കൊല്ലം
ദേശീയപാതാ വികസനത്തിൽ യുഡിഎഫ് ഭരണകാലത്തുണ്ടായ കെടുകാര്യസ്ഥതയ്ക്ക് കേരളത്തിന് കിട്ടിയ പിഴയാണ് ഭൂമി ഏറ്റെടുക്കാൻ നൽകേണ്ടി വന്ന 5500 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് എൽഡിഎഫ് കുണ്ടറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാതാ വികസനം ഇനി നടക്കില്ലെന്ന് പലരും ധരിച്ചു. എന്നാൽ, എൽഡിഎഫ് സർക്കാർ 2016ൽ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കുന്നതിന്റെ ബാധ്യത സംസ്ഥാനം നിർവഹിക്കണമെന്ന വാദം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒടുവിലുണ്ടായ ഒത്തുതീർപ്പിലാണ് 25 ശതമാനം തുക സംസ്ഥാനം നൽകാമെന്ന തീരുമാനത്തിൽ എത്തിയത്. ചെയ്യേണ്ടത് സമയത്ത് ചെയ്യാത്തതിന്റെ പിഴയാണിത്. ഇപ്പോൾ നിർമാണം അതിവേഗത്തിലാണ്. നടക്കില്ലെന്നു പറഞ്ഞ പദ്ധതികളെല്ലാം കേരളം നടപ്പാക്കുകയാണ്. 6500കോടി രൂപ ചെലവഴിച്ചാണ് തീരദേശവികസനം. മലയോര ഹൈവേയ്ക്ക് കിഫ്ബിയിലൂടെ 3500കോടി രൂപ ചെലവഴിച്ചു. കോവളം മുതൽ കാസർകോട് ബേപ്പൂർവരെ 600 കിലോമീറ്റർ നീളത്തിൽ ജലപാത യാഥാർഥ്യമായി.
ഏതാനും വ്യക്തികളും വിഭാഗങ്ങളും എതിർത്താൽ പദ്ധതികൾ വേണ്ടെന്നുവയ്ക്കാൻ കഴിയില്ല. വികസനം മുടക്കുന്നവരോട് ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല. ചില സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ നഗരവികസനം മാത്രമല്ല ഇവിടെയുള്ളത്. ഗ്രാമവികസനത്തിനും വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. 10 ലക്ഷം കുട്ടികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്നത്. കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും. പാവപ്പെട്ടവർക്ക് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ 3.7 ലക്ഷം വീടാണ് കൈമാറിയത്. 2025ല് അതിദാരിദ്ര്യത്തിൽ നിന്ന് 64,000 കുടുംബങ്ങളെയും മോചിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.















