കൊച്ചി
ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ലഹരിയുടെ ഉറവിടങ്ങൾ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇറാനും. മക്രാൻ തീരം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പുറപ്പെടുന്നത് പ്രധാനമായും ഇറാനിലെ ചാബഹാർ തുറമുഖത്തുനിന്നും. ശ്രീലങ്ക, മാലദ്വീപ്, ഇന്തൊനേഷ്യ, ഓസ്ട്രേലിയവരെ നീളുന്നതാണ് ലഹരി മാഫിയ കണ്ണികൾ.ഓപ്പറേഷൻ സമുദ്രഗുപ്ത് ആരംഭിച്ചത് ലഹരി മാഫിയയെ പൂട്ടാനായിരുന്നു. ശ്രീലങ്കയുടെയും മാലദ്വീപിന്റെയും സഹകരണവും ഇതിനുണ്ട്. ഇതുവരെ നടത്തിയ പരിശോധനയിൽ ഏകദേശം 3200 കിലോഗ്രാം മെത്താംഫെറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് എന്നിവ പിടിച്ചെടുക്കാനായി.
കപ്പൽ മുക്കി; സ്പീഡ് ബോട്ടിൽ കടന്നു
കൊച്ചി
രാജ്യചരിത്രത്തിലെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ പിടിച്ച കേസിൽ പ്രതികൾക്കായി നാർക്കോടിക് കൺട്രോൾ ബ്യൂറോയും നേവിയും പരിശോധന തുടരുന്നു. കപ്പലിൽ പിടിയിലായ പാകിസ്ഥാൻ പൗരൻ സുബൈറിനെക്കൂടാതെ മറ്റുചിലരുമുണ്ടായിരുന്നു.
എൻഐബിയും നേവിയും പിടികൂടുമെന്ന് ഉറപ്പായതോടെ കപ്പൽ മുക്കാൻ ശ്രമിച്ച് സ്പീഡ് ബോട്ടിലും മറ്റൊരു ബോട്ടിലുമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സുബൈറിനെ അന്വേഷകസംഘം പിടിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇറാനിലെ ചാബഹാർ തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ കപ്പലിനായി എൻസിബിയും നേവിയും തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടിയിലാണ് സംശയാസ്പദ സാഹചര്യത്തിൽ കപ്പൽ കണ്ടത്.
യാത്ര അവസാനിപ്പിക്കാൻ നിർദേശം നൽകിയെങ്കിലും കൂട്ടാക്കിയില്ല. നേവിയും എൻസിബിയും വളയാൻ തയ്യാറെടുത്തു. ഇതിനിടയിലാണ് കപ്പൽ മുക്കാൻ ശ്രമിച്ച് അതിലുണ്ടായിരുന്നവർ കടന്നത്. വൻതോതിൽ ലഹരിമരുന്ന് കടത്താൻ ഉപയോഗിക്കുന്നതാണ് ഈ കപ്പൽ. നിശ്ചിതസ്ഥലത്ത് എത്തിയശേഷം ഇടപാടുകാർക്ക് സന്ദേശം നൽകും. ഇവർ ബോട്ടിലെത്തി കപ്പലിൽനിന്ന് മയക്കുമരുന്ന് ഇറക്കുന്നതുമാണ് രീതി.















