കൊച്ചി > ബിജെപിക്ക് അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്ന് അരുന്ധതി റോയ്. ക്രിസ്ത്യൻ മത മേലധികാരികൾക്ക് ബിജെപിയുമായി ചർച്ച നടത്താൻ എങ്ങനെ സാധിക്കുന്നുവെന്നും മണിപ്പുരിലും ഛത്തീസ്ഗഡിലും നടക്കുന്നത് അവർ കാണുന്നില്ലേയെന്നും അരുന്ധതി റോയ് ചോദിച്ചു. യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘വർത്തമാനകാല ഇന്ത്യ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
ബിജെപിക്കെതിരെ ഒരുമിക്കണം. ദക്ഷിണേന്ത്യയിലെ വിജയവും പോരാട്ടവും ഡൽഹിയിലേക്കും പടരണം. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ് നമ്മൾ. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. ഫാസിസ്റ്റുകൾ അടിസ്ഥാനപരമായി വിഡ്ഡികളാണ്. എല്ലാത്തരത്തിലുള്ള വിവേകപൂർണമായ ഇടപെടലുകളെ അവർ എതിർക്കും.
രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങൾക്കും പണം മുടക്കുന്നത് കോർപറേറ്റുകളാണ്. മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുകയാണ് മാധ്യമങ്ങൾ. യഥാർഥ മാധ്യമ ധർമം നിറവേറ്റുന്ന ദൗത്യം നിർവഹിക്കുന്നത് നവമാധ്യമങ്ങളാണ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ അവയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. പുതിയ ഐടി നിയമം ഇതിന്റെ ഭാഗമാണ്.
കേന്ദ്രസർക്കാർ വെട്ടിക്കളഞ്ഞ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ അഭിനന്ദിക്കുന്നു. ഏറ്റവും സുരക്ഷിതവും സുന്ദരവുമായ നാടാണ് കേരളം. മതസൗഹാർദത്താടെ വർത്തിക്കുന്ന നാടാണിത്. ‘കേരള സ്റ്റോറി’ എന്ന സിനിമ ആരും വിശ്വസിക്കില്ല. അപഹാസ്യകരമായ പരിശ്രമമായിരുന്നു ഇതെന്നും അരുന്ധതി റോയ് പറഞ്ഞു. വി എസ് കൈകസി മോഡറേറ്ററായി.