ചെന്നൈ
ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഐപിഎൽ ക്രിക്കറ്റിൽ സാധ്യത നിലനിർത്തി. ക്യാപ്റ്റൻ നിതീഷ് റാണയും (44 പന്തിൽ പുറത്താകാതെ 57) റിങ്കു സിങ്ങും (43 പന്തിൽ 54) ചേർന്നാണ് ജയമൊരുക്കിയത്.
സ്കോർ: ചെന്നൈ 6–-144, കൊൽക്കത്ത 4–-147 (18.3).
അഞ്ചാം ഓവറിൽ 33 റണ്ണിന് മൂന്ന് വിക്കറ്റ് നഷ്ടമായശേഷമാണ് ഇരുവരും ഒത്തുചേർന്നത്. നാലാം വിക്കറ്റിൽ 99 റണ്ണടിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് ശിവം ദുബെയാണ് പൊരുതാനുള്ള സ്കോർ നൽകിയത്. 11 ഓവറിൽ 72 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടശേഷമാണ് ദുബെ 34 പന്തിൽ പുറത്താകാതെ 48 റണ്ണടിച്ചത്. രവീന്ദ്ര ജഡേജ (20) നല്ല കൂട്ടായി. ഇരുവരും 68 റണ്ണടിച്ചു. ഡെവൻ കോൺവെ 30 റൺ നേടി.
കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റുവീതം നേടി. ചെന്നൈയുടെ ദീപക് ചഹാറിന് മൂന്ന് വിക്കറ്റുണ്ട്.