കൊച്ചി > നർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) നാവികസേനയും ചേർന്ന് കടലിൽനിന്ന് പിടികൂടിയ മയക്കുമരുന്ന് കുപ്രസിദ്ധ ലഹരിക്കടത്തുസംഘമായ ഹാജി സലിം നെറ്റ്വർക്കിന്റേതെന്ന് സ്ഥിരീകരണം. പിടിയിലായ പാകിസ്ഥാൻ സ്വദേശി സുബൈറാണ് ഇക്കാര്യം എൻസിബിയോട് വെളിപ്പെടുത്തിയത്. മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട് ഇയാളിൽനിന്ന് ലഭിച്ച നിർണായകവിവരങ്ങൾ എൻസിബി പരിശോധിച്ചുവരുന്നു. സുബൈറിനെ തിങ്കൾ രാവിലെ കോടതിയിൽ ഹാജരാക്കും.
ഹാജി സലിം നെറ്റ്വർക്കിനായി സുബൈർ മുമ്പും ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്ന് സൂചനയുണ്ട്. ശ്രീലങ്കയിലേക്കും മാലദ്വീപിലേക്കും ലഹരിക്കടത്ത് നടത്തിയതായാണ് സംശയം. പേരില്ലാത്ത മദർഷിപ്പ് മുക്കിയശേഷം നാവികസേനയുടെ കണ്ണുവെട്ടിച്ച് സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ടവർ ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപുകളിൽ ഒളിച്ചതായാണ് സൂചന. ഇവർക്കായി നാവികസേന പരിശോധന തുടരുന്നു. കോസ്റ്റ് ഗാർഡും പരിശോധന നടത്തുന്നുണ്ട്.
രണ്ട് സ്പീഡ് ബോട്ടാണ് മദർഷിപ്പിലുണ്ടായിരുന്നത്. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് സുബൈറിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബോട്ടും കിട്ടി. കപ്പലിൽനിന്ന് ലഭിച്ച ജിപിഎസ് ട്രാക്കർ പരിശോധിക്കുകയാണ്. ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായി നാലുദിവസംമുമ്പാണ് ഇന്ത്യൻ സമുദ്രാതിർത്തിയിൽനിന്ന് കോടികൾ വിലമതിക്കുന്ന മെത്താംഫെറ്റാമിൻ പിടികൂടിയത്.
യഥാർഥ മൂല്യം 25,000 കോടി
ഓപ്പറേഷൻ സമുദ്രഗുപ്തിലൂടെ പിടികൂടിയ മയക്കുമരുന്നിന്റെ യഥാർഥ വില 25,000 കോടി രൂപയാണെന്ന് എൻസിബി സ്ഥിരീകരിച്ചു. കൊച്ചി തുറമുഖത്ത് എത്തിച്ച ലഹരിമരുന്നിന്റെ പരിശോധന ശനി വൈകിട്ട് പൂർത്തിയായതോടെയാണ് അന്തിമവില നിജപ്പെടുത്തിയത്. 15,000 കോടി രൂപയാണെന്നായിരുന്നു ആദ്യ വിലയിരുത്തൽ. മുന്തിയ ഇനം മെത്താംഫെറ്റാമിൻ ആയതിനാലാണ് വിലയിൽ വലിയ അന്തരമുണ്ടായത്. 2525 കിലോഗ്രാമാണ് ആകെ തൂക്കം. ഒരു കിലോഗ്രാം ബോക്സ് മൂന്ന് അടുക്കായി പൊതിഞ്ഞാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ 2800 പെട്ടികളുണ്ടായിരുന്നു. പാകിസ്ഥാനിൽ ഉൽപ്പാദിപ്പിച്ച് അവിടെ വിതരണം ചെയ്യുന്ന വിവിധ ബസ്മതി അരിക്കമ്പനികളുടെ 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.