്ഞു.
പല കാര്യങ്ങളിലും സെബിക്ക് സംശയങ്ങൾ ഉണ്ടെങ്കിലും അതൊന്നും ശക്തമായ ഒരു കേസായി വളർത്താൻ കഴിഞ്ഞിട്ടില്ലെന്ന ശ്രദ്ധേയമായ നിരീക്ഷണവും റിപ്പോർട്ടിലുണ്ട്. നിലവിലെ സാഹചര്യത്തിൽ, ഓഹരിവില നിർണയത്തിലെ ഉപജാപങ്ങൾ തടയുന്നതിൽ മൊത്തംസംവിധാനം പരാജയപ്പെട്ടെന്ന നിഗമനത്തിലാണ് എത്തിച്ചേരാൻ കഴിഞ്ഞിട്ടുള്ളതെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ അറിയിച്ചു.
ഹിൻഡെൻബെർഗ് വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതിയാണ് വിദഗ്ധസമിതി രൂപീകരിച്ചത്. സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് ഇപ്പോൾ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. നേരത്തെ, ആഗസ്ത് 14നുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി സെബിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, അന്വേഷണം പൂർത്തിയാക്കാൻ ആറുമാസം വേണമെന്ന നിലപാടിൽ സെബി ഉറച്ചുനിൽക്കുകയാണ്. അദാനിഗ്രൂപ്പിനെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് സെബി നടത്തുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.