ലണ്ടൻ
ഇകായ് ഗുൺഡോവന്റെ അത്ഭുത ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടത്തിലേക്ക് വഴിതുറന്നു. മനോഹര പ്രകടനത്തിലൂടെ ഗുൺഡോവൻ സിറ്റിക്ക് എവർട്ടണിനെതിരെ മൂന്ന് ഗോൾ ജയം നൽകി. ഇതോടെ മൂന്ന് കളി ശേഷിക്കെ ഒന്നാംസ്ഥാനത്ത് സിറ്റിക്ക് 85 പോയിന്റായി. രണ്ടാമതുള്ള അഴ്സണലിനെക്കാൾ നാല് പോയിന്റ് മുന്നിൽ. കിരീടം നിലനിർത്താൻ സിറ്റിക്ക് ഇനി രണ്ട് ജയം മതി. ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ റയൽ മാഡ്രിഡിനെ സമനിലയിൽ പിടിച്ചശേഷം കളത്തിലെത്തിയ സിറ്റി ആധികാരിക പ്രകടനം പുറത്തെടുത്തു. റയലിനെതിരെ ഗോളടിച്ച കെവിൻ ഡി ബ്രയ്നെ പെപ് ഗ്വാർഡിയോള ഇറക്കിയില്ല. പകരം റിയാദ് മഹ്റെസ് എത്തി. പ്രീമിയർ ലീഗ് അവസാന കളിയിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ഇരട്ടഗോൾ നേടിയ ഗുൺഡോവൻ ആ മികവ് തുടർന്നു.
ആദ്യപകുതി അവസാനിക്കുംമുമ്പായിരുന്നു ഗുൺഡോവന്റെ മിന്നുംഗോൾ. മഹ്റെസ് വലതുഭാഗത്തുനിന്ന് തൊടുത്ത പന്ത് സ്വീകരിച്ച്, വലയിലേക്ക് നോക്കുകപോലും ചെയ്യാതെ വലതുകാൽകൊണ്ട് തട്ടിയിട്ടു. എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് കാഴ്ചക്കാരനായി.
രണ്ട് മിനിറ്റിനിടെ സിറ്റിയുടെ രണ്ടാംഗാേളുമെത്തി. ഇക്കുറി ഹാലണ്ട്, ആസൂത്രകൻ ഗുൺഡോവൻ. ഈ ജർമനിക്കാരന്റെ ഇടതുഭാഗത്തുനിന്നുള്ള ക്രോസിൽ ഹാലണ്ട് പറന്നുയർന്ന് തലവച്ചു. സീസണിൽ ഹാലണ്ടിന്റെ 52–-ാംഗോൾ.
രണ്ടാംപകുതിയുടെ തുടക്കത്തിൽ തകർപ്പനൊരു ഫ്രീകിക്ക് കൊണ്ട് ഗുൺഡോവൻ സിറ്റിയുടെ ജയം പൂർത്തിയാക്കി. സിറ്റിക്ക് ഇനി ബ്രൈറ്റൺ, ചെൽസി, ബ്രെന്റ്ഫോർഡ് ടീമുകളെയാണ് നേരിടേണ്ടത്.തോൽവിയോടെ എവർട്ടൻ തരംതാഴ്ത്തൽ ഭീഷണിയിലായി. 36 കളിയിൽ 32 പോയിന്റുമായി 17–-ാംസ്ഥാനത്താണ്. ലീഡ്സിനെക്കാൾ ഒരു പോയിന്റ്മാത്രം മുന്നിൽ.