സുജോ (ചൈന)
ലോക ബാഡ്മിന്റൺ മിക്സഡ് ടീം ചാമ്പ്യൻഷിപ്പായ സുദിർമാൻ കപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ചൈനീസ് തായ്പേയിക്കെതിരായ മത്സരത്തിൽ അഞ്ചിൽ നാലു കളിയും തോറ്റു. വനിതാ ഡബിൾസിൽ മലയാളിതാരം ട്രീസ ജോളി–-ഗായത്രി ഗോപിചന്ദ് സഖ്യമാണ് ആശ്വാസജയം നേടിയത്.
സിംഗിൾസിൽ മലയാളിതാരം എച്ച് എസ് പ്രണോയിയും പി വി സിന്ധുവും തോറ്റു. ചൈനയുടെ ലോക അഞ്ചാംനമ്പർ താരം ചോ ടിൻ ചെൻ 21–-19, 21–-15ന് പ്രണോയിയെ തോൽപ്പിച്ചു. ലോക 12–-ാം റാങ്കുകാരിയായ സിന്ധു ഒപ്പത്തിനൊപ്പം പൊരുതിയാണ് കീഴടങ്ങിയത്. എതിരാളി ലോക മൂന്നാംനമ്പർ താരം തായ് ടിസു യിങ് ആദ്യസെറ്റ് 21–-14ന് ജയിച്ചശേഷം അടുത്തത് സിന്ധു 21–-18ന് നേടി. നിർണായകമായ മൂന്നാംസെറ്റിൽ തായ് ടിസു 21–-17ന് ജയിച്ചുകയറി. തുടർച്ചയായി എട്ടാംതവണയാണ് സിന്ധു ഈ കളിക്കാരിയോട് തോൽക്കുന്നത്.
മിക്സഡ് ഡബിൾസിൽ സായ് പ്രതീക്–-താനിഷ ക്രാസ്റ്റോ സഖ്യയും പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ്–-ചിരാഗ് ഷെട്ടി സഖ്യവും പരാജയപ്പെട്ടു. നാലു കളി തോറ്റശേഷമാണ് ട്രീസ ജോളിയും ഗായത്രിയും മാനം കാത്തത്. ആദ്യസെറ്റ് 15–-21ന് കൈവിട്ടശേഷമാണ് തിരിച്ചുവന്നത്.
ഇന്ത്യ ഉൾപ്പെട്ട ‘സി’ ഗ്രൂപ്പിൽ മലേഷ്യ ഓസ്ട്രേലിയയെ അഞ്ചു കളിയിലും തോൽപ്പിച്ചു. ഇന്ത്യക്ക് ഇന്ന് മലേഷ്യയാണ് എതിരാളി. 17ന് ഓസ്ട്രേലിയ. നാലു ടീമുള്ള ഗ്രൂപ്പിൽ രണ്ട് സ്ഥാനക്കാർക്കാണ് ക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കുക. അതിനാൽ ഇന്നത്തെ കളി ഇന്ത്യക്ക് നിർണായകമാണ്. സുദിർമാൻ കപ്പ് ചൈനയുടെ കുത്തകയാണ്. 17 തവണ ചാമ്പ്യൻഷിപ് നടന്നതിൽ 12 തവണയും ചൈന ജേതാക്കളായി. അവസാന രണ്ടു ചാമ്പ്യൻഷിപ്പും ചൈനയാണ് ജയിച്ചത്. ദക്ഷിണകൊറിയ നാലുതവണ ജേതാക്കളായിട്ടുണ്ട്. ആദ്യ ചാമ്പ്യൻഷിപ് 1989ൽ ഇന്തോനേഷ്യ ജയിച്ചു. 2011ലും 2017ലും ക്വാർട്ടറിലെത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം. കഴിഞ്ഞതവണ ചൈനയോടും തായ്ലൻഡിനോടും ഗ്രൂപ്പിൽ തോറ്റ് പുറത്തായിരുന്നു.